മെൻഡോസയുടെ കരുത്തിൽ ചെന്നൈയിന് ഐഎസ്എൽ കിരീടം

തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (08:10 IST)
ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ ചെന്നൈയിൻ എഫ് സിക്ക് മിന്നുന്ന ജയം. ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ അവസാനമായിരുന്ന ചെന്നൈയിൻ കിരീടം സ്വന്തമാക്കിയത് അത്‌ഭുതങ്ങളുടെ അകമ്പടിയോടെ ആയിരുന്നു. സ്റ്റീവൻ മെൻഡോസയെന്ന ആക്രമണകാരി ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ചെന്നൈയെ ജേതാക്കളാക്കിയത്.

ആതിഥേയരായ ഗോവയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്. അമ്പത്തിനാലാം മിനിറ്റിൽ ചെന്നൈയിനു വേണ്ടി ബ്രൂണോ പെലിസ്സാരിയാണ് ആദ്യഗോൾ നേടിയത്. എന്നാൽ, നാലു മിനിറ്റുകൾക്കുള്ളിൽ പകരക്കാരനായി ഇറങ്ങിയ ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു. 62 ആം മിനിറ്റില്‍ പന്തുമായി ബോക്‌സിലേയ്ക്ക് കുതിച്ച മെന്‍ഡോസയെ ഗോളി വിദഗ്‌ധമായി തടഞ്ഞു. 87ആം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ പകരക്കാരന്‍ ജോഫ്രിയാണ്
ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്.

എന്നാൽ, 90 ആം മിനിറ്റിൽ ഗോവ നേടിയ സെൽഫ് ഗോൾ ഗോവയുടെ പരാജയത്തിന്റെ ആണിയടിച്ചു. രണ്ട് പെനാല്‍റ്റികള്‍ വീരോചിതമായി തടഞ്ഞ കട്ടിമണി അങ്ങനെ ഗോവയുടെ ദുരന്ത നായകനായി. ഇഞ്ചുറി ടൈമിൽ സ്റ്റീവൻ മെൻഡോസ ലക്‌ഷ്യം കണ്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസൺ കിരീടം ചെന്നൈയിന് സ്വന്തം. സീസണിൽ ആകെ 13 ഗോളുകൾ നേടിയ സ്റ്റീവൻ മെൻഡോസയാണ് കളിയിലെ താരവും. ഗോൾഡൻ ബൂട്ടും ഹീറോ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും മെൻഡോസയ്ക്കാണ്.

വെബ്ദുനിയ വായിക്കുക