ബ്ലാസ്‌റ്റേഴ്‌സ് പൊട്ടിത്തെറിച്ചു; നോർത്ത് ഈസ്റ്റ് തരിപ്പണമായി, കൊമ്പന്മാരുടെ ജയം 3-1ന്
ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (20:47 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യ പോരിന് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1ന് തരിപ്പണമാക്കി. 49–മത് മിനുറ്റിൽ യോഹുവാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അക്കൗണ്ട് തുറന്നത്. മലയാളി താരം മുഹമ്മദ് റാഫിയാണ് കൊമ്പന്മാര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്. ഇംഗ്ലണ്ട് താരമായ സാഞ്ചസ് വാട്ടാണ് കേരളത്തിനായി മൂന്നാം ഗോള്‍ നേടിയത്. അര്‍ജന്റീനക്കാരനായ നിക്കോളസ് വെലസാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.
ആദ്യ പകുതിയിലും മികച്ച നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ അവരെ പിടികൂടുകയായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ കേരളാ താരങ്ങള്‍ മുന്നിട്ട് നിന്നുവെങ്കിലും ഗോള്‍ എന്നുറച്ച പല അവസരങ്ങളും പാഴാകുകയായിരുന്നു.
പന്ത് അധികം സമയവും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പക്കല്‍ ആയിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ പ്രതിരോധത്തില്‍ തട്ടി അവരുടെ നീക്കങ്ങള്‍ അവസാനിക്കുകയായിരുന്നു. മുന്ന് ഗോള്‍ വീണതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഉണര്‍ന്ന് കളിക്കുകയായിരുന്നു. എന്നാല്‍ ശക്തമായ പ്രതിരോധമൊരുക്കി ബ്ലാസ്‌റ്റേഴ്‌സ് എതിരാളികളുടെ നീക്കത്തെ തടയിടുകയായിരുന്നു.
മാര്‍ക്വി താരം മെര്‍ച്ചേനയും പ്രതിരോധഭടന്‍ സന്ദേശ് ജിംഗനുമില്ലാതെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയാണ് കളിച്ചത്. പക്ഷേ, പ്രതിരോധത്തിന് പകരം ആക്രമണം തെന്നയായിരുന്നു ട്രവര്‍ മോര്‍ഗന്റെ തന്ത്രം. തുടക്കം മുതല്‍ തള്ളിക്കയറി കളിച്ചവര്‍ അഞ്ച് മിനിറ്റ് കൊണ്ട് തന്നെ കളി കൈയിലെടുത്തു.