ഗുരുഗോപിനാഥ് ജന്മശതാബ്ദി ആഘോഷിച്ചു

പ്രസിദ്ധ നര്‍ത്തകനും നൃത്താചാര്യനുമായ ഗുരുഗോപിനാഥിന്‍റെ ജന്മശതാബ്ദി അക്മിയുടെ (കലാദര്‍പ്പണം) ആഭിമുഖ്യത്തില്‍ എറണാകുളത്ത് ആഘോഷിച്ചു. ജന്മശതാബ്ദി സമ്മേളനം, പുസ്തക പ്രകാശനം, ഗുരുജി അനുസ്മരണ സമ്മേളനം, കേരള നടനം അവതരണം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

പ്രമുഖ ചിത്രകാരനും സാംസ്കാരിക നായകനുമായ എം.വി.ദേവനാണ് ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പ്രതിഭയുടേയും കഠിന പ്രയത്നത്തിന്‍റെയും മികവു കൊണ്ടാണ് ഗുരുഗോപിനാഥിനെ പോലുള്ള ഒരു മഹാ ആചാര്യന്‍ ഈ ലോകത്തില്‍ ഉണ്ടായതെന്നും അദ്ദേഹം നല്‍കിയ അമൂല്യമായ സംഭാവനകളെ കുറിച്ച് ഇനിയും ഗൌരവതരമായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ദേവന്‍ പറഞ്ഞു.

തൃപ്പൂണിത്തുറ എം.എല്‍.എ ബാബു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡോ.വി.എസ്.ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. കലാദര്‍പ്പണം രവീന്ദ്രനാഥ്, ഗുരു ഗോപാലകൃഷ്ണന്‍, ലക്ഷ്മി കുമാരി, ദൂരദര്‍ശന്‍ കേന്ദ്ര തൃശൂര്‍ നിലയം ഡയറക്‍ടര്‍ രാഘവന്‍, പ്രൊഫ.സുകുമാരന്‍, ടി.ശശിമോഹന്‍ എന്നിവര്‍ സംസാരിച്ചു.

ഗുരുഗോപാലകൃഷ്ണന്‍റെ ഗുരുപൂജയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. പി.ഭാസ്കരന്‍ എഴുതിയ ഗുരുചരണപൂജ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഗുരുപൂജ.

തൈപ്പറമ്പില്‍ ഗോപാലന്‍ കുട്ടി മേനോന്‍ ഗുരുവിനെ കുറിച്ചെഴുതിയ കവിത അവതരിപ്പിച്ച് കാവ്യാഞ്ജലി നടത്തി.


കുസുമം ഗോപാലകൃഷ്ണന്‍ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ച കേരള നടനം എന്ന പുസ്തകങ്ങളുടെ പ്രകാശനമായിരുന്നു ചടങ്ങിലെ പ്രധാന ഇനം. മലയാള പുസ്തകം കന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുന്‍ ഡയറക്‍ടര്‍ ലക്ഷ്മി കുമാരിയില്‍ നിന്നും ഗുരുജിയുടെ ഇളയമകള്‍ വിനോദിനി ശശിമോഹന്‍ ഏറ്റുവാങ്ങി. ഇംഗ്ലീഷ് പുസ്തകം ദൂരദര്‍ശന്‍ ഡയറക്‍ടര്‍ രാഘവനില്‍ നിന്ന് പ്രൊഫ.സുകുമാരന്‍ ഏറ്റുവാങ്ങി.

ഉച്ചയ്ക്ക് ശേഷം നടന്ന ഗുരു അനുസ്മരണ സമ്മേളനം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗാന്ധിയന്‍ .... മാരാര്‍ അധ്യക്ഷനായിരുന്നു. ചേറ്റൂര്‍ രാധാകൃഷ്ണന്‍, ഭവാനി ചെല്ലപ്പന്‍, കലാമണ്ഡലം പ്രഭാകരന്‍, മണ്ണഞ്ചേരി ദാസന്‍, ത്രിപുരസുന്ദരി, ഗോപിനാഥ്, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

മധുസൂദനന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്നെത്തിയ സംഘത്തിന്‍റെ കേരള നടനവും മണ്ണഞ്ചേരി ദാസന്‍റെ ഓട്ടന്‍‌തുള്ളലും ഉണ്ടായിരുന്നു.


വെബ്ദുനിയ വായിക്കുക