ജർമനിയുടെ പ്രതിഷേധത്തിന് ഖത്തറിൻ്റെ മറുപടി, ഓസിലിൻ്റെ ചിത്രവുമായി വാ പൊത്തി പ്രതിഷേധിച്ച് കാണികൾ

തിങ്കള്‍, 28 നവം‌ബര്‍ 2022 (13:16 IST)
ലോകകപ്പിലെ സ്പെയിൻ- ജർമനി മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ജർമനിക്കെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം കാണികൾ. വംശീയ അധിക്ഷേപങ്ങൾക്കിരയായി വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്ന മുൻ ജർമൻ താരം മെസ്യൂട്ട് ഓസിലിൻ്റെ ചിത്രങ്ങൾ കയ്യിലേന്തി വായപൊത്തിയാണ് ആരാധകർ പ്രതിഷേധിച്ചത്.
 
നേരത്തെ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ആം ബാൻഡ് ധരിക്കുന്നതിൽ നിന്നും ജർമനി അടക്കമുള്ള ടീമുകളെ ഫിഫ വിലക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ ആദ്യ മത്സരത്തിന് മുൻപ് വാ പൊത്തിയാണ് ജർമൻ ടീം പ്രതികരിച്ചത്. എൽജിബിടിക്യൂ കാര്യത്തിലും മെസ്യൂട്ട് ഓസിലിൻ്റെ കാര്യത്തിലും ജർമനി ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞുകൊണ്ടാണ് ആരാധകരുടെ മറുപടി പ്രതിഷേധം.
 
2018ലെ ലോകകപ്പ് തോൽവിയ്ക്ക് പിന്നാലെ തുർക്കി വംശജനായ ജർമൻ താരമായ മെസ്യൂട്ട് ഓസിലിന് നേരെ വംശീയമായി അധിക്ഷേപങ്ങൾ നടന്നിരുന്നു. ഇതിൽ മനം മടുത്താണ് മികച്ച ഫോമിൽ നിൽക്കുമ്പോഴും താരം ഫുട്ബോൾ കരിയർ അവസാനിപ്പിച്ചത്. ഗോൾ നേടുമ്പോൾ താൻ ജർമൻ കാരനും തോറ്റാൽ കുടിയേയക്കാരനുമാകുന്നു എന്നാണ് വിരമിക്കലിൽ മെസ്യൂട്ട് ഓസിൽ പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍