അസുഖങ്ങള്‍ മാറാനായി ജിവിതത്തില്‍ ഒരിക്കലെങ്കിലും ആന്റിബയോട്ടിക്‌സ് കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ആന്റിബയോട്ടിക്‌സുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടെങ്കിലും ചില ഘട്ടത്തില്‍ ഇതു കഴിച്ചേ തീരുവെന്ന അവസ്ഥ സംജാതമാകാറുണ്ട്. ആന്റിബയോട്ടിക്‌സിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണകരമാണ്. എന്നാല്‍ ചില ഭക്ഷണങ്ങളാകട്ടെ ശരീരത്തിന് വലിയ ദോഷമാണ് ഉണ്ടാക്കുക. ഏതെല്ലാം ഭക്ഷണങ്ങളാണ് ആന്റിബയോട്ടിക്‌സ് കഴിക്കുന്ന വേളയില്‍ ഒഴിവാക്കേണ്ടതെന്ന് നോക്കാം.
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് പാല്‍. എന്നാല്‍ ആന്റിബയോട്ടിക്‌സിനൊപ്പം പാലോ പാല്‍ ഉല്‍പ്പന്നങ്ങളോ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ഇതുമൂലം കഴിക്കുന്ന മരുന്നിന്റെ ഗുണം കുറയുമെന്നു മാത്രമല്ല, വയറ്റില്‍ പല തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുകയും ചെയ്യും. അതുപോലെ ഓറഞ്ച്, തക്കാളി, ചെറുനാരങ്ങ എന്നിങ്ങനെയുള്ള അസിഡിക് ഭക്ഷണങ്ങളും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ കഴിക്കരുത്. അസിഡിക് ഭക്ഷണങ്ങള്‍ കഴിക്കുന്നതുമൂലം ശരീരം ആന്റിബയോട്ടിക്‌സ് ആഗിരണം ചെയ്യുന്നതു പതുക്കെയാക്കുകയും ചെയ്യും.
അയേണ്‍, കാല്‍സ്യം തുടങ്ങിയ സപ്ലിമെന്റുകള്‍ ആന്റിബയോട്ടിക്‌സിന്റെ ഗുണം കുറയ്ക്കും. ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഇത്തരം സപ്ലിമെന്റുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമമാണ്. പരിപ്പ്, ധാന്യവര്‍ഗങ്ങള്‍ എന്നിവയും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കണം. ഇവ ആന്റിബയോട്ടിക്‌സ് ദഹിയ്ക്കുന്നതു പതുക്കെയാക്കും. സോഫ്റ്റ് ഡ്രിങ്ക്‌സ്, ചോക്ലേറ്റ് എന്നിവയും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുന്ന സമയത്ത് കഴിക്കരുത്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ അസിഡിറ്റിയുള്ളതായതിനാല്‍ വയറിന് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനു കാരണമായേക്കും.
ആന്റിബയോട്ടിക്‌സ് കഴിയ്ക്കുന്ന സമയങ്ങളില്‍ മദ്യം ഒഴിവാക്കുന്നത് വളെരെ നല്ലതാണ്. ഈ സമയത്തു മദ്യം കഴിക്കുകയാണെങ്കില്‍ ഛര്‍ദി, വയറ്റില്‍ അസ്വസ്ഥത, തലവേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കഫീന്‍ സാന്നിധ്യം ധാരാളമുള്ളതിനാല്‍ ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ കാപ്പിയും ഒഴിവാക്കാന്‍ ശ്രമിക്കണം. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ശീലമാക്കേണ്ടത്. ഇത് ക്ഷീണം കുറയുന്നതിനും രോഗം വേഗത്തില്‍ മാറാനും സഹായകമായേക്കും.