പോര്‍ച്ചുഗീസ് പര്യടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനു ഗോള്‍ രഹിത സമനില. പൊച്ചുഗീസിലെ മൂന്നാം ഡിവിഷന് ക്ലബ്ബായ ജി ഡി ആര് മോണ്സാന്റോയാണ് ഇന്ത്യന്‍ ദേശീയ ടീമിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. എന്നാല്‍ പരമ്പരയില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തിയത്.
ടോറസ് നോവാസില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളുടേയും പ്രതിരോധ നിരയാണ് മികച്ചു നിന്നത്. മഹേഷ് ഗാവ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിരോധ നിര മികച്ച പ്രകടനമാണ് നടത്തിയത്. അതു പോലെ തന്നെ ഇന്ത്യന്‍ മുന്നേറ്റക്കാരെ ഗോളടിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്തുന്നതില്‍ പോര്‍ച്ചുഗീസ് ക്ലബ്ബും വിജയിച്ചു.
അവസാന രണ്ടു മത്സരങ്ങളില്‍ നാലു ഗോളടിച്ച ഇന്ത്യയുടെ സൂപ്പര്‍ താരം ബായ് ചുംഗ് ബൂട്ടിയ മത്സരത്തിനായി ഇറങ്ങിയിരുന്നില്ല. ബൂട്ടിയയുടെ അഭാവത്തില്‍ ഇന്ത്യന്‍ മുന്നെറ്റനിരയുടെ മുനയോടിഞ്ഞു പോയി. ഒന്നാം പകുതിയില്‍ തന്നെ മറ്റൊരു മികച്ച സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയേയും പരിശീലകന് തിരിച്ചു വിളിക്കുകയും ചെയ്തു.
താരിഫ് അഹമ്മദിനും മഞ്ജിത്ത് സിംഗിനുമായിരുന്നു ആക്രമണ ചുമതല. എന്നാല്‍ രണ്ടു പേരും മോണ്ടാസോയുടെ പ്രതിരോധം കീറി മുറിക്കുന്നതില്‍ പരാജയപ്പെട്ടു. നാലു മത്സര്ങ്ങലിലെ പരമ്പരയില്‍ ഇന്ത്യ രണ്ടു മത്സരങ്ങളില്‍ വിജയിച്ചപ്പോല്‍ രണ്ടെണ്ണം സമനിലയിലായി. റിക്രീറ്റോ അഗ്യുഡെയെ 3-0 നും എ സി മരിന്സയെ 3-2 നുമ്പരാജയപ്പെടുത്തിയ ഇന്ത്യ ഓഡിവെലാസ് എഫ് സിക്കെതിരെ 1-1 ന് ആദ്യം സമനില പിടിച്ചിരുന്നു.