കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ പ്രവേശനം
ഞായര്‍, 21 ജൂണ്‍ 2015 (10:19 IST)
തിളക്കമില്ലാത്ത വിജയത്തോടെ അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. തന്റെ നൂറാം അന്താരാഷ്‌ട്ര മത്സരത്തിനിറങ്ങിയ ലയണല്‍ മെസിക്ക് ഇത്തവണയും രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
ദുര്‍ബലരായ ജമൈക്കക്കെതിരെ ഒരു ഗോളിന് വിജയം നേടി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നപ്പോള്‍ മൂന്നാം മത്സരവും തോറ്റ് ജമൈക്ക കോപ്പ അമേരിക്കയില്‍ നിന്ന് പുറത്തായി. പതിനൊന്നാം മിനിറ്റില്‍ ഹിഗ്വയിന്‍ ആണ് അര്‍ജന്റീനയ്ക്ക് വേണ്ടി ജമൈക്കയുടെ ഗോള്‍വല കുലുക്കിയത്.
ഏയ്ഞ്ചല്‍ ഡി മരിയ ജമൈക്കന്‍ പ്രതിരോധനിരയെ വെട്ടിമാറ്റി നല്‍കിയ പാസ് ഹിഗ്വയിന്‍ വലയിലെ ത്തിക്കുകയായിരുന്നു. ഇതോടെ, ഏഴു പോയിന്‍റു സ്വന്തമാക്കിയ അര്‍ജന്‍റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറില്‍ കടന്നു.