സൌഹൃദദിനത്തിൽ അറിയാം ചങ്ങാത്തത്തെക്കുറിച്ചുള്ള പഴമൊഴികൾ

ബുധന്‍, 1 ഓഗസ്റ്റ് 2018 (17:15 IST)
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട‘ എന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. ഇത് സൌന്ദര്യത്തെ കുറിക്കുന്ന ഒരു കാര്യമല്ല. സ്വത്വത്തെ സൂചിപ്പിക്കുന്നതാണ്. ‘ദി ബെസ്റ്റ് മിറര്‍ ഈസ് ആന്‍ ഓള്‍ഡ് ഫ്രണ്ട്‘എന്നൊരു പാഴ്ചാത്യ പഴമൊഴിയുണ്ട്. 
 
‘ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം‘ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ പോലെ സുഹൃത്തുക്കളെ കണ്ടാല്‍ നമുക്ക് മനസിലാക്കാം ഒരാളുടെ സ്വഭാവം. 
 
സൌഹൃദത്തെ കുറിച്ച് ഒട്ടേറെ പഴഞ്ചൊല്ലുകള്‍ നിലവിലുണ്ട്. ‘എ ഫ്രണ്ട് ഇന്‍ ഡീഡ് ഈസ് എ ഫ്രണ്ട് ഇന്‍ഡീഡ് ‘എന്ന ഇംഗ്ലീഷ് പഴമൊഴി നമ്മളോടൊപ്പം നില്‍ക്കുന്ന, പ്രവര്‍ത്തിക്കുന്ന ആളാണ് യഥാര്‍ത്ഥ ചങ്ങാതി എന്ന സൂചന നല്‍കുന്നു. ഇത് ലാറ്റിനില്‍ നിന്നും വന്ന ഒരു പഴമൊഴിയാണ്.
 
‘സുഹൃത്തില്ലാത്ത ജീവിതം സാക്ഷിയില്ലാത്ത മരണം പോലെ‘യാണെന്ന് സ്പാനിഷ് പഴമൊഴി പറയുന്നു. ‘സുഹൃത്തിന്‍റെ മരണം ഒരു അവയവം നഷ്ടപ്പെട്ടതിനു തുല്യ‘മാണെന്ന് ജര്‍മ്മന്‍ പഴമൊഴി. 
 
‘ചങ്ങാതിമാരുണ്ടാവണമെങ്കില്‍ പക്ഷെ, സ്വയമൊരു ചങ്ങതിയായേ പറ്റൂ‘ എന്നൊരു പഴമൊഴി പറയുന്നുണ്ട്. ‘സുഹൃത്തുക്കളും പുസ്തകങ്ങളും വളരെ കുറച്ചുമതി, പക്ഷെ, അവ നല്ലതായിരിക്കണ‘മെന്ന് മറ്റൊരു പഴമൊഴി സൂചിപ്പിക്കുന്നു. 
 
ഒരിക്കലും മുങ്ങാത്ത ഷിപ്പ് (കപ്പല്‍) ആണ് ഫ്രണ്ട്ഷിപ്‘എന്ന് നമ്മള്‍ ഓട്ടോഗ്രാഫില്‍ പോലും എഴുതാറുള്ളത് പഴഞ്ചൊല്ലുകളുടെ ചുവടുപിടിച്ചാണ്. 
 
‘അപരിചിതരോടൊപ്പം പൂന്തോട്ടത്തില്‍ കഴിയുന്നതിലും ഭേദം സുഹൃത്തിനൊപ്പം ചങ്ങലയില്‍ കഴിയുന്നതാണ് നല്ലതെ’ന്ന് ഒരു പേര്‍ഷ്യന്‍ പഴമൊഴിയുണ്ട്. 
 
‘തനിക്കൊപ്പമല്ലാത്ത ചങ്ങാതിമാര്‍ ഉണ്ടാവരുതെ‘ന്ന് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് പറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് കവിയായ ജാക്വിസ് ഡെലിലേ പറയുന്നത് ‘വിധി നമുക്ക് ബന്ധുക്കളെ തെരഞ്ഞെടുക്കുന്നു. പക്ഷെ, നാമാണ് നമുക്ക് സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നത്’ എന്നാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍