ലോകകപ്പിലെ വന്‍ പരാജയത്തിന് ശേഷം കോപ്പ അമേരിക്കയിലും തകര്‍ന്ന് തരിപ്പണമായ ബ്രസീല്‍ ടീമിലേക്ക് മുന്‍താരം കക്കയെ തിരിച്ചുവിളിച്ചു. കാനറികളുടെ നിലവിലെ അവസ്ഥ പരുങ്ങലിലായ സാഹചര്യത്തിലാണ് പരിചയസമ്പന്നനായ കക്കയെ തിരിച്ചു വിളിച്ചത്. 2014 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് കക്കയെ ടീമിലേക്ക് തിരിച്ചുവിളിക്കുന്നത്.
അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന രണ്ടു സൌഹൃദ മത്സരങ്ങള്‍ക്ക് വേണ്ടിയാണ് കക്കയെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോസ്റ്ററിക്കക്കും അമേരിക്കക്കും എതിരായ മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് കോച്ച് കാര്‍ലോസ് ദുംഗ വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചിന് കോസ്റ്ററിക്കക്കെതിരെയാണ് മത്സരം. എട്ടിന് അമേരിക്കയെ ബ്രസീല്‍ നേരിടും.
മൂന്നു ലോകകപ്പ് ഫൈനലുകള്‍ ഉള്‍പ്പെടെ 89 വട്ടം ബ്രസീലിന്റെ ജേഴ്‍സി അണിഞ്ഞിട്ടുള്ള കക്ക ഒരുകാലത്ത് റയല്‍ മാഡ്രിഡിന്റെയും എസി മിലാന്റെയും കുന്തമുനയായിരുന്നു. ലോകകപ്പിലെ വന്‍ പരാജയത്തിന് ശേഷം കോപ്പ അമേരിക്കയിലും ബ്രസീല്‍ പരാജയപ്പെട്ടിരുന്നു ഈ സാഹചര്യത്തില്‍ അനുഭവസമ്പത്തുള്ളവരെ ടീമില്‍ എത്തിക്കാന്‍ ദുംഗ നീക്കം തുടങ്ങിയിരുന്നു.