ശീതീകരിച്ച ഭക്ഷണം ആരോഗ്യകരമോ ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ !

Webdunia
വെള്ളി, 23 ജൂണ്‍ 2017 (12:27 IST)
ആഹാരം, വ്യായാമം, നിദ്ര, ബ്രഹ്മചര്യം എന്നിവയെയാണ് ശരീരത്തെ താങ്ങിനിര്‍ത്തുന്ന അല്ലെങ്കില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത നാലു തൂണുകളായി ആയുര്‍വേദാചാര്യന്മാര്‍ വിശേഷിപ്പിച്ചത്. ഇവ വേണ്ടപോലെയിരുന്നാല്‍ മാത്രമെ ശരീരത്തിന്റെ സ്വഭാവികാവസ്ഥയായ ആരോഗ്യം-സ്വാസ്ഥ്യം-അനുഭവപ്പെടുകയുള്ളൂ. അല്ലത്ത പക്ഷമാണ് രോഗം അനുഭവപ്പെടുന്നത്. ഈ നാലു തൂണുകളില്‍ പ്രഥമ പരിഗണന ആഹാരത്തിനു തന്നെയാണുള്ളത്. ശരീരത്തിന്റെ ബലത്തിനും പുഷ്ടിക്കും വേണ്ടിയാണ് നമ്മള്‍ ആഹാരം കഴിക്കുന്നത്.
 
വെയിലത്തു നിന്ന് കയറി വന്നയുടന്‍‌തന്നെ തണുത്ത ആഹാരം കഴിയ്ക്കരുത്. പെട്ടെന്ന് തണുത്ത ആഹാരം അകത്തേയ്ക്ക് ചെല്ലുമ്പോള്‍ തണുപ്പ് തുലനം ചെയ്യാന്‍ വേണ്ടി കൂടുതല്‍ ചൂട് ശരീരം ഉല്പ്പാദിപ്പിക്കുന്നു. ഇത് അസുഖങ്ങള്‍ക്ക് കാരണമാകാം. ശീതീകരിച്ച(ഫ്രോസന്‍) ഭക്ഷണസാധനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയ എല്ലാ തരങ്ങളും ഇത്തരത്തില്‍ ഉണ്ട്. എന്നാല്‍ ഇവയുടെ പോഷകമൂല്യത്തെക്കുറിച്ച് പലര്‍ക്കും സംശയങ്ങളുണ്ട്. 
 
ശീതകരിച്ച ഭക്ഷണസാധനങ്ങള്‍ ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവയുടെ പോഷക ഗുണം. ഐസ്‌ക്രീം തണുപ്പിച്ചേ കഴുക്കാനാവൂ. അതുപോലെ ഫലവര്‍ഗങ്ങള്‍ ശീതീകരിച്ചാലും അവയുടെ പോഷകമൂല്യം നഷ്ടപ്പെടുന്നില്ല. ആപ്പിള്‍ ശീതീകരിച്ചത് വാങ്ങിയാലും അവ തണുപ്പുമാറ്റി കഴിക്കാം. അവയുടെ പോഷകം നഷ്ടപ്പെടുകയില്ല. എന്നാല്‍ മാംസം, മത്സ്യം, കടല്‍ വിഭവങ്ങള്‍ എന്നിവ ശീതീകരിച്ച രൂപത്തില്‍ വാങ്ങിയാല്‍ അവയുടെ പോഷകമൂല്യം പുതുതായി വാങ്ങുന്നവയെ അപേക്ഷിച്ച് കുറവായിരിക്കും. 
 
എന്തെന്നാല്‍ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ശീതികരിക്കുന്നത് പ്രധാനമായും സോഡിയത്തിന്റെ സഹായത്തോടെയായിരിക്കും. കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ക്കും ഹൈപ്പര്‍ടെന്‍ഷനുള്ളവര്‍ക്കും ഇത്തരം ഭക്ഷണം നല്ലതല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശീതീകരിച്ച മാംസത്തിന് ചെറിയ റോസ് നിറമുള്ളത് സോഡിയം നൈട്രൈറ്റ് എന്ന രാസവസ്തു ചേര്‍ക്കുന്നതു കൊണ്ടാണ്. ശരിയായ താപനിലയിലല്ലാതെയാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതെങ്കില്‍ അവയുടെ ഉള്ള് ചീഞ്ഞുതുടങ്ങിയിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. 
 
ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ വാങ്ങുന്ന വേളയില്‍ അവ പാക്ക് ചെയ്ത തീയതി നിര്‍ബന്ധമായും നോക്കണം. അതുപോലെ  വാങ്ങിയ ശേഷം കഴിവതും പെട്ടെന്ന് തന്നെ അവ ഉപയോഗിച്ചു തീര്‍ക്കുകയും വേണം. തീയതി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കടയില്‍ നിന്നു വാങ്ങിയാല്‍ തണുപ്പു മാറുന്നതിന് മുന്‍പ് ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മത്സ്യ, മാംസപദാര്‍ത്ഥങ്ങള്‍ ഫ്രീസറിലും പച്ചക്കറികള്‍ ഫ്രിഡ്ജിലുമാണ് സൂക്ഷിക്കേണ്ടതെന്ന കാര്യം ഓര്‍ക്കുകയും വേണം. 
Next Article