ഗോവ ടീം ഉടമയെ മര്‍ദ്ദിച്ചു; എലാനോയെ അറസ്‌റ്റ് ചെയ്‌തു
തിങ്കള്‍, 21 ഡിസംബര്‍ 2015 (11:22 IST)
ഐഎസ്എൽ കിരീടം നേടിയ ചെന്നൈയിൻ എഫ്‌സിയുടെ ക്യാപ്റ്റൻ എലാനോ ബ്ലൂമർ അറസ്റ്റിൽ. എഫ്സി ഗോവ സഹഉടമ ഡത്താരാജ് സാല്‍ഗോക്കറെ കയ്യേറ്റം ചെയ്‌തതായും മര്‍ദ്ദിച്ചുവെന്നതുമാണ് കേസിലാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഗോവ പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.
ഞായറാഴ്ച നടന്ന ഐഎസ്എല്‍ ഫൈനലില്‍ ഗോവയെ പരാജയപ്പെടുത്തി ചെന്നൈയിന്‍ എഫ്സി ഇന്ത്യന്‍ സൂപ്പര്‍ലീഗ് കിരീടം ചൂടിയിരുന്നു. ഇതിനുപിന്നാലെ ഗോവയിലെ ഫത്തോര്‍ഡയില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ എലാനോ മര്‍ദ്ദിച്ചെന്നാണ് ഡത്തരാജിന്റെ പരാതി.
ആഘോഷപ്രകടനങ്ങള്‍ക്കിടെ ഗോവന്‍ താരങ്ങളെ അധിക്ഷേപിച്ച എലാനോയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മര്‍ദ്ദനമേറ്റതെന്നാണ് പരാതിയില്‍ പറയുന്നത്. ഡത്തരാജിന്റെ പരാതിയിലായിരുന്നു നടപടിയെന്നും മഡ്ഗാവ് പോലീസ് അറിയിച്ചു. ഐ.പി.സി 323, 341, 504 പ്രകാരം അധിക്ഷേപിക്കൽ, സമാധാനം തകർക്കൽ, കൈയ്യേറ്റം, തടസപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ബ്ലൂമറിനെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാല്‍, ചെന്നൈയിന്‍ എഫ്സിയെ മോശമായി ചിത്രീകരിക്കാന്‍വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന് എലാനോയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മുൻ ബ്രസീൽ ഫുട്ബാൾ താരമാണ് എലാനോ ബ്ലൂമർ.