ഗര്‍ഭകാലത്തെ ശാരീരിക പ്രശനങ്ങള്‍ ഇവയാണോ? പരിഹാരമുണ്ട് !
വ്യാഴം, 3 ഓഗസ്റ്റ് 2017 (15:36 IST)
ഒരു സ്‌ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത് അവള്‍ വിവാഹിതയായി ഒരു അമ്മയാകുമ്പോള്‍ മാത്രമാണ്. ഗര്‍ഭകാലത്തെ ശാരീരിക പ്രശനങ്ങളും പ്രസവവേദനയും ഓര്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് ടെന്‍ഷനാണ്. ഗര്‍ഭിണികളില്‍ സാധാരണയായി കണ്ടുവരുന്ന ചില പ്രശ്‌നങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും എന്തൊക്കെയാണെന്നു നോക്കാം.
ഭൂരിഭാഗം സ്ത്രീകളിലും കണ്ടുവരുന്ന ശാരീരിക പ്രശ്നമാണ് ഓക്കാനവും ഛര്‍ദ്ദിയും ആദ്യത്തെ ഒന്നു മുതല്‍ നാലുമാസക്കാലത്താണ് ഇത് കൂടുതലും കാണപ്പെടുന്നത്. മിക്കവരിലും ഓക്കാനം രാവിലെയാണ് കൂടുതലായി കാണുന്നത്. ശരീരത്തിലെ ഹ്യൂമണ്‍ കോറിയാണിക് ഗൊണാഡോടോഫിന്‍ എന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന വര്‍ധനവാണ് ഇതിന് പ്രധാന കാരണം. ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതും ഓക്കാനവും ഛര്‍ദ്ദിയും കുറയ്‌ക്കാന്‍ സഹായിക്കും.
ഗര്‍ഭകാലത്തിന്റെ അവസാന ആഴ്‌ചകളില്‍ നെഞ്ചെരിച്ചില്‍ പോലെയുള്ള രോഗങ്ങളും കാണാറുണ്ട്. വലിപ്പം കൂടിയ ഗര്‍ഭപാത്രം ആമാശയത്തില്‍ മര്‍ദ്ദം ചെലുത്തുന്നതുമൂലമാണിതുണ്ടാകുന്നതെന്ന് വിദ്ഗ്ദര്‍ അഭിപ്രായപ്പെടുന്നു. നെഞ്ചിന്‍കൂടിന്റെ മധ്യഭാഗത്തായിട്ടാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. കൂടുതല്‍ നേരം കുനിഞ്ഞുനിന്ന് ജോലിചെയ്യുന്നത് ഒഴിവാക്കുന്നതും, ഇടതുവശം ചരിഞ്ഞുകിടക്കുമ്പോള്‍ ആമാശത്തിനുമേല്‍ കരളിന്റെ മര്‍ദ്ദം കൂടിവരും അതുകൊണ്ട് വലതുവശം ചരിഞ്ഞുകിടക്കുക. നെഞ്ചെരിച്ചില്‍ വളരെ കൂടുതലാണെങ്കില്‍ ഡോക്‌ടറെ കാണണം.
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ കാണുന്ന മറ്റൊരു ശാരീരിക പ്രശനമാണ് മലബന്ധം. കുടലിന്റെ ചലനങ്ങള്‍ മന്ദഗതിയിലാവുന്നതാണ് ഇതിന്റെ പ്രധാനകാരണം. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക, തുടങ്ങിയവ ശ്രദ്ധിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകും. രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും അല്‍പ്പം നടക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.
ഗര്‍ഭകാലങ്ങളില്‍ സാധാരണ കണ്ടുവരുന്ന അസുഖങ്ങളില്‍ മറ്റൊന്നാണ് നടുവേദന. ഗര്‍ഭാശയത്തിന്റെ വലുപ്പവും ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇതിന്റെ കാരണം . ഒരുപാട് സമയം നില്‍ക്കാതിരിക്കുക, അധികം ഉയരമില്ലാത്ത ചെരുപ്പുകള്‍ ധരിക്കുക, കിടക്കുമ്പോള്‍ ഒരു വശം ചെരിഞ്ഞ് കിടക്കുക ഇതൊക്കെ നടുവേദനയെ ഇല്ലാതാക്കും.
അതുപോലെ പ്രധാനമായി കണ്ടുവരുന്ന പ്രശ്നമാണ് കാലുകളിലെ മരവിപ്പ്. ഇത് കൂടൂതലായി കണ്ടുവരുന്നത് ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളിലാണ്. രക്തയോട്ടം കുറയുന്നതാണ് ഇതിന് പ്രധാനകാരണം. ഇങ്ങനെ വരുന്ന സമയങ്ങളില്‍ ചെറുതായി കാലുകള്‍ മസാജ് ചെയുക, കാല്‍പ്പാദങ്ങള്‍ക്ക് വ്യായാമം നല്‍കുക, കിടക്കുന്നതിന് മുന്‍പ് ചൂടുവെള്ളത്തില്‍ കുളിക്കുക.
സ്ത്രീകളില്‍ കൂടുതല്‍ പേരും നേരിടുന്ന ഒരു പ്രശനമാണ് തലകറക്കം. ഗര്‍ഭിണികള്‍ കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്തപ്രവാഹം കൂടുകയും തലച്ചോറിലേക്കുള്ളത് കുറയുകയും ചെയുന്നതാണ് ഇതിന്റെ പ്രധാനകാരണം. അതിനാല്‍ ഗര്‍ഭിണികള്‍ കൂടുതല്‍ സമയം നില്‍ക്കാതിരിക്കുക.