ദത്തന്‍: ഛായാശില്‍പങ്ങളുടെ കാര്‍മ്മികന്‍

കൊച്ചി: കൊച്ചി കായലില്‍150അടി ഉയരമുള്ള ശില്‍പമായിരുന്നു ദത്തന്‍റെ സ്വപ്നം.അത് ഫലിക്കാത്ത സ്വപ്നമായി. ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ കേള്‍ക്കണേന്ന് മരിക്കും മുന്‍പ് മോഹിച്ചു. അതു സാധിക്കതെ പോയി.

പ്രമുഖ ശില്‍പി എം ആര്‍ ഡി ദത്തന്‍, സുന്ദരമായ കൊച്ചിനഗരം സ്വപ്നംകണ്ട ശില്‍പിയായിരുന്നു കൊച്ചിയെ മനോഹരിയാക്കാനുള്ള ഒട്ടേറെപദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

കൃത്രിമ ദ്വീപ് ഉണ്ടാക്കി അതില്‍ ഒരു കൈയില്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ച താലവുമായി അതിഥികളെ സ്വീകരിക്കുന്ന 'അറബിക്കടലിന്‍റെ റാണി"യുടെ ശില്‍പം.

പിന്നെ പൈതൃക മ്യൂസിയവും സഞ്ചാരികള്‍ക്കായുള്ള വിനോദസൗകര്യങ്ങളുമൊക്കെ അദ്ദേഹം തയ്യാറാക്കിയ കൊച്ചി സുന്ദരമാക്കാനുള്ള രൂപരേഖയിലുണ്ടായിരുന്നു.

നഗരത്തോടുചേര്‍ന്നു കിടക്കുന്ന തുരുത്തുകളില്‍ ബോഗന്‍ വില്ലകള്‍ വച്ചുപിടിപ്പിച്ച് സുന്ദരമാക്കണമെന്ന് അദ്ദേഹം വളരെമുമ്പേ ജി.സി.ഡി.എ.യ്ക്ക് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.

കലയിലും ജീവിതത്തിലും ഒരുപോലെ പ്രകടിപ്പിച്ചിരുന്ന സത്യസന്ധതയായിരുന്നു എം.ആര്‍.ഡി. ദത്തന്‍റെ വ്യക്തിത്വത്തിന്‍റെ സവിശേഷത. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ അദ്ദേഹം സത്യസന്ധമായി കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുമായിരുന്നു. അതുതന്നെയായിരുന്നു ദത്തന്‍റെ നന്മയും.

സിമന്‍റ്, പ്ളാസ്റ്റര്‍ ഓഫ് പാരീസ്, ബ്രോണ്‍സ് എന്നീ മീഡിയങ്ങളിലാണ് അദ്ദേഹം ശില്‍പങ്ങള്‍ തീര്‍ത്തത്. നന്നായി ചിത്രം വരയ്ക്കുമായിരുന്നെങ്കിലും അദ്ദേഹം ശില്‍പകലയ്ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്.


ശില്‍പകലയിലെ സ്വതന്ത്രാവിഷ്കാരങ്ങളെക്കാള്‍ ഛായശില്‍പങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കി.
സ്വതന്ത്രാവിഷ്കാരങ്ങള്‍ക്ക് കലാകാരന്‍ സ്വന്തം മനസ്സാക്ഷിയോടു മാത്രം നീതി പുലര്‍ത്തിയാല്‍ മതിയെങ്കില്‍, ഛായശില്‍പങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ആസ്വാദകന്‍റെ മനസ്സറിയാനുള്ള വൈദഗ്ദ്ധ്യം കൂടി വേണം.

ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് നൂറുകണക്കിന് ശില്‍പങ്ങള്‍ നിര്‍മിച്ച അദ്ദേഹം കലാസ്വാദകരുടെ മനസ്സില്‍ ഇടം തേടി.


അദ്ദേഹം ചെയ്തുതീര്‍ത്ത ശില്‍പങ്ങളില്‍ മികച്ചതാണ് 'ഗുരുവായൂര്‍ കേശവന്‍". ദേവസ്വം അധികാരികളുമായി തെല്ല് വഴക്കടിച്ചുതന്നെയാണ് താന്‍ 'ഗുരുവായൂര്‍ കേശവന്‍" തീര്‍ത്തതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു..

ഗുരുവായൂര്‍ കേശവന്‍ ശില്‍പം തീര്‍ത്തതിന് ലഭിച്ച 'ശില്‍പരത്ന" ബഹുമതി അദ്ദേഹത്തിന് ഏറെ അഭിമാനം നല്‍കുന്നതായിരുന്നു.

ദത്തന്‍റെ മികച്ച പ്രതിമകളില്‍ പലതും കൊച്ചിയിലാണ് . രാജേന്ദ്ര മൈതാനത്തിനുസമീപമുള്ള ഗാന്ധിപ്രതിമ - പ്രതിമയുടെ പീഠത്തിലേക്കുള്ള ചവിട്ടുപടികള്‍ വശങ്ങളിലാണ് ദത്തന്‍ ഒരുക്കിയത്. ഗാന്ധിജിയുടെ മുന്നിലൂടെ കയറിവരാന്‍ അര്‍ഹതയുള്ള ഒരാളും ഇന്നില്ലെന്നതായിരുന്നു അദ്ദേഹത്തിന്‍റെവാദം

ചില്‍ഡ്രന്‍സ് പാര്‍ക്കിലെ വിവേകാനന്ദ പ്രതിമയും ദത്തനൊരുക്കിയതാണ്. ആലുവ നഗരസഭാ ഹാളിനുമുന്നിലെ ഗാന്ധിപ്രതിമയും നിരവധി ശ്രീനാരായണഗുരു പ്രതിമകളും ദത്തന്‍റെ ഓര്‍മയെ അനശ്വരമാക്കുന്നു.




1935 ജൂലൈ ഏഴിനാണ് ജനിച്ചത്.ദത്തന്‍റെ പിതാവ് ചെറായി സ്വദേശിയായിരുന്ന രാമന്‍, അക്കാലത്തെ പ്രഗത്ഭനായ കലാകാരനായിരുന്നു. കൊല്‍ക്കത്ത ശാന്തിനികേതനില്‍ നിന്ന് ചിത്രകല പഠിച്ചുവന്ന അദ്ദേഹം എറണാകുളത്ത് കൊച്ചിന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് സ്ഥാപിക്കുകയായിരുന്നു.

പിതാവില്‍ നിന്നാണ് ദത്തനും ചിത്ര-ശില്‍പകലകളുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ജന്മവാസന ഉണ്ടായിരുന്നതിനാല്‍ വളരെ വേഗത്തില്‍ത്തന്നെ ദത്തന്‍ കലാരംഗത്ത് പ്രഗത്ഭനായി.

ശില്‍പകലയോട് അദ്ദേഹം കാട്ടിയിരുന്ന അര്‍പ്പണബോധമാണ് അദ്ദേഹത്തെ വലിയ കലാകാരനാക്കി മാറ്റിയത്. നാടിനെ ദത്തന്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

ഒരു ശില്‍പത്തിന്‍റെ പൂര്‍ണതയ്ക്കുവേണ്ടി എത്രവേണമെങ്കിലും കഠിനപ്രയത്നം ചെയ്യാന്‍ ദത്തന്‍ ഒരുക്കമായിരുന്നു. ശില്‍പം നിര്‍മിക്കാന്‍ ഏറ്റുകഴിഞ്ഞാല്‍ അദ്ദേഹം പൂര്‍ണമായും അതില്‍ മുഴുകും. സാമ്പത്തിക പ്രശ്നങ്ങളും മറ്റും പറഞ്ഞ് പ്രതിമ നിര്‍മിക്കാന്‍ പറഞ്ഞവര്‍ വിട്ടുവീഴ്ച ആവശ്യപ്പെടുമ്പോള്‍, അദ്ദേഹം അവരോട് മുഖംനോക്കാതെ തന്നെ പ്രതികരിച്ചിരുന്നു.

കോഴിക്കോട്ട് പുതിയറയിലുള്ള എസ് കെ പൊറ്റെക്കടിന്‍റെ പ്രതിമ ,ശ്രീനാരായണ ഗുരുവിന്‍റെയും മഹാത്മാഗാന്ധിയുടെയും മറ്റു രാഷ്ട്രീയ - സാമൂഹിക - സാഹിത്യ നായകന്മാരുടെയും പതിമകള്‍ തീര്‍ത്തിട്ടുള്ള ദത്തന് അംഗീകാരങ്ങളും പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്‍റെ മാത്രം ഇരുനൂറിലേറെ ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ശ്രീനാരായണ ഗുരുവിന്‍റെ നാണയത്തിനു വേണ്ടിയും രൂപരേഖ വരച്ചു സമര്‍പ്പിച്ചു.

മഹാത്മാഗാന്ധി, കേരള പാണിനി എ.ആര്‍. രാജരാജവര്‍മ, സ്വാമി വിവേകാനന്ദന്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, വി.കെ. കൃഷ്ണമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, സി. കേശവന്‍, മുന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍, തപോവന സ്വാമി, മേല്‍പ്പത്തൂര്‍ തുടങ്ങിയവരുടെ ശില്‍പങ്ങള്‍ക്കും അദ്ദേഹം രൂപം നല്‍കി

. ആയിരത്തിലേറെ ഛായാചിത്രങ്ങളും വരച്ചു. ആശുപത്രിയിലാകുന്നതിനു മുന്‍പ് മൂന്നു ശില്‍പങ്ങളുടെ അവസാന മിനുക്കുപണിയിലായിരുന്നു.

വെബ്ദുനിയ വായിക്കുക