ഗോൾഫിൽ തലനാരിഴയുടെ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ ഇന്ത്യൻ താരം അതിഥി അശോകിനെ പ്രശസിച്ച് ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അമേരിക്കയുടെ നെല്ലി കോര്‍ഡ. ഇന്ത്യയില്‍ അധികം പ്രചാരമില്ലാത്ത ഒരു കായിക വിനോദത്തെ ആ രാജ്യത്തെ ജനത പിന്തുടരുന്നതില്‍ അതിഥി വിജയിച്ചുവെന്ന് നെല്ലി കോർഡ പറഞ്ഞു.
രാജ്യത്ത് തീരെ പ്രചാരത്തിലില്ലാത്ത ഗോൾഫ് മത്സരം കാണാനായി നിരവധി പേരാണ് ഇന്ന് ടിവിയ്ക്ക് മുന്നിലിരുന്നത്. അതിന് കാരണം ലോകറാങ്കിങ്ങിൽ 200ആം സ്ഥാനത്ത് നിന്ന് ഒളിമ്പിക്‌സിൽ അപ്രതീക്ഷിതമായി കുതിപ്പ് നടത്തിയ ഇന്ത്യൻ ഗോൾഫ് താരം അതിഥി അശോകായിരുന്നു. നേരിയ വ്യത്യാസത്തില്‍ ഒളിംപിക് മെഡല്‍ നഷ്ടമായെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ മനംകവരാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ട്രെന്‍ഡിങാകാനും അതിഥി അശോകിന് സാധിച്ചിരുന്നു.
വനിതകളുടെ സ്‌ട്രോക് പ്ലോയില്‍ നാലാമതായാണ് അതിഥി അശോക് ഫിനിഷ് ചെയ്തത്. ഒരു ഘട്ടത്തിൽ ഗെയിംസിൽ രണ്ടാമതെത്താനും താരത്തിനായിരുന്നു. എന്നാൽ മോശം കാലാവസ്ഥയും നിർഭാഗ്യവും താരത്തിന് വിനയായി. എന്നിരുന്നാലും ലോകറാങ്കിങ്ങിൽ 200ആം സ്ഥാനത്ത് നിന്നുമുള്ള താരത്തിന്റെ പോരാട്ടം ഇന്ത്യൻ കായികചരിത്രത്തിന്റെ സുവർണലിപികളിൽ രേഖപ്പെടുത്തും എന്നതുറപ്പാണ്.