പുകവലിക്കല്ലേ....പെണ്ണ് കിട്ടില്ല!

Webdunia
ശനി, 14 ജൂണ്‍ 2014 (13:24 IST)
പുകവലി പുരുഷത്വത്തിന്റെ ലക്ഷണമാണെന്ന് കരുതിയിരുന്ന കാലമൊക്കെ പോയി. സെക്സിയായി പുരുഷന്മാരുടെ ലക്ഷണമായി നിർവചിക്കപ്പെട്ടിരുന്ന ഒന്നാണ് പുകവലി. എന്നാൽ ഇത് വെറും മിഥ്യാധാരണയാണെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.

പുകവലിയ്ക്കുന്ന സുഹൃത്തുക്കളോട് സംസാരിക്കാന്‍ പോലും തോന്നില്ലെന്നാണ് പലരും സർവേയില്‍ വ്യക്തമാക്കിയത്. പുകയിലയുടെ അസഹ്യമായ ഗന്ധവും പാസീവ് സ്‌മോക്കിംഗുമാണ് പെൺകുട്ടികളെ പിന്നോട്ടു വലിക്കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് സർവേ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17നും 25നും ഇടയില്‍ പ്രായമുള്ള 1800 കോളെജ് വിദ്യാര്‍ത്ഥിനികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇവരില്‍ 99.30ശതമാനം പേരും പുകവിക്കാരെ വിവാഹം കഴിയ്ക്കാന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞു.

0.7ശതമാനം പേർ മാത്രമാണ് വരന്‍ പുകവലിച്ചാലും പ്രശ്‌നമില്ലെന്ന് പറഞ്ഞത്. ഇത്തരക്കാര്‍ ഇത് പറയാന്‍ കാരണം വിവാഹശേഷം ഭര്‍ത്താവിന്റെ പുകവലി നിര്‍ത്തിക്കാം എന്ന വിശ്വാസമുള്ളതിനാലാണ്. പെണ്‍കുട്ടികളില്‍ 79ശതമാനം പേരും പുകവലിക്കുന്ന ആണ്‍കുട്ടികളെ സുഹൃത്തുക്കളായിപ്പോലും അംഗീകരിക്കാൻ തയാറല്ല. അതുകൊണ്ട് പഞ്ചാരയടിക്കണമെങ്കിലും കല്യാണം കഴിക്കണമെങ്കിലും പുകവലി നിർത്തിക്കോ, ഇല്ലെങ്കിൽ പെണ്ണ് കിട്ടില്ല.