അമൂര്‍ത്തതയുടെ കൈയൊപ്പുകള്‍

2004 ജനുവരി ഞാന്‍ കൃത്യമായി ഓര്‍മ്മിക്കുന്നില്ല. പക്ഷേ, എനിക്ക് തോന്നുന്നത് കുട്ടിക്കാലത്തുതന്നെ അവന്‍റെ കുഞ്ഞു വിരലുകള്‍ എന്നെ കണ്ടെത്തിയിരുന്നു.

അബസ്ട്രാക്റ്റ് ചിത്രകലയിലെ പ്രശസ്തനായ കെ. രമേഷിന്‍റെ തിരുവനന്തപുരത്തെ ചിത്രപ്രദര്‍ശനത്തിന്‍റെ ആമുഖ വരികളാണിത്- ഒരു ബ്രഷിന്‍റെ ഓര്‍മ്മക്കുറിപ്പുപോലെ.

ചിത്രനികേതന്‍ ആര്‍ട്ട് ഗ്യാലറിയില്‍ 2004 ജനുവരി 17 മുതല്‍ 20 വരെ നടന്ന പ്രദര്‍ശനം സവിശേഷതകള്‍കൊണ്ട് ശ്രദ്ധേയമായി. ഉദ്ഘാടനകനില്ലാതെയാണ് പ്രദര്‍ശനം ആരംഭിച്ചതുതന്നെ. ചിത്രങ്ങള്‍ക്കൊന്നിനും അടിക്കുറിപ്പുകളോ പ്രത്യേക വിശദീകരണങ്ങളോ ഇല്ല.

തമിഴ്നാട്ടിലെ സേലം ജില്ലയില്‍ ഒരു സാധാരണ കര്‍ഷകന്‍റെ മകനായി ജനിച്ച രമേഷിനെ പ്രകൃതി ഏറെ ആകര്‍ഷിച്ചിരുന്നു. കരിമ്പിന്‍ പാടങ്ങളും, വയലുകളും കുട്ടിക്കാലം മുതലേ രമേഷിനെ പ്രകൃതിയിലേക്ക് അടുപ്പിച്ചു.

പിന്നീട് ബ്രഷ് കൈയിലെടുത്തപ്പോള്‍ കടലാസില്‍ നിറഞ്ഞത് പ്രകൃതിയ᩼ായത് സ്വാഭാവികം. അനുകരണങ്ങളും വിപണികേന്ദ്രീകരിച്ചുള്ള വാണിജ്യചിത്രകലാ രീതിയിലുമായിരുന്നില്ല രമേഷ് വരച്ചു തുടങ്ങിയത്. എന്തുകൊണ്ടാണ് താന്‍ അമൂര്‍ത്തതയുടെ വഴി തെരഞ്ഞെടുത്തത് എന്നതിന് രമേഷിന്‍റെ മറുപടി ഇങ്ങനെ:

നിങ്ങള്‍ നിങ്ങളുടെ ഒരു സുഹൃത്തിന്‍റെ ഒപ്പു കാണുമ്പോള്‍ അയാളെ തിരിച്ചറിയുന്നു. ആ രേഖ അയാളാണ്. അയാളുടെ അസ്തിത്വം അതിലുണ്ട്.അതുപോലെ എന്‍റെ പ്രകൃതി, ഞാന്‍ കണ്ട ഈ ചുറ്റുപാടുകള്‍, ഞാന്‍ കണ്ട ഒരു പ്രകൃതി ദൃശ്യം- ഇത് ഞാനെന്‍റെ ഭാഷയില്‍, നിറങ്ങളുടെ ഭാഷയില്‍ ഒരൊപ്പായി ക്യാന്‍വാസില്‍ എഴുതുന്നു. എന്‍റെ ഒപ്പുകളാണ് ഈ ക്യാന്‍വാസുകളില്‍.

അതെ, കെ. രമേഷ് കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ പ്രകൃതിയെ ക്യാന്‍വാസിലേക്ക് നിറങ്ങളായി പകര്‍ത്തുന്നു. നിറങ്ങള്‍ നിറഞ്ഞ രമേഷ് ചിത്രങ്ങള്‍ പ്രകൃതിയിലേക്കുള്ള നോട്ടങ്ങളാണ്.

ചിത്രപ്രദര്‍ശനത്തില്‍ രമേഷ് അവതരിപ്പിച്ചിട്ടുള്ളതും പ്രകൃതിയുടെ വിവിധ ഭാവങ്ങളാണ്. പാറക്കെട്ടുകളിലും കൃഷിസ്ഥലത്തും ആകാശത്തിലും നിറഞ്ഞ ഒന്‍പതു ഭാവങ്ങള്‍.

സ്കൂള്‍ വിദ്യാഭ്യാസ കാലം കഴിഞ്ഞപ്പോഴേക്കും രമേഷ് ചിത്രകലയുടെ ലോകമാണ് തന്‍റേതെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് തമിഴ്നാട് യൂണിവേഴ്സിറ്റിയില്‍ നിന്ന് ചിത്രകലയില്‍ ബിരുദവും ബിരുദാനന്ത ബിരുദവും കരസ്ഥമാക്കി.

സിനിമ

രമേഷിലെ പ്രതിഭയെ സിനിമയാണ് പിന്നീട് തേടിയെത്തിയത്. പഠന കാലത്തു തന്നെ രമേഷിന് കലാ സംവിധായകനാവാന്‍ അവസരം ലഭിച്ചു. പഠന കഴിഞ്ഞപ്പോഴേക്കും കലാസംവിധായകനായി രമേഷ് പേരെടുത്തു കഴിഞ്ഞിരുന്നു.

പിന്നീട് ഏതാണ്ട് അഞ്ചു വര്‍ഷത്തോളം സിനിമയായിരുന്നു രമേഷിന്‍റെ കല. 15 ഓളം പരസ്യചിത്രങ്ങള്‍ക്കും കലാ സംവിധായകനായിരുന്നു രമേഷ്. രമേഷ് കലാസംവിധായം നിര്‍വഹിച്ച പ്രധാനപ്പെട്ട ചിത്രങ്ങള്‍ 1996-ല്‍ പ്രദര്‍ശനത്തിനെത്തിയ കന്നട സിനിമ മാനവ 2022, 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് സിനിമ ഹരിശ്ഛന്ദ്ര, കണ്ണാതാള്‍ (1998) ഇവയാണ്.

തിരിച്ചുവരവ്

സിനിമാ ലോകത്ത് അണിയറ നാടകങ്ങളും വാണിജ്യവല്‍ക്കരണവും മനസു മടുപ്പിച്ച ഈ മനുഷ്യസ്നേഹിക്ക് ഏറെക്കാലം സിനിമയില്‍ തുടരാനായില്ല. എല്ലാം വലിച്ചെറിഞ്ഞ്, പരസ്യത്തോടും, വാണിജ്യ സിനിമയോടും കലഹിച്ച് രമേഷ് തിരിച്ചുവന്നു.

പ്രിയപ്പെട്ട പ്രകൃതിലേക്കും, തന്‍റെ പ്രിയപ്പെട്ട ക്യാന്‍വാസുകളിലേക്കും, നിറങ്ങളിലേക്കും. പിന്നീട് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍. കൂടാതെ, ഫ്രാന്‍സിലും രമേഷ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇതിനിടയില്‍ 95-ല്‍ ചെന്നൈ ലളിതകലാ അക്കാദമിയുടെ സ്കോളര്‍ഷിപ്പും 1998 ല്‍ തമിഴ്നാട് സംസ്ഥാന അക്കാദമിയുടെ സ്കോളര്‍ഷിപ്പും രമേഷിനെ തേടിയെത്തി. അടുത്തമാസം ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് പ്രദര്‍ശനത്തിനായി തയ്യാറെടുക്കുകയാണ് രമേഷിപ്പോള്‍.

രമേഷിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്‍റര്‍നെറ്റിലും നടക്കുന്നു.

വെബ്ദുനിയ വായിക്കുക