ദിവസവും മൂന്ന് ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക... അധികമായാല്‍ വെള്ളവും വിഷം!

Webdunia
ബുധന്‍, 18 മെയ് 2016 (15:43 IST)
ആരോഗ്യകാര്യത്തില്‍ ഭക്ഷണത്തിനുള്ള പ്രധാന്യം വെള്ളത്തിനുമുണ്ട്. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്‌ക്കണമെന്നാണ് പറയുക. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് ഉത്തമമാണ്‍. എന്നാല്‍ പഴമക്കാര്‍ പറയുന്നപോലെ അധികമായാല്‍ അമൃതും വിഷമെന്ന കാര്യം ചില സമയങ്ങളില്‍ വെള്ളം കുടിയ്‌ക്കുന്ന കാര്യത്തിലും സംഭവിക്കും. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ വെള്ളം ശരീരത്തിലെത്തുന്നത്‌ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
 
വെള്ളം കൂടുതലായി കുടിയ്‌ക്കുന്നത്‌ ശരീരത്തില്‍ നിന്നും സോഡിയം അമിതമായി നഷ്ടപ്പെടുന്നതിന് കാരണമാകും. ഇത് നമ്മെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതുപോലെ തന്നെ വെള്ളം കൂടുതല്‍ കുടിയ്‌ക്കുമ്പോള്‍ വൃക്കകള്‍ക്കും കൂടുതലായി പ്രവര്‍ത്തിയ്‌ക്കേണ്ടി വരും. ഇത്‌ വൃക്കയുടെ ആരോഗ്യം ക്ഷയിപ്പിക്കുകയും കിഡ്‌നി പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. വെള്ളം കൂടുതലാകുമ്പോള്‍ ശരീരത്തിന്‌ വേണ്ട രീതിയില്‍ ധാതുക്കളെ ആഗിരണം ചെയ്യാന്‍ സാധിക്കില്ല. ഇത്‌ പോഷകക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
 
അമിതമായി വെള്ളം കുടിയ്‌ക്കുമ്പോള്‍ ശരീരത്തില്‍ രക്തത്തിന്റെ അളവ് ക്രമാതീതമായ തോതില്‍ വര്‍ദ്ധിക്കുകയും ഹൃദയത്തിനു മേല്‍ കൂടുതല്‍ സമ്മര്‍ദമേല്‍പ്പിക്കുകയും ചെയ്യും. അമിതമായ വെള്ളം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്‌ക്കുന്നു. ഇത്‌ തലവേദന, ശരീരവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. സാധാരണ ഗതിയില്‍ എട്ട് ഗ്ലാസ്‌ വെള്ളം വരെ ഒരു ദിവസം കുടിയ്‌ക്കാം. എന്നാല്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നവരും‍ വല്ലാതെ ചൂടുള്ള അന്തരീക്ഷത്തില്‍ ജോലിചെയ്യുന്ന ആളുകളും കൂടുതല്‍ വെള്ളം കുടിക്കുന്നത് നല്ലതാ‍ണ്. ഒരുപാട് വെള്ളം ഒരുമിച്ചു കുടിയ്‌ക്കരുത്‌. ചെറിയ ഇടവേളകളിലായി ചെറിയതോതിലായിരിക്കണം വെള്ളം കുടിയ്ക്കാന്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article