ജോര്‍ജ്ജ് . ആര്‍ വ്യത്യസ്തനായ പെയിന്‍ററാണ്.നിറഭേദങ്ങള്‍കൊണ്ട് നിര്‍വൃതി പകരുന്ന ജാലവിദ്യയാണ് ജോര്‍ജ്ജിന്‍റെ കൈയടക്കം.
ചായങ്ങളുടെ ചലനാത്മകതയും ഭ്രമാത്മകതയും അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ മുന്തി നില്‍ക്കുന്നു. കാഴ്ച്ചക്കാരന്‍റെ മനോതലങ്ങളെ വ്യത്യസ്തമായി അവ ആകര്‍ഷിക്കുന്നു; അഭൗമമായ സവേദന തലത്തിലേക്ക് അവ കൂട്ടിക്കൊണ്ട് പോകുന്നു.
നിറവിന്യാസങ്ങളുടെ ഇമ്പം, കൗതുകം അവയുടെ സൗഹൃദം,സഹവര്‍ത്തിത്വം , രൗദ്രം ,കലമ്പല്‍,കലാപം എല്ലാം ജേ-ാര്‍ജ്ജിന്‍റെ ചിത്ര ചാരുതയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അമൂര്‍ത്തതയുടെ സൗന്ദര്യമാണവയില്‍ തുടിക്കുന്നത്.
ചായങ്ങളുടെ ഉപയോഗത്തില്‍ ജോര്‍ജ്ജ് പുലര്‍ത്തുന്ന കൃതഹസ്തത സംയമത്തിന്‍റേതാണ്. കാലുഷ്യത്തിന്‍റെ വര്‍ണ്ണനയില്‍പോലും, നിറങ്ങളുടെ മിതത്വവും മികവും നന്നായി പ്രയോജ-നപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുന്നു.
അവ്യക്തതയിലൂടെ വ്യക്തമാവുന്ന ബിംബങ്ങള്‍ ,സങ്കല്പങ്ങള്‍, ഭാവനകള്‍, ദര്‍ശനങ്ങള്‍, ആശയങ്ങള്‍- ഇവ പെയിന്‍റിങ്ങുകളുടെ ആസ്വാദനത്തിനും വിശകലനത്തിനും വൈവിധ്യമാര്‍ന്ന വാതായനങ്ങള്‍ തുറന്നു തരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് ജോര്‍ജ്ജ്.ജ-ന്തുശാസ്ത്രം പഠിക്കുകയും കലയിലും സാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപരിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ് സഹൃദയലോകത്തിന് സുപരിചിതനാണ്.
ജോര്‍ജ്ജിന്‍റെ പെരുമാറ്റത്തിലേയും സംഭാഷണത്തിലേയും ഹൃദ്യതയും സൗമ്യതയും അദ്ദേഹത്തിന്‍റെ രചനകളുടേയും പ്രധാന ആകര്‍ഷണമാണ് . തിരുവന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിതകലാ അക്കഡമി ആര്‍ട്ട് ഗാലറിയില്‍ ജോര്‍ജ്ജിന്‍റെ പുതിയ പയിന്‍റിങ്ങുകളുടെ പ്രദര്‍ശനം തുലാം 1ന് -ഒക് റ്റോബര്‍ 17 നു തുടങ്ങി.
ഉദാത്തതയുടെ കലാപം
കലാനിരൂപകനും, കൊച്ചി സ്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസിന്‍റെ ഡയറകറുമായ സി.എസ്. വെങ്കിടേശ്വരന്‍ ജേ-ാര്‍ജ്ജിന്‍റെ ചിത്രങ്ങളെ വിലയിരുത്തുന്നത് ശ്രദ്ധിക്കുക. പച്ചക്കുതിരയിലെ എന്ന ലേഖനത്തില്‍ നിന്ന്.
വര്‍ണശബളിമ, ബിംബ-ദൃശ്യ ഉദ്ദീപനം എന്നിവയുടെ ആധിക്യത്തിനു വിരുദ്ധമായാണ് ജോര്‍ജ്ജിന്‍റെ ചിത്രങ്ങള്‍ സഞ്ചരിക്കുന്നത്. ന്യൂനോക്തിയും മിതത്വവും ആണ് അവയെ നിര്‍വചിക്കുന്നത്.
ഈ എതിര്‍ദിശാസഞ്ചാരം എന്നാല്‍ നിഷേധ-പ്രതിഷേധത്തിന്‍റേത് മാത്രമായ ഒന്നല്ല; മറിച്ച് യാഥാര്‍ത്ഥ്യത്തിന്‍റെ സമ്പന്നവും തീവ്രവും ആയ ബഹുലതയിലേക്ക് കാഴ്ചക്കാരെ ക്ഷണിക്കുന്ന ഒന്നാണത്.
നിറങ്ങള്‍, തലങ്ങള്‍, സാന്ദ്രതകള്‍, പ്രതലങ്ങള്‍, പ്രകാശഭേദം - ഇവയെല്ലാം അതീവ സൂക്സ്മമായി വിന്യസിക്കുകയും വിസ്തരിക്കുകയുമാണവ ചെയ്യുന്നത്.
നിരന്തരം ഉച്ചസ്ഥായി അവലംബിക്കുന്ന നമ്മുടെ ദൃശ്യസംസ്കാരത്തിന്‍റെ ശബളിമയോടും പൊലിപ്പിനോടുമുള്ള ധ്യാനാത്മകമായ പ്രതിരോധമാണവ നമ്മില്‍ നിന്നാവശ്യപ്പെടുന്നത്. മൂര്‍ത്തമായ ഭാവത്തിന്‍റെയും ഭാവനയുടെയും അമൂര്‍ത്തരൂപങ്ങളെയാണവ പരതുന്നത്.
മൂര്‍ത്തരൂപങ്ങളെ പാടെ വര്‍ജ്ജിക്കുന്ന ജോര്‍ജ് ചിത്രങ്ങളുടെ ലോകത്തില്‍ ഭൗതികയാഥാര്‍ത്ഥ്യവും പലപ്പോഴും ഒരു വരയോ കുറിയോ ആയി അവശേഷിക്കുന്നു, അഥവാ പിന്തുടരുന്നു. അതീതത്വത്തിന്‍റെയും അമൂര്‍ത്തതയുടെയും പൂര്‍ണലയത്തെ പ്രതിരോധിക്കുന്ന വിരുദ്ധ ബിന്ദുവായി അതു നിലകൊള്ളുന്നു.
നിറങ്ങളുടെയും പ്രതലങ്ങളുടെയും സാന്ദ്രതകളുടെയും ആ അമൂര്‍ത്ത ലോകലയത്തില്‍ നിന്ന് അവ തെറിച്ചു നില്‍ക്കുന്നു - അലിയാന്‍ വിസമ്മതിക്കുന്ന മൂര്‍ത്തതയായി, കളങ്കമായി, അനുഭവലയത്തിലെ ബോധത്തിന്‍റെ/അഹങ്കാരത്തിന്‍റെ മട്ടായി, അവ അവശേഷിക്കുന്നു
ചിലപ്പോള്‍ കനത്ത ചായത്തേപ്പായോ അല്ലെങ്കില്‍ ഏതോ ഒരു ഭൗതികരൂപത്തിന്‍റെ അവ്യക്തമായ നിഴല്‍രൂപമായോ (യാഥാര്‍ത്ഥ്യത്തിന്‍റെ മായ്ക്കാനാവാത്ത കറ?) അതു പ്രത്യക്ഷപ്പെടുന്നു.
അമൂര്‍ത്തതയുടെ അപരിമേയത്തില്‍ നിന്ന് വ്യക്തിരിക്തരൂപം പൂണ്ടുവരുന്നതോ, അതിലേക്ക് ക്രമേണ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതോ ആയ ഒന്ന്.
യാഥാര്‍ത്ഥ്യത്തിന്‍റെ ഒരുതരം ശാഠ്യമോ ഖരത്വമോ, ഉണങ്ങാത്ത ഒരു മുറിവോ, അനുഭവത്തില്‍ നമ്മള്‍ ലയിക്കാന്‍ ആഗ്രഹിക്കാത്ത സ്വത്വത്തിന്‍റെ അവസാനത്തെ കണികയോ ആയി അത് പിന്നെയും പിന്നെയും അവശേഷിക്കുന്നു.
ജോര്‍ജിന്‍റെ ചിത്രങ്ങള്‍ നമ്മില്‍നിന്നാവശ്യപ്പെടുന്നത് നിശബ്ദവും വിമര്‍ശനാത്മകവുമായ പ്രതിഫലനമാണ്. അവയുടെ വേഗത പതിഞ്ഞതും ചാക്രികവുമാണ്; കാണിയെ സ്വന്തം ലോകത്തിലേക്കും അനുഭവത്തിലേക്കും ഗാഢമായി അനുനയിക്കുന്ന ഒന്ന്.
അവയുടെ ജൈവസാന്ദ്രത സമകാല ജീവിതത്തിന്‍റെ ചിതറലിനും ഒഴുക്കിനുമെതിരെ ചലിക്കുന്നു. ബിംബ-ദ്യശ്യസംഭവങ്ങളുടെ ബഹുലതയെ ഒഴിവാക്കി അവ ചിത്രകലയുടെ ഏറ്റവും പ്രാഥമികമായ ഘടകങ്ങളിലേക്ക് മടങ്ങുന്നു - നിറത്തിന്‍റെ സാന്ദ്രതകള്‍, ചേരുവകള്‍, പ്രതലത്തിന്‍റെ വലിവും സംഘര്‍ഷവും, തലങ്ങളുടെ പാരസ്പര്യം തുടങ്ങിയവയെയാണ് അവ ആശ്രയിക്കുന്നത്.
ഈ ചിത്രങ്ങളിലെ നിറങ്ങളുടെ ഉപയോഗവും വളരെ ശ്രദ്ധേയമായ ഒന്നാണ്. വര്‍ണത്തിന്‍റെ കെട്ടുകാഴ്ചയെയും ശൂന്യാഘോഷത്തെയും പ്രതിരോധിക്കുമ്പോള്‍ തന്നെ അവയെ മറ്റൊരു തലത്തില്‍ വീണ്ടെടുക്കുകയും ചെയ്യുന്നുണ്ട് .
ഇവിടെ ശ്രദ്ധയോടെയും സൂക്സ്മതയോടെയും ഗാഢമായ ബഹുമാനത്തോടെയുമുള്ള നിറങ്ങളുടെ വിന്യാസത്തിലൂടെ ഉച്ചത്തിലുള്ളത് എന്നു പരിഗണിക്കപ്പെടുന്ന പല നിറങ്ങളും ജോര്‍ജ് ചിത്രങ്ങളില്‍ തീവ്രഭാവം കൈവരിക്കുന്നു
ഏറ്റവും താഴ്ന്ന സ്ഥായിയുടെ ശാന്തതയിലേക്കും ഉച്ചസ്ഥായിയുടെ ഉന്മാദത്തിലേക്കും സഞ്ചരിക്കുന്ന ഒരു രാഗവിസ്താരം പോലെ നിറങ്ങള്‍ ഇവിടെ വിവിധ രൂപഭാവങ്ങള്‍ തേടുന്നു. അതുകൊണ്ടു തന്നെ അവ ആവര്‍ത്തിക്കുന്നത് രാഗസഞ്ചാരം പോലെ വിവിധ തലങ്ങളിലും സ്ഥായികളിലുമാണ്; ബാഹ്യലോകത്തിന്‍റേതും നമ്മുടേതും.