മനസുനിറയ്ക്കുന്ന ജയിംസും ആലീസും - യാത്രി ജെസെന്‍ എഴുതുന്ന നിരൂപണം
വെള്ളി, 6 മെയ് 2016 (14:55 IST)
പ്രണയകഥകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. പ്രണയകഥകളില്‍ വ്യത്യസ്തത കൊണ്ടുവരിക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ആവര്‍ത്തിച്ചു പറയുന്ന കഥയാണെങ്കിലും കഥ പറയുന്ന രീതിയിലുള്ള പുതുമയാണ് പ്രേക്ഷകരെ ആകര്‍ഷിക്കുക. പുതുമയുള്ള രീതിയില്‍ ഒരു പഴയകഥ പറയാന്‍ ശ്രമിച്ചിരിക്കുകയാണ് ഛായാഗ്രഹണത്തില്‍ നിന്ന് സംവിധാനത്തിലേക്ക് ആദ്യചുവട് വയ്ക്കുന്ന സുജിത് വാസുദേവ്.
ജയിംസ് ആന്റ് ആലീസ് എന്ന സുജിത്തിന്റെ സിനിമയും ഒരു മികച്ച പ്രണയകഥയാണ്. എന്നാല്‍ പ്രണയവും അതിന്റെ നേര്‍ത്ത ഇതളുകളും മാത്രം സ്പര്‍ശിക്കാതെ കുടുംബജീവിതത്തിന്റെ താളവും താളപ്പിഴകളും കൂടി ഈ സിനിമ വിഷയമാക്കുന്നു എന്നതാണ് പ്രത്യേകത.
പൃഥ്വിരാജും വേദികയുമാണ് ഈ ചിത്രത്തില്‍ ജയിംസിനെയും ആലീസിനെയും അവതരിപ്പിക്കുന്നത്. അവരുടെ കളര്‍ഫുളായ പ്രണയജീവിതവും അത്ര നിറമില്ലാത്ത വിവാഹാനന്തര ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്. ലളിതവും കെട്ടുറപ്പുള്ളതുമായ തിരക്കഥയില്‍ അതിമനോഹരമായ ഒരു ദൃശ്യാനുഭവമാണ് സുജിത് വാസുദേവ് ഒരുക്കിയിരിക്കുന്നത്.
സിനിമയ്ക്ക് ഈ കാലത്തിന് യോജിച്ച രീതിയിലുള്ള സ്പീഡില്ല എന്നത് ഒരു പക്ഷേ ഈ കഥയ്ക്കും അതിന്റെ ആഖ്യാനത്തിനും ഏറ്റവും യോജിച്ച ഒരു കാര്യമാണെന്ന് മനസിലാകും. അല്ലെങ്കില്‍ ഈ സിനിമ ഇത്രയും ആസ്വാദ്യയകരമാകുമായിരുന്നില്ല. ഒരു ഹൈസ്പീഡ് എന്റര്ടെയ്നര് പ്രതീക്ഷിച്ച് വരുന്നവര്‍ പോലും ആദ്യ അരമണിക്കൂറില്‍ അല്‍പ്പം നിരാശരാകുമെങ്കിലും പിന്നീട് ജയിംസിന്റെയും ആലീസിന്റെ ജീവിതരസങ്ങളിലേക്ക് മതിമറന്ന് ഇരുന്നുപോകും.
ഡോ. എസ് ജനാര്‍ദ്ദനനന്‍ എഴുതിയ തിരക്കഥ മികച്ച സംഭാഷണങ്ങള്‍ കൊണ്ടും നല്ല കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ടും സമ്പന്നമാണ്. ക്ലൈമാക്സിലാകട്ടെ ഒരു വലിയ സസ്പെന്‍സ് കൊണ്ടുവന്ന് ഞെട്ടിക്കാനും സംവിധായകനും തിരക്കഥാകൃത്തിനുമായി. സുജിത് വാസുദേവ് തന്നെയാണ് സിനിമയുടെ ക്യാമറയും ചലിപ്പിച്ചിരിക്കുന്നത്. അതിമനോഹരമായ വിഷ്വലുകളാണ് സിനിമയുടെ ഹൈലൈറ്റ്.
അഭിനയത്തില്‍ പൃഥ്വിരാജും വേദികയും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നടത്തിയത്. സായ്കുമാറും മികച്ചുനിന്നു. കിഷോര്‍ സത്യയാണ് നല്ല അഭിനയം കാഴ്ചവച്ച മറ്റൊരു നടന്. ബോക്സോഫീസില്‍ കോടികള്‍ വാരുന്ന തിരക്കഥകള്ക്കല്ല, പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്ന സിനിമകള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
നല്ല ഗാനങ്ങളും കഥാഗതിയുടെ താളത്തിന് അനുസരിച്ചുള്ള പശ്ചാത്തല സംഗീതവും കൂടിയായപ്പോള്‍ ജയിംസ് ആന്റ് ആലീസ് മനസുനിറയ്ക്കുന്ന ഒരു അനുഭവമായി. സുജിത് വാസുദേവിന് തന്റെ കന്നി സംവിധാന സംരംഭം പിഴച്ചില്ല.