എന്റെ ''കരളേ'' നീയാണെന്റെ ജീവന്‍

Webdunia
ബുധന്‍, 4 മാര്‍ച്ച് 2015 (16:48 IST)
കരളിനെ പൊന്നു പോലെ കാക്കണമെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്. കാലം മാറിയതോടെ ഭക്ഷണത്തിന്റെ രുചിയില്‍ മാത്രമല്ല ഭക്ഷണ ക്രമത്തിലും മാറ്റങ്ങള്‍ കടന്നുവന്നു. ഫാസ്‌റ്റ് ഫുഡുകള്‍ കടന്നു വന്നതും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താത്തതും മൂലം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടി. ഒരു കാലത്ത് മദ്യപിക്കുന്നവരില്‍ ആയിരുന്നു കൂടുതലായും കരള്‍ രോഗം കണ്ടിരുന്നത്. ഇന്ന് മദ്യം ഉപയോഗിക്കാത്തവരിലും കൊഴുപ്പ് അടിയുകയും അവര്‍ കരള്‍ രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്. ഇതിനെല്ലാം കാരണം നമ്മളുടെ ഭക്ഷണക്രമം തന്നെ.

കരളിനെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയുക വളരെ പ്രയാസമാണ്. രോഗം ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും അവ തിരിച്ചറിയാന്‍ താമസമുണ്ടാകും. കടുത്ത ക്ഷീണവും, ഭാരം നഷ്‌ടപ്പെടലും, അടിവയറിന് മുകളില്‍ വലതു വശത്തായി വേദനയും അനുഭവപ്പെടുന്നത് ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്. എന്നാല്‍ 8-15ശതമാനം പേര്‍ക്ക് മാത്രമേ ലിവര്‍ സിറോസിസ് പിടിപെടുകയുള്ളുവെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. കൊളസ്‌ട്രോളും പ്രമേഹവും രോഗകാരണമായി പറയുന്നുണ്ടെങ്കിലും പൊണ്ണത്തടി മൂലമുണ്ടാകുന്ന ഇന്‍സുലിന്‍ പ്രതിരോധം ലിവര്‍ സിറോസിസിന് കാരണമാകുന്നുണ്ടെന്ന് വ്യക്തമാണ്.

ചിട്ടയായ ഭക്ഷണരീതിയും ജീവിത ക്രമവുമാണ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള ഏക മാര്‍ഗം. അമിതവണ്ണം ഒഴിവാക്കുക, വ്യായാമം ചെയ്യുന്നതില്‍ മടി കാണിക്കാതെ പതിവാക്കുക, ശരീരത്തിന് ആരോഗ്യം പകരുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, മദ്യപാനം പരമാവധി കുറയ്‌ക്കുക എന്നിവയാണ് രോഗത്തെ തടയാനുള്ള ഏക പോംവഴി. കൂടാതെ ഫാസ്‌റ്റ് ഫുഡുകള്‍ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ശ്രദ്ധിക്കുന്നതും കരള്‍ രോഗത്തെ ഒഴിവാക്കി നിര്‍ത്തുന്നതിന് സഹായകമാകും.

എന്താണ് കരള്‍:

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വലതുവശത്ത് വയറിനു മുകളില്‍ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകള്‍ക്കു അടിയിലാണ് കരളിന്റെ സ്ഥാനം. ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ തികച്ചും നിശ്ചലമായി പ്രവര്‍ത്തിക്കുന്ന കരള്‍ ശരീരത്തിലെ രാസപരീക്ഷണശാല കൂടിയാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനൊപ്പം ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നതിലും കരള്‍ പങ്കു വഹിക്കുന്നു. സ്വയം സഹനശേഷിയും പുനരുജ്ജീവനശേഷിയുമുള്ള കരളിന്റെ പ്രവര്‍ത്തനം മൂലമാണ്  മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിര്‍മ്മിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.