സംസ്ഥാനത്ത് കഠിനമായ ചൂടും വരള്‍ച്ചയും രൂക്ഷമായിരിക്കുകയാണ്. ചൂടില്‍ നിന്നും രക്ഷനേടാന്‍ പരക്കം പായുകയാണ് ജനങ്ങള്‍. നമ്മുടെ ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വെയിലത്തു നിന്ന് വന്ന ഉടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ തണുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണം കഴിക്കുന്നതാണെന്ന കാര്യവും മനസിലാക്കേണ്ടതാണ്.
ഏതെല്ലാം ഭക്ഷണങ്ങളാണ് ഈ കാലയലവില്‍ കഴിക്കേണ്ടതെന്ന് നോക്കാം...
* പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
* വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നതാണ് ഏറെ ഉത്തമം. കുട്ടികള്‍ക്ക് ഇത് ഇഷ്ട്മല്ലെങ്കില്‍ പാല്‍കഞ്ഞിയായും നല്‍കാം.
* പച്ചക്കറികള് കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജലാംശം കൂടുതലുള്ള പച്ചക്കറികളും ഇലക്കറികളും ശീലമാക്കാം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവയാണ് കൂടുതല്‍ നല്ലത്.
* തൈരും മോരും ധാരാളമായി ഉപയോഗിക്കാം. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാംസാഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. ഇനി അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ ആട്ടിറച്ചി ഉപയോഗിക്കാം. അതുപോലെ മത്സ്യം ഉപയോഗിക്കുന്നതും ഉത്തമമാണ്.