തെറ്റ് മനസിലാക്കുന്നു: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുറ്റം ഏറ്റുപറഞ്ഞ് ജോക്കോവിച്ച്

ബുധന്‍, 24 ജൂണ്‍ 2020 (15:56 IST)
ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു.സെർബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ താരത്തെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോളാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റ് ടെന്നീസ് താരങ്ങളുടെ കാര്യത്തിലും ആശങ്ക ഉയർന്നിരിക്കുകയാണ്.
 
ബല്‍ഗ്രേഡിലെ പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്.കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ  ജോക്കോവിച്ച് സംഘടിപ്പിച്ച ടൂർണമെന്റിനെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.ടൂർണമെന്റിൽ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങൾ നടത്തിയതും കാണികളെ പ്രവേശിപ്പിച്ചതും വിവാദമായിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ച് വിമർശനങ്ങൾക്ക് നൽകിയ മറുപടി.
 
തന്റെയും ഭാര്യ ജലേനയുടെയും പരിശോധനാഫലം പൊസറ്റീവാണെന്നും എന്നാല്‍ മക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നുമാണ് ഇന്നലെ ജോക്കോവിച്ച് വെളിപ്പെടുത്തിയത്. ഇപ്പോളുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും ടൂര്‍ണമെന്റില്‍ പങ്കെടുത്തതുകൊണ്ട് ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോക്കോവിച്ച് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍