ഒട്ടുമിക്ക ആളുകള്‍ക്കും മൊരിച്ച ഭക്ഷണങ്ങളോട് പ്രിയമേറാറുണ്ട്. മൊരിച്ച ഭക്ഷണസാധനങ്ങള്‍ക്കു രുചി കൂടുതലാണെന്നതാണ് അതിന് കാരണം. സാധാരണയായി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് ടോസ്റ്റ് ബ്രെഡ്. നോണ്‍സ്റ്റിക്ക് പാനില്‍ അല്‍പം നെയ്യ് പുരട്ടി അല്‍പം ബ്രൗണ്‍ നിറമായ ബ്രെഡ് രുചിയുടെ കാര്യത്തില്‍ മുന്‍പനാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. എന്നാല്‍ കാര്‍ബോഹൈഡ്രേററുകള്‍ ധാരാളമടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ മൊരിച്ചു കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാനെന്നുമാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കാര്‍ബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ 120 ഡിഗ്രിയില്‍ കൂടുതല്‍ ചൂടിനുമുകളില്‍ പാചകം ചെയ്യുന്ന വേളയില്‍ ഇതില്‍ നിന്ന് അക്രിലമൈഡ് എന്ന രാസവസ്തുവു ഉല്പാദിപ്പിക്കുമെന്നും ഇത് ക്യാന്‍സറിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. വെളുത്ത ബ്രെഡില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതേസമയം ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ബ്രെഡില്‍ ഈ ദോഷമില്ലെന്നും പഠനങ്ങള്‍ പറയുന്നു. ഉരുളക്കിഴങ്ങിലും കാര്‍ബോഹൈഡ്രേറ്റടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് മൊരിച്ച് കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.