ഇനി കുങ്കുമപ്പൂക്കാഴ്ച !

വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (19:12 IST)
ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് പൊന്നിന്‍ നിറമുണ്ടാകുമെന്ന് കാലാകാലങ്ങളായി പറഞ്ഞുകേള്‍ക്കുന്നതാണ്. ഇതിന്‍റെ ആധികാരികതയെ കുറിച്ച് പറയാന്‍ കഴിയില്ല എങ്കിലും, സുരഭിലമായ പ്രകൃതിയെ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കുങ്കുമത്തിനാവുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
 
കുങ്കുമപ്പൂവ് കഴിക്കുന്നത് കാഴ്ചശക്തിയെ നിലനിര്‍ത്താനും അന്ധതയെ അകറ്റിനിര്‍ത്താനും സഹായിക്കുമെന്ന് ഗവേഷകരാണ് കണ്ടെത്തിയത്. ദിവസേന കുങ്കുമം കഴിക്കുന്നവരുടെ കണ്ണിലെ ലോലമായ കോശങ്ങള്‍ കൂടുതല്‍ രോഗപ്രതിരോധ ശേഷി നേടുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
 
കടുത്ത സൂര്യപ്രകാശം കണ്ണിലടിച്ച് ഉണ്ടാവുന്ന നേത്ര രോഗങ്ങള്‍ ഇല്ലാതാക്കാനും ജനിതക രോഗങ്ങള്‍ മൂലമുണ്ടാവുന്ന അന്ധതയുടെ കാഠിന്യം കുറയ്ക്കാനും ദിവസേന കുങ്കുമം കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷകര്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചു.
 
മനുഷ്യരില്‍ പ്രായാധിക്യം മൂലമുണ്ടാവുന്ന അന്ധതയെ പോലും കുങ്കുമപ്പൂവ് കഴിക്കുന്നതുകൊണ്ട് പ്രതിരോധിക്കാന്‍ ആവുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ശക്തിയേറിയ ഒരു ആന്‍റിഓക്സിഡന്‍റ് ആയ കുങ്കുമത്തിന്‍റെ നേത്ര സംരക്ഷണ ശേഷിയെ കൂടുതല്‍ അടുത്തറിയാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

വെബ്ദുനിയ വായിക്കുക