ഞാന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍

വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (20:35 IST)
രഞ്ജിത് സിനിമകളുടെ ഇടവേള വര്‍ദ്ധിക്കുമ്പോള്‍ അസ്വസ്ഥയാകുന്ന ഒരു മനസാണ് എന്‍റേത്. എന്‍റെ രാവുകളെയും പകലുകളെയും ആഹ്ലാദഭരിതമാക്കുന്ന ചില സിനിമകള്‍ രഞ്ജിത് സമ്മാനിച്ചവയാണ്. എനിക്കൊരിക്കലും മറക്കാനാവാത്ത മായാമയൂരം, ഇപ്പോഴും നടുക്കമുണ്ടാക്കുന്ന കൈയൊപ്പ്, വേദനയും സന്തോഷവും നല്‍കുന്ന 'തിരക്കഥ'. പിന്നെ എന്നും എപ്പോഴും ആവേശമായി ദേവാസുരവും രാവണപ്രഭുവും ആറാം തമ്പുരാനും.
 
രഞ്ജിത്തിന്‍റെ ഭാഷയില്‍ രൂപം കൊള്ളുന്ന സിനിമകളുടെ വശ്യതയില്‍ മയങ്ങിക്കിടക്കുന്ന ഒരു സ്ത്രീ എന്നിലുണ്ട് എന്ന തിരിച്ചറിവോടെയും അത് നല്‍കുന്ന ഭയത്തോടെയുമാണ് ഓരോ രഞ്ജിത് ചിത്രങ്ങളെയും ഞാന്‍ സമീപിക്കാറ്. സിനിമ മോശമാണെങ്കില്‍ അത് വിളിച്ചുപറയാന്‍ എന്നിലെ എഴുത്തുകാരിയുടെ ശബ്ദത്തിന് കരുത്ത് ലഭിക്കുമോ എന്ന ഭയം. 
 
രഞ്ജിത്തിന്‍റെ കഴിഞ്ഞ ചിത്രമായ 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' മോശം ചിത്രമാണെന്ന് നാടെങ്ങും പ്രചരിച്ചപ്പോഴും എനിക്ക് അത് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. ആ സിനിമയ്ക്ക് വല്ലാത്തൊരു നിഷ്കളങ്കത ഫീല്‍ ചെയ്തിരുന്നു. എന്നാല്‍ എനിക്ക് ഇഷ്ടപ്പെടാതെ പോയ സിനിമ സ്പിരിറ്റ് ആണ്. അത് കൃത്രിമത്വം ഏറെയുള്ള ഒരുത്പന്നമായാണ് അനുഭവപ്പെട്ടത്.
 
പുതിയ സിനിമ 'ഞാന്‍'. ചിത്രം കണ്ടുകഴിഞ്ഞ് തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ എന്‍റെ മനസ് നിറഞ്ഞിരുന്നു. ഇത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. ഇത്രയും സിനിമാറ്റിക്കായ ഒരു തീം ആ നോവലില്‍ നിന്ന് കണ്ടെടുത്ത രഞ്ജിത്തിന്‍റെ കണ്ണുകള്‍ക്ക് ആദ്യ സല്യൂട്ട്.
 
അടുത്ത പേജില്‍ - ആരാണ് ഈ കോട്ടൂര്‍ ‍!
 
 

സ്വാതന്ത്ര്യത്തിലേക്ക് പിച്ച വയ്ക്കുന്ന നാളുകള്‍ വരെയുള്ള ചരിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് രഞ്ജിത് 'ഞാന്‍' ഒരുക്കിയിരിക്കുന്നത്. കൊയിലോത്തുതാഴെ നാരായണന്‍ നായര്‍ എന്ന കെ ടി എന്‍ കോട്ടൂര്‍ ആണ് നായക കഥാപാത്രം. വര്‍ത്തമാനകാലവും ഭൂതകാലവും സമന്വയിപ്പിച്ച് കഥ പറയുന്നതില്‍ രഞ്ജിത് പ്രകടിപ്പിച്ച വൈഭവത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
 
ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ് വര്‍ത്തമാനത്തിലെയും ഭൂതകാലത്തിലെയും കെ ടി എന്‍ കോട്ടൂര്‍. വര്‍ത്തമാനകാലത്തില്‍ അത് അയാളുടെ തൂലികാനാമമാണ്. ആ പേരിലാണ് കക്ഷി കോളം എഴുതുന്നത്. യഥാര്‍ത്ഥത്തില്‍ ആരാണ് ഈ കോട്ടൂര്‍, എന്താണ് അദ്ദേഹത്തിന്‍റെ ജീവിതം എന്ന അന്വേഷണമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്.
 
നോവല്‍ വായിച്ചവര്‍ക്ക് അറിയാം, 'ഞാന്‍' എന്ന സിനിമ രഞ്ജിത്തിന്‍റെ പക്ഷത്തുനിന്നുള്ള ഒരു വായനയാണ്. ആ നോവലില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന സിനിമകള്‍ ഇനിയുമെത്രയോ ഉണ്ട്. ഇതൊരു രഞ്ജിത് വേര്‍ഷന്‍. ദുല്‍ക്കര്‍ എന്ന നടനില്‍ കോട്ടൂരിനെ ഏല്‍പ്പിച്ചുകൊടുത്തതോടെ ഞാന്‍ എന്ന സിനിമ പാതി വിജയിച്ചു എന്നുപറയാം. അത്രയ്ക്ക് ഉജ്ജ്വലമാക്കിയിട്ടുണ്ട് ദുല്‍ക്കര്‍. കെ ടി എന്‍ കോട്ടൂരായി ആ നടന്‍ ജീവിക്കുകയാണ്. മുന്നറിയിപ്പില്‍ അടുത്തിടെ മമ്മൂട്ടി അനുഭവിപ്പിച്ച മാജിക് ഈ സിനിമയിലൂടെ ദുല്‍ക്കര്‍ ആവര്‍ത്തിക്കുന്നു.
 
അടുത്ത പേജില്‍ - രണ്‍ജി പണിക്കര്‍ ഞെട്ടിച്ചു!
 

ദുല്‍ക്കറിന് ശേഷം എന്നെ വിസ്മയിപ്പിച്ചത് രണ്‍ജി പണിക്കരാണ്. കരുത്തുള്ള സംഭാഷണങ്ങളിലൂടെ തിയേറ്ററുകളെ ഇളക്കിമറിക്കുന്ന ആ മനുഷ്യന്‍റെയുള്ളില്‍ കരുത്തനായ ഒരു നടനുണ്ടെന്ന് വെളിപ്പെടുത്തുന്നു 'ഞാന്‍'. രൂപത്തിലും ഭാവത്തിലും അഭിനയരീതിയിലും രണ്‍ജി ഞെട്ടിക്കുകയാണ്.
 
ഹരീഷ് പേരടി, അനുമോള്‍, ജോയ്മാത്യു (ജോയ് മാത്യു അദ്ദേഹം തന്നെയായാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. നോവലില്‍ അദ്ദേഹം കഥാപാത്രമല്ല. ഇത് രഞ്ജിത്തിന്‍റെ കൂട്ടിച്ചേര്‍ക്കല്‍), ജ്യോതികൃഷ്ണ, മുത്തുമണി, ഇര്‍ഷാദ് തുടങ്ങി അഭിനേതാക്കളെല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. പലര്‍ക്കും രണ്ട് കാലങ്ങളിലെ കഥാപാത്രങ്ങളായി മാറേണ്ടിയിരുന്നു. ആ രൂപ-ഭാവ വ്യത്യാസങ്ങള്‍ രഞ്ജിത് മനോഹരമായി സന്നിവേശിപ്പിച്ചു.
 
മനോജ് പിള്ളയുടെ ഛായാഗ്രഹണവും സന്തോഷ് രാമന്‍റെ കലാസംവിധാനവും ഒന്നാന്തരം. ബിജിബാലിന്‍റെ സംഗീതവും മികച്ചത്. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍