ഗുരുഗോപിനാഥിന്‍റെ ജന്മ ശതാബ്ദി

WDWD
2008 ജൂണ്‍ 24- ഗുരുഗോപിനാഥ് ജന്മ ശതാബ്ദി.

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാധനരായ ഇന്ത്യന്‍ നര്‍ത്തകരില്‍ ഒരാളായിരുന്നു ഗുരുഗോപിനാഥ്. കഥകളിയുടെയും ഭാരതീയ നൃത്തകലയുടെയും യശസ്സ് നാടെങ്ങും പരത്തിയത് ഗുരുഗോപിനാഥിനെപോലുള്ള അപ്പര്‍ണബോധമുള്ള നര്‍ത്തകരായിരുന്നു.

ചുറ്റും വെള്ളം നിറഞ്ഞ കുട്ടനാട്ടിലെ സാധാരണ കാര്‍ഷിക കുടംബത്തില്‍ ജനിച്ച് വെറും അഞ്ചാം ക്ളാസു വരെ പഠിച്ച് കഥകളി നര്‍ത്തകനായ ചമ്പക്കുളം ഗോപിനാഥപിള്ള , ഗുരുഗോപിനാഥായി മാറിയത് സ്വന്തം പ്രയത്നം കൊണ്ടും ദൈവികമായ സിദ്ധികൊണ്ടുമായിരുന്നു. സിദ്ധിയും സാധനയും, ബുദ്ധിയും പ്രവര്‍ത്തിയും അദ്ദേഹം ഏകോകിപ്പിച്ചു.

ക്രാന്തദര്‍ശിത്വം, വ്യക്തിജീവിതത്തിന്‍റെ ശുദ്ധി, തികഞ്ഞ ഭക്തി, എളിമ, പൂര്‍ണതയുള്ള പ്രയത്നം എന്നിവ ഗുരുജിയുടെ ഗുണങ്ങളായിരുന്നു. കുട്ടനാട്ടുകാരനു ചേരുന്ന ചെറിയൊരു പിശുക്ക്, മുന്‍ശുണ്ഠി എന്നീ ചെറിയ ദോഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുമദ്ദേഹത്തിന്‍റെ അലങ്കാരമായി മാറുകയാണുണ്ടായത്.

വരുംകാലത്തെ മുന്‍കൂട്ടി കാണാനുള്ള കഴിവാണ് ഗുരുഗോപിനാഥിന്‍റെ ഉയര്‍ച്ചയ്ക്കും പ്രശസ്തിക്കും നിദാനമായത്. സര്‍ഗാത്മകതയുടെ മികവു കൂടിയായാപ്പോള്‍ അതിന് തിളക്കമേറി.

കഥകളിയും കേരള കലകള്‍ക്കു ഒരിരുണ്ട കാലഘട്ടമുണ്ടായിരുന്നു. അതിന്‍റെ ഫലമായാണ് കലകളിയെ ഉദ്ധരിക്കാന്‍ മുകുന്ദ രാജാവിന്‍റെയും വള്ളത്തോളിന്‍റെയും നേതൃത്വത്തില്‍ കലാമണ്ഡലമുണ്ടായത്.

അവിടെ വടക്കന്‍ ചിട്ട പഠിക്കാനായി മുതിര്‍ന്ന വിദ്യാര്‍ത്ഥിയായി എത്തിയ ഗോപിനാഥ് എന്ന യുവാവ്, അവിടെ കഥകളിയെ പറ്റി പഠിക്കാനെത്തിയ രാഗിണിദേവിയുടെ സഹനര്‍ത്തകനായി ബോംബെയ്ക്ക് പോയതൊടെയാണ് സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞത്.

നേരം പുലരുവോളവും, മൂന്നു ദിവസം തുടരുന്നതുമായ നീണ്ട കഥകളി കാണാന്‍, അനുശീലനം സിദ്ധിച്ച കഥകളി ഭ്രാന്തന്മാര്‍ മാത്രമേ ഉണ്ടാവൂ. ചെറിയ ചെറിയ പ്രകടനങ്ങളായി കഥകളി അവതരിപ്പിച്ചാല്‍ വന്‍നഗരങ്ങളില്‍ പോലും അതിനാസ്വാദകരുണ്ടാവും എന്ന ആശയം രാഗിണിദേവിയുടേതായിരുന്നു.

ആധുനിക തീയേറ്റര്‍ സങ്കല്പത്തില്‍ അനുസൃതമായി, ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ലഘുപ്രകടനങ്ങളാക്കി കഥകളിയേയും അതിലെ കഥാസന്ദര്‍ഭങ്ങളേയും മെരിക്കിയെടുത്തത് ഗോപിനാഥും. ഇങ്ങിനെയാണ് കഥകളിനൃത്തം എന്ന പേരിലൊരു നൃത്തശൈലി രൂപപ്പെടുന്നത്. പിന്നീടത് കേരള നടനം എന്ന പേരില്‍ പ്രസിദ്ധമാവുകയും ചെയ്തു


കഥകളിയെ തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യാതെ, അതിന്‍റെ സത്ത ഉള്‍ക്കൊണ്ട് തികച്ചും ശാസ്ത്രീയമായ നൃത്തരൂപം ഉണ്ടാക്കിയെടുത്തതാണ് ഗുരുഗോപിനാഥിന്‍റെ പ്രധാന നേട്ടം.

കഥകളി നമസ്കൃതമായിരുന്ന അക്കാലത്ത് ഗോപിനാഥും രാഗിണിദേവിയും പിന്നീട് ഗോപിനാഥ് തങ്കമണി ട്രൂപ്പായും ഇന്ത്യയൊട്ടക്കും നടത്തിയ കഥകളി നൃത്തപ്രകടനങ്ങളാണ് കേരളത്തിലെ കഥകളിയുടെ കേളികൊട്ടു ലോകത്തിന് കേള്‍പ്പിച്ചത്.

പന്ത്രണ്ട് കൊല്ലം കഥകളി പഠിക്കുകയും ആറേഴുകൊല്ലം കഥകളിയിലെ എല്ലാത്തരം വേഷങ്ങളും അരങ്ങിലവതരിപ്പിക്കുകയും ചെയ്തു

കേരളത്തിലും ഇന്ത്യയിലും നൃത്തതരംഗമുണ്ടാക്കാന്‍ ഗോപിനാഥിന് കഴിഞ്ഞു. ക്ഷേത്രങ്ങളുടേയും കൊട്ടരങ്ങളുടേയും മതില്‍ക്കെട്ടിനകത്തു കഴിഞ്ഞ നൃത്തകലയെ ജനകീയമാക്കാനും കഴിഞ്ഞു.

വട്ടിയൂര്‍ക്കാവിലെ ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ 2005 ജൂണ്‍ 24 ന് ദേശീയ ഡാന്‍സ് മ്യൂസിയത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടിരുന്നു.വിശ്വകലാകേന്ദ്രമാണ് മ്യൂസിയത്തിന് ആവശ്യമായ സ്ഥലം സര്‍ക്കാരിന് കൈമാറിയത. നൃത്തമ്യൂസിയം പക്ഷേ ഇതുവരെ യാഥാര്‍ഥ്യമായില്ല.

വെബ്ദുനിയ വായിക്കുക