എന്താണ് ഫോബിയ ? ഇതാ പലതരം ഫോബിയകളും അതിനുള്ള ചികിത്സാമാര്‍ഗങ്ങളും!

വെള്ളി, 17 ജൂണ്‍ 2016 (11:33 IST)
ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് ഫോബിയ(അകാരണഭീതി). മനുഷ്യരിൽ ഇരുപത്തിയഞ്ചു ശതമാനം ആളുകളിലും എന്തെങ്കിലും തരത്തിലുള്ള ഫോബിയ കാണപ്പെടുന്നുണ്ട്. പ്രതീക്ഷിക്കാതെ ഒരു സാഹചര്യത്തിൽപ്പെടുകയോ പെട്ടെന്നു് ഒരു വസ്തുവിനെ കാണുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന യുക്തിരഹിതമായ തീവ്ര ഭയമാണ് ഫോബിയ എന്നറിയപ്പെടുന്നത്.
 
അമിതഭയം മൂലം അപകടാവസ്ഥയിൽ ശരീരം തളരുകയും സ്വാഭാവികപ്രവർത്തനമായ ഭയത്തെ ഉൾക്കൊള്ളാനാകാതെ വരുകയും ചെയ്യുന്നതാണ് ഫോബിയ. നൂറുകണക്കിനു തരം ഫോബിയകളാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. എന്നിരുന്നാലും ഇവയെല്ലാം ചേര്‍ത്ത് അക്രോ ഫോബിയ, സോഷ്യൽ ഫോബിയ, സ്‌പെസിഫിക് ഫോബിയ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
അക്രോഫോബിയ അഥവാ ഉയര്‍ന്ന സ്ഥലങ്ങളോടുള്ള ഭയം: ഇത്തരക്കാര്‍ ഉയരത്തെ ഭയക്കുന്നു. മരത്തില്‍ കയറാനും ടെറസില്‍ കയറാനുമെല്ലാം ഇവര്‍ക്ക് ഭയമായിരിക്കും
 
അമാക്സോ ഫോബിയ അഥവാ വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള ഭയം: ഇത്തരക്കാര്‍ക്ക് ഡ്രൈവിങ്ങിനോ മറ്റോ വലിയ ഭയമായിരിക്കും. ഒരു വാഹനം മറു ദിശയില്‍ നിന്ന് വരുന്നത് കണ്ടാല്‍ റോഡിന്റെ ഒരു വശത്തേക്ക് മാറിനിന്ന് വാഹനം തിരിച്ച് പോയതിന് ശേഷം മാത്രം കാല്‍ അനക്കുന്നവര്‍ ഇതില്‍ പെട്ട മറ്റൊരു വിഭാഗമാണ്. എല്ലായ്പ്പോഴും ഡ്രൈവര്‍മാരേയും അവരുടെ കഴിവിനേയും പറ്റി വല്ലാതെ  വാചാലരാകുന്നവരാണ് ഇത്തരക്കാര്‍.
 
ആസ്ട്രോ ഫോബിയ അല്ലെങ്കില്‍ ഇടി, മിന്നല്‍, മഴ, കാറ്റ് എന്നിവയോടുള്ള ഭയം: ചെറിയ ഒരു മിന്നല്‍ കാണുമ്പോഴേക്ക് പുതപ്പ് മൂടി കണ്ണടച്ച് കിടക്കുക, ഇടി കേട്ടാല്‍ ഇരു ചെവികളും പൊത്തി ഒളിക്കുക, കാറ്റടിച്ചാല്‍ ആര്‍ത്ത് വിളിക്കുക, മഴ വന്നാല്‍ പുറത്തിറങ്ങി കളിക്കുന്നതിന് പകരം ഓടിമറയുക ഇത്തരത്തിലുള്ളവരാണ് “അസ്ട്രോ ഫോബിയ’ക്കാര്‍ എന്നറിയപ്പെടുന്നത്.
 
സൈനോ ഫോബിയ: തെരുവിലൂടെ നടക്കുമ്പോഴെങ്ങാനും വിദൂരത്തു നിന്ന് പോലും ഒരു നായയെ കണ്ടാല്‍ ഇവര്‍ തങ്ങളുടെ വഴി തിരിച്ചുവിടും. നായ കടിക്കാതെയും കുരയ്ക്കാതെയും തന്നെ വഴിമാറി സഞ്ചരിക്കുന്ന വിഭാഗക്കാരാണ് ഇവര്‍.
 
ഡിമന്റോ ഫോബിയ: മാനസിക രോഗങ്ങളെക്കുറിച്ച് കേള്‍ക്കാനും, പറയാനും ഇത്തരക്കാര്‍ക്ക് ഇഷ്ടമല്ല. എന്ത് ശാരീരിക രോഗം വന്നാലും ഇവര്‍ക്ക് മാനസിക രോഗങ്ങളെ അതിയായ ഭയമാണ്. 
 
പൈറോ ഫോബിയ: മെഴുകുതിരി പോലും കത്തിച്ച് വെച്ചാല്‍ അതിനടുത്തേക്ക് അടുക്കാന്‍ ഭയക്കുന്നവര്‍, ഇരുട്ടില്‍ ഇരുന്നാല്‍ പോലും തീരെ വെളിച്ചം കണ്ടുകൂടാത്തവര്‍, ഇത്തരക്കാര്‍ ഫോബിയ രോഗത്തിലെ ഒരു വിഭാഗം ആളുകളാണ്. തീയോടുള്ള അമിത ഭയം കാരണം അടുപ്പിനടുത്തേക്ക് പോലും അടുക്കാന്‍ ഇവര്‍ ഭയക്കുന്നു.
 
തനാറ്റോ ഫോബിയ: ഒരു സിംഹത്തെ തന്നെ നേരിടാന്‍ ഇവര്‍ തയ്യാറാണെങ്കിലും മരണത്തെ അതിയായി ഇവര്‍ ഭയക്കുന്നു. ഇത്തരക്കാരാണ് താനാറ്റോ ഫോബിയ വിഭാഗത്തില്‍ പെടുന്നത്.
 
ആല്‍ഗോ ഫോബിയ: സിംഹവും, പുലിയും വേദനയാക്കുന്നില്ലെങ്കില്‍ അവരോടൊത്ത് എത്ര കാലവും ജീവിക്കാന്‍ ഇവര്‍ തയ്യാറായിരിക്കും. അഥവാ വേദന എന്നത് ഇവരുടെ വില്ലനാണ്. ഒരു ചെറിയ കല്ല് പിടിക്കാന്‍ പോലും ഇത്തരക്കാരോട് ആവശ്യപ്പെട്ടാല്‍ തയ്യാറായിക്കൊള്ളണമെന്നില്ല. കാരണം, എവിടെയെങ്കിലും തട്ടി വേദനിച്ചാലോ എന്നിവര്‍ ആലോചിക്കും. അധ്യാപകന്‍ അടിക്കുമ്പോള്‍ കൈ വലിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലപ്പോഴും ഈ രോഗം കാണാറുണ്ട്.
 
ഡെന്റോ ഫോബിയ: പല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളേയും പല്ലു ഡോക്ടര്‍മാരേയും വളരെയേറെ ഭയക്കുന്ന വിഭാഗക്കാരാണ് ഈ ഫോബിയക്കാര്‍.
 
ഹീമോ ഫോബിയ: മുറിവുകളേയും രക്തത്തിനേയും വളരെയേറെ ഭയപ്പെടുന്നവരാണ് ഇത്തരക്കാര്‍. മറ്റൊരാളുടെ ശരീരത്തില്‍ നിന്നുള്ള രക്തമോ മുറ്വോ കണ്ടാല്‍പ്പോലും ഇത്തരക്കാര്‍ വളരെയേറെ ഭയപ്പെടുന്നു.
 
ഒന്നിലധികം ഫോബിയകളുള്ള ആളുകള്‍ തങ്ങളുടെ ഫോബിയകളെ രേഖപ്പെടുത്തി വെക്കുകയും അനാവശ്യമായവയെ ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഫോബിയ പല തടസ്സങ്ങള്‍ക്കും കാരണമാകും.
 
പ്രധാനമായും ഫോബിയകള്‍ വിജയത്തിലേക്കുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുകയും  സമൂഹത്തില്‍ നമ്മെ ഒരപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ ആളുകള്‍ അനിഷ്ട ഭാവത്തോടെ പെരുമാറുകയും ജീവിതത്തില്‍ സന്തോഷം നശിക്കുകയും നേട്ടങ്ങളെ അപ്രാപ്യമാക്കുകയും നല്ല ബന്ധങ്ങള്‍ നിര്‍മിക്കാന്‍ കഴിയാതെവരുകയും ചെയ്യുന്നു. കൂടാതെ ഇത്തരക്കാര്‍ക്ക് സ്വസ്ഥമായി ഒന്നും ചെയ്യാന്‍ കഴിയാതെ വരുകയും ഇത് മാനസിക സമ്മര്‍ദ്ദം കൂടാന്‍ കാരണമാകുകയും ചെയ്യുന്നു.
 
കൊഗ്‌നിറ്റീവ് ചികിത്സയും, പെരുമാറ്റ ചികിത്സയുമാണ് പ്രധാനമായും ഇത്തരം ഫോബിയക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നത്. ഇതുമൂലം അവരില്‍ കാര്യമായ മാറ്റങ്ങള്‍ വരാന്‍ സാധ്യതകൂടുതലാണ്. അതുപോലെതന്നെ ഒരു മാനസികരോഗ വിദഗ്ദന്റെ ഉപദേശം തേടുന്നതും ഇത്തരക്കാരെ സാധാരണ രൂപത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. കൂടാതെ ഹോമിയോപ്പതിയിലും മറ്റും ഇത്തരം അസുഖങ്ങള്‍ക്കായി നിരവധി ചികിത്സാരീതികളുണ്ട്. വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്ത് ചെയ്താല്‍ ഇത്തരത്തിലുള്ള അസുഖങ്ങളില്‍ നിന്നും മുക്തിനേടാന്‍ കഴിയും.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക