മാലദ്വീപ് കടക്കാന്‍ ഇന്ത്യ, ലങ്ക താണ്ടാന്‍ അഫ്‌ഗാനിസ്‌ഥാന്‍

വ്യാഴം, 31 ഡിസം‌ബര്‍ 2015 (09:38 IST)
സാഫ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ഇന്ത്യ ഇന്നു മാലദ്വീപിനെ നേരിടും. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 3:30നാണ് പോരാട്ടം. വൈകിട്ട്‌ 6:30ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അഫ്‌ഗാനിസ്‌ഥാന്‍ ശ്രീലങ്കയെ നേരിടും.

ടൂര്‍ണമെന്റിലെ ദുര്‍ബല ടീമുകളായ നേപ്പാളിനെയും ശ്രീലങ്കയെയും തോല്‍പിച്ചാണ്‌ ഇന്ത്യ സെമിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തത്‌. പരിക്കിനെത്തുടര്‍ന്നു ടീമില്‍ നിന്നും പിന്മാറിയ ഇന്ത്യയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബിന്‍ സിംഗിന്റെ അഭാവം ടീമിനു കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. റോബിന്‍ സിംഗിനു പകരക്കാരനായി യുവതാരം ലാലിയ ഛാങ്തേ ആദ്യ പതിനൊന്നില്‍ ഇടം നേടുമെന്നാണ് കോച്ച് കോണ്‍സ്റ്റെന്റെയിന്‍ നല്കുന്ന സൂചന. താരങ്ങള്‍ക്കള്‍ക്കിടയില്‍ ഒത്തിണക്കമില്ലായ്‌മയും അവസരങ്ങള്‍ തുലയ്‌ക്കുന്ന മുന്നേറ്റ നിരയും പ്രതിരോധത്തിലെ വിള്ളലുകളുമാണ്‌ ഇന്ത്യയെ വലയ്‌ക്കുന്ന മറ്റൊരു പ്രശ്‌നം.

മറുവശത്ത്‌ മാലിദ്വീപ്‌ മികച്ച ഫോമിലാണ്‌. അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട്‌ കനത്ത തോല്‍വി വഴങ്ങിയെങ്കിലും ടീമിനെ എഴുതിത്തള്ളാറായിട്ടില്ല. ക്യാപ്റ്റന്‍ അലി അഷ്ഫാഖ് ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ക്യാപ്റ്റനിലാണ് മാലദ്വീപ് കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതെന്നും കോച്ച് റിക്കി ഹെര്‍ബെര്‍ട്ട് പറഞ്ഞു. ഇന്ത്യയുടേയും മാലദ്വീപിന്റെയും മത്സരങ്ങള്‍ നടന്നപ്പോള്‍ മാത്രമാണ് സ്റ്റേഡിയത്തില്‍ കാണികളുടെ ആരവം ഉയര്‍ന്നത്. ആ പശ്ചാത്തലത്തില്‍ ഇന്ന് ആരാധകരുടെ വന്‍ സാന്നിധ്യമാണ് സംഘാടകര്‍ കാര്യവട്ടം സ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക