ലിവര്‍പൂളിന്റെ സൂപ്പര്‍ നായകന്‍ സ്റ്റീവന്‍ ജെറാഡ് ക്ലബ് വിടുന്നു

Webdunia
വെള്ളി, 2 ജനുവരി 2015 (19:57 IST)
രണ്ട് പതിറ്റാണ്ട് നീണ്ട ലിവര്‍പൂളുമായുള്ള ബന്ധം ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാഡ് ക്ലബ് അവസാനിപ്പിക്കുന്നു. ഇനി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഉണ്ടാകില്ലെന്നാണ് മുപ്പത്തിനാലുകാരനായ ജെറാഡ് അറിയിച്ചിരിക്കുന്നത്.

ലിവര്‍പൂളുമായി ഈ വര്‍ഷം അവസാനം കരാര്‍ അവസാനിക്കുന്നതോടെ ഇനിയും ക്ലബുമായുള്ള കരാര്‍ പുതുക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ജെറാഡ് അറിയിച്ചത്. അതേസമയം അമേരിക്കന്‍ ക്ലബ് ലോസ് ഏഞ്ജല്‍സ് ഗ്യാലക്‌സിയുമായി മുന്‍ ഇംഗ്ലണ്ട് താരം കരാറിലെത്തുമെന്ന് സൂചനകളുണ്ട്.

ഒന്‍പത് വയസുള്ളപ്പോള്‍ ലിവര്‍പൂള്‍ അക്കാഡമിയിലെത്തിയ സ്റ്റീവന്‍ ജെറാഡ് 1998ല്‍ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിനെതിരെ അരങ്ങേറ്റം കുറിച്ചു. 2003ല്‍ ലിവര്‍പൂളിന്റെ നായകനായി. 2005ല്‍ ക്ലബിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ജെറാഡിന് കീഴില്‍ ടീം യുവേഫ കപ്പ്, എഫ്എ കപ്പ്(2), ലീഗ് കപ്പ്(3), കമ്മ്യൂണിറ്റി ഷീല്‍ഡ് തുടങ്ങി നിരവധി പ്രമുഖ കിരീടങ്ങള്‍ നേടി ലിവര്‍പൂളിന്റെ സൂപ്പര്‍ നായകനായി തീര്‍ന്നു.

2014 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക ഘട്ടത്തില്‍ ടീം  പുറത്തായതിന് പിന്നാലെ ജെറാഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.