ബാലണ്‍ ഡി ഓര്‍: അന്തിമ പട്ടികയില്‍ മെസി, ക്രിസ്റ്റ്യാനോ, നെയ്‌മര്‍

ചൊവ്വ, 1 ഡിസം‌ബര്‍ 2015 (09:22 IST)
ഈവര്‍ഷത്തെ ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസി, നെയ്‌‌മര്‍ എന്നിവരാണ് ലോകത്തെ മികച്ച താരത്തിനുള്ള പട്ടികയിലുള്ളത്. വനിതകളുടെ പട്ടികയില്‍ കാര്‍ളി ലോയ്ഡ്, അയ മിയാമ, സിലിയ ഷാസിച്ച് എന്നിവരും ഇടം പിടിച്ചു. ജനുവരി 11ന് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കും.

മികച്ച ഗോളിനുള്ള അന്തിമ പട്ടികയില്‍ ലയണല്‍ മെസി, അലസാന്ദ്രോ ഫ്ലോറന്‍സി, വെണ്ടല്‍ ലിറ എന്നിവരാണ് അവസാന മത്സരത്തിനുള്ളത്. ബാഴ്‌സലോണയ്‌ക്ക് മൂന്ന് കിരീടങ്ങള്‍ സമ്മാനിച്ച മെസിക്കാണ് സാധ്യത കൂടുതല്‍. അര്‍ജന്‍റീനയെ കോപ്പ അമേരിക്ക ഫൈനലിലെത്തിച്ചതിന്‍റെ മുന്‍തൂക്കം മെസിക്കുണ്ട്. മിന്നുന്ന ഫോമില്‍ കളിക്കുന്ന മെസി കഴിഞ്ഞ വര്‍ഷം 48 ഗോളാണ് അടിച്ചു കൂട്ടിയത്. ബാഴ്‌സലോണയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് അദ്ദേഹത്തിന് സാധ്യത കൂടുതലാക്കിയത്.

അതേസമയം, റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്യം സംശയത്തിലാണ്. ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതും പറയത്തക്ക കിരീടനേട്ടങ്ങള്‍ ഒന്നുമില്ലാതെ പോയതും പോര്‍ച്ചുഗല്‍ താരത്തിന് തിരിച്ചടിയായി തീര്‍ന്നു. ഇത്തവണത്തെ പുരസ്‌കാരത്തിന് മെസിയാണ് അര്‍ഹനെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 48 ഗോള്‍നേട്ടം ക്രിസ്റ്റ്യാനോയെ അന്തിമപട്ടികയിലെത്തിച്ചു. തുടര്‍ച്ചയായ എട്ടാം തവണ മത്സരിക്കാനെത്തുന്ന റൊണാള്‍ഡോ മൂന്ന് തവണ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പോര്‍ച്ചുഗല്‍ നായകനായിരുന്നു ബാലന്‍ ദി ഓര്‍.

അതിനൊപ്പം തന്നെ ബാഴ്‌സയുടെ നേട്ടങ്ങള്‍ക്കും മെസിയുടെ ഗോളിനും വഴിയൊരുക്കിയ നെയ്‌മര്‍ക്കും സാധ്യതയുണ്ട്.  കഴിഞ്ഞ വര്‍ഷം 45 ഗോളാണ് ബ്രസീല്‍ നായകന്‍ നേടിയത്. അര്‍ജന്‍റീനയെ കോപ്പ അമേരിക്ക ഫൈനലിലെത്തിച്ചതിന്‍റെ മുന്‍തൂക്കം മെസിക്കുണ്ട്. കഴിഞ്ഞ വര്‍ഷം 48 ഗോളാണ് മെസിയുടെ ബൂട്ടില്‍ നിന്ന് വീണത്.

അമേരിക്കയ്ക്ക് വനിത ലോകകപ്പ് സമ്മാനിച്ച കാര്‍ളി ലോയ്ഡ്, ജപ്പാനെ ലോകകപ്പ് ഫൈനലിലെത്തിച്ച അയാ മിയാമ, ലോകകപ്പിലെ ടോപ് സ്കോററായ സിലിയ ഷാസിച്ച് എന്നിവരാണ് വനിതകളുടെ അന്തിമ പട്ടികയിലെത്തിയത്.

വെബ്ദുനിയ വായിക്കുക