വെയിലേറ്റ് തളര്‍ന്നു വരുമ്പോള്‍ കുറച്ച് വെള്ളം കുടിച്ചാല്‍ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കുക എന്നത് അസാധ്യമാണ്. വെള്ളം കുടിക്കാന്‍ പോലും സമയമില്ലാത്ത ഒരു തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത്. എന്തിനാണ് ഇത്രയധികം വെള്ളം കുടിക്കുന്നതെന്നാണ് അവരുടെ ചോദ്യം. ധാരാളം വെള്ളം കുടിക്കണമെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കുമ്പോള്‍ അവരോട് ദേഷ്യം തോന്നാറുണ്ടോ? എങ്കില്‍ ഇനിയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക.
നമ്മുടെ ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കുന്നതില്‍ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമാണല്ലോ നന്നായി വിയര്‍ക്കുക എന്നത്. വെള്ളം അധികം കുടിക്കുന്നവര്‍ വിയര്‍ക്കുന്നതിലൂടെ തങ്ങളുടെ ശരീരം ‘റീഫ്രെഷ്‘ ചെയ്യുകയാണെന്ന് ഓര്‍ക്കുക. കുടാതെ കുടലിലൂടെ ഭക്ഷണത്തിന് സുഗമമായി സഞ്ചരിക്കാന്‍ വെള്ളം സഹായിക്കുന്നുണ്ട്.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുമ്പോഴാണ് ക്ഷീണവും തളര്‍ച്ചയുമൊക്കെ അനുഭവപ്പെടുന്നത്. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ജലാംശം ആവശ്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും സ്വേദഗ്രന്ഥികളുടെ പ്രവര്‍ത്തനം ശരിയായി നടക്കാനും ചര്‍മ പാളികള്‍ക്കിടയിലെ കൊഴുപ്പ് നിലനിര്‍ത്തുന്നതിനും ശരിയായ അളവില്‍ വെള്ളം കുടിക്കണം. മുടിയുടെ അഴകിനും വെള്ളം ആവശ്യമാണ്. മുടിയുടെ തലയോട്ടിലെ വേരുകള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ ഇത് സഹായിക്കുന്നുണ്ട്.