ഇതാണ് മാസ്, മരണമാസ്; കിടിലം കൊള്ളിച്ച് ഗ്രേറ്റ്ഫാദര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍
വ്യാഴം, 30 മാര്‍ച്ച് 2017 (14:45 IST)
റിവഞ്ച് ത്രില്ലറുകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ഒരുപാട് സംവിധായകര്‍ അത്തരം സബ്ജക്ടുകള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതില്‍ വിജയിച്ചു എന്ന് പറയുന്ന ശ്രമങ്ങളും കുറവാണ്. അതില്‍ ഊഴം, ന്യൂഡല്‍ഹി, മുഹൂര്‍ത്തം 11.30ന്, തീവ്രം, അനശ്വരം, ട്വന്‍റി20, ലേലം, ബിഗ്ബി, ചാണക്യന്‍, കൌരവര്‍, താഴ്വാരം, വേട്ട, ജനകന്‍, നായകന്‍, പുതിയ നിയമം, ചെസ്, ഒരേമുഖം തുടങ്ങിയവ ശ്രദ്ധേയമാണ്.
 
ഇതില്‍ മമ്മൂട്ടി നായകനായ പ്രതികാരകഥകളില്‍ ന്യൂഡല്‍ഹിയും കൌരവരും മുഹൂര്‍ത്തം 11.30നും തന്നെ മുന്നില്‍. ആ ഗണത്തിലേക്ക് എത്തുകയാണ് ‘ദി ഗ്രേറ്റ്ഫാദര്‍’. ഏറെ ഹൈപ്പിന് ശേഷമെത്തിയ സിനിമ ലോകമെമ്പാടും നാനൂറോളം തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കൂറ്റന്‍ ഫ്ലക്സുകളും ആരാധകരുടെ ആഘോഷത്തിമര്‍പ്പും നിറഞ്ഞുനിന്ന തിയേറ്റര്‍ മുറ്റത്തുനിന്ന് ഉള്ളിലേക്ക് കടക്കുമ്പോള്‍ എന്‍റെ മനസിലും പ്രതീക്ഷകള്‍ ഏറെയായിരുന്നു.
 
എനിക്ക് പ്രതീക്ഷ തന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമത് ഈ സിനിമ നിര്‍മ്മിക്കുന്നത് പൃഥ്വിരാജിന്‍റെ ആഗസ്റ്റ് സിനിമാസാണ്. രണ്ടാമത്തെ കാര്യം ഇതിന്‍റെ സംവിധായകന്‍ ഹനീഫ് അദേനി എന്ന നവാഗതനാണ്. മൂന്നാമത്തെ കാര്യം, വലിയ സ്റ്റൈലിഷ് ലുക്കുകളും ടീസറുകളും നല്‍കുന്ന സൂചനകള്‍ക്കപ്പുറം ഈ സിനിമ മറ്റെന്തോ ആണെന്ന് എന്‍റെ ഉള്ളിലുണര്‍ന്ന ഒരു ചിന്തയാണ്. എന്‍റെ പ്രതീക്ഷകളെ 100 ശതമാനം തൃപ്തിപ്പെടുത്തി മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍. ഈ സിനിമ നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറം നില്‍ക്കുന്നു, എല്ലാ അര്‍ത്ഥത്തിലും.
 
ഗാംഗ്സ്റ്ററിലെ പോലെ ഈ സിനിമയിലും അധോലോകമായിരിക്കുമോ ചര്‍ച്ച ചെയ്യുക എന്ന് ഭയന്നവരുടെ ആ ഭയപ്പാട് അസ്ഥാനത്തായി. ഇതില്‍ അധോലോകമല്ല, ഒരു അച്ഛന്‍റെ പ്രതികാരമാണ് നിങ്ങള്‍ക്ക് കാണേണ്ടിവരിക. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ ഹീറോയേയും അഭിനേതാവിനെയും ഒരുപോലെ സ്ക്രീനില്‍ കാണാനാകുന്നു എന്നതും സവിശേഷതയാണ്. അതേ, അമരത്തിലെ അച്ചൂട്ടിയെപ്പോലെ നിസഹായനായ ഒരു പിതാവിനെ ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാം. കിംഗിലെ ജോസഫ് അലക്സിനെപ്പോലെ ഗര്‍ജ്ജിക്കുന്ന നായകനെയും കാണാം.
 
ബില്‍ഡറായ ഡേവിഡ് നൈനാന്‍റേത് സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഒരു കുടുംബമായിരുന്നു. ഭാര്യ ഡോ.മിഷേലും മകള്‍ സാറയും അടങ്ങുന്ന കുടുംബം. സാറ ലൈംഗികപീഡനത്തിന് ഇരയായതാണ് ആ കുടുംബത്തെ തകര്‍ത്തെറിഞ്ഞത്. ഡേവിഡ് എന്ന പിതാവ് ആ സാഹചര്യത്തെ എങ്ങനെ നേരിടുന്നു എന്നും കുറ്റവാളികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. കുട്ടികളെ പീഡിപ്പിച്ചുകൊല്ലുന്ന ഒരു സീരിയല്‍ കില്ലറിനെ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂസായി ആര്യയും സിനിമയിലുണ്ട്.
 
പൂര്‍ണമായും മമ്മൂട്ടിയുടെ പ്രകടനമാണ് ദി ഗ്രേറ്റ്ഫാദറിന്‍റെ ഹൈലൈറ്റ്. ആദ്യ പകുതി ഇമോഷന് പ്രാധാന്യം നല്‍കുമ്പോള്‍ രണ്ടാം പകുതി ചടുലമാണ്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലും ആക്ഷനും സെന്‍റിമെന്‍റ്സ് രംഗങ്ങളുമെല്ലാം പ്രേക്ഷകരെ വശീകരിക്കുന്ന വിധം ഒരുക്കാന്‍ ഹനീഫ് അദേനിക്ക് കഴിഞ്ഞിട്ടുണ്ട്. സമീപകാലത്ത് അരങ്ങേറ്റം കുറിച്ച സംവിധായകരില്‍ ഈ ചെറുപ്പക്കാരന്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.
 
സുഷിന്‍ ശ്യാമിന്‍റെ പശ്ചാത്തല സംഗീതവും ഗോപി സുന്ദറിന്‍റെ ഗാനങ്ങളും മികച്ചുനില്‍ക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും ഗംഭീരം. ടെക്‍നിക്കല്‍ പെര്‍ഫെക്ഷനോടെ ഒരുക്കിയിരിക്കുന്ന സിനിമ മമ്മൂട്ടി ആരാധകരെ ത്രില്ലടിപ്പിക്കുന്നു. കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കുന്നു. 
 
റേറ്റിംഗ്: 3.5/5
Next Article