'ജീവിതം ഒന്നേയുള്ളു , സ്വർഗ്ഗം നരകം ഒന്നുമില്ല, എങ്ങിനെ ജീവിക്കണം എവിടെ ജീവിക്കണം എന്നു നമ്മൾ തീരുമാനിക്കുക' - ഇത്തിക്കരപക്കിയുടെ വചനങ്ങളാണിത്. കാണികളെ കൊണ്ട് കൈയ്യടിപ്പിച്ച ഇത്തിക്കരപക്കിയുടെ മാസ് ഡയലോഗുകൾ.
പ്രതീക്ഷകളുടെ കൂമ്പാരവുമായി കൊച്ചുണ്ണി ലാൻഡ് ചെയ്തിരിക്കുന്നു. തിയേറ്ററിനെ കിടുക്കുന്ന ബിജിഎം സ്ക്രീനിലും അതിലും ഉച്ചത്തിൽ ഉയരുന്ന ശബ്ദഘോഷങ്ങളും ആർപ്പുവിളികളും കാണികൾക്കിടയിലും. അതെ, കായംകുളം കൊച്ചുണ്ണിയേയും അവന്റെ സന്തത സഹചാരി ഇത്തിക്കരപക്കിയേയും കേരളം ഏറ്റെടുത്ത് കഴിഞ്ഞു.
ചരിത്ര താളുകളിൽ നിന്ന്, ഐതിഹ മാലകളിൽ നിന്ന്, വായ് മൊഴികളിൽ നിന്ന്, കേട്ടറിവിൽ നിന്നുള്ള കഥകളിൽ നിന്ന് എന്ന് കൊച്ചുണ്ണിയുടെ ഇൻഡ്രോയ്ക്കു പശ്ചാത്തലമായി പറയുന്നുണ്ട്. മേൽ ജാതി വിവേചനത്തിന്റെയും മേലാളന്മാർ കിഴ് ജാതിക്കാരോട് കാട്ടുന്ന ക്രുരതകൾക്ക് ഏതിരെ പട പൊരുതുന്ന പടനായകനെന്ന കൊച്ചുണ്ണിയുടെ ജീവിതമാണ് സിനിമ പറയുന്നത്.
പാവപ്പെട്ടവരുടെ പട്ടണി ശമിപ്പിക്കാൻ നാട്ടിൽ തുല്യത ഉണ്ടാക്കി എടുക്കുന്ന കൊച്ചുണ്ണിയുടെ ജീവിത കഥയിലുടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കൊച്ചുണ്ണിയായി നിവിൻ പോളി തകർത്തുവെന്ന് തന്നെ പറയാം. സിനിമയുടെ തുടക്കത്തിൽ ഇങ്ങനെ തന്നെയാണോ കൊച്ചുണ്ണിയെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം.
അങ്ങനെ തോന്നുന്നതിന് കാരണം ഒരുപക്ഷേ, നമ്മൾ ആരും കാണാത്ത മാനറിസം ആണല്ലോ കൊച്ചുണ്ണി എന്ന വ്യക്തിക്ക്. അത് എങ്ങനെയാണെന്ന് അറിയാത്ത പക്ഷം ഊഹിക്കാനേ കഴിയൂ. ആ ഊഹം വെച്ച് നോക്കുമ്പോൾ നിവിൻ ഓകെയാണ്. കൊച്ചുണ്ണിയെന്ന നായകനേയും കള്ളനേയും ഒരുപോലെ മനോഹരമാക്കാൻ നിവിന് സാധിച്ചുവെന്ന് തന്നെ പറയാം.
ആദ്യപകുതിയിൽ ഇടയ്ക്ക് ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. ചെറിയ ഒരു ലാഗ്. അത്ര പോരായ്മയായി പറയാൻ കഴിയില്ല അതിനെ. പക്ഷേ, അടുത്ത് തന്നെ ‘മറ്റെന്തോ ഒന്ന് കൂടി വരാനുണ്ടെന്ന‘ തോന്നലിൽ ഇരിക്കുമ്പോൾ ആ ഇഴച്ചിൽ ഒരു പ്രശ്നമായി മാറുന്നില്ല. ഒടുവിൽ ഇന്റർവെല്ലോട് കൂടി അവൻ അവതരിക്കുകയാണ്. കൊച്ചുണ്ണിയുടെ സന്തതസഹചാരി ഇത്തിരിക്കരപ്പക്കി. തിയേറ്റർ ആർപ്പുവിളിച്ച് ആഘോഷിച്ച നിമിഷം.
20 മിനിറ്റ് ഇത്തിക്കരപ്പക്കിയായി മോഹൻലാൽ തിളങ്ങി. കൊച്ചുണ്ണിയ്ക്കും മുകളിൽ ഇത്തിക്കരപക്കിയെ പ്രേക്ഷകർ പ്രതിഷ്ടിച്ച 20 മിനിറ്റായിരുന്നു അത്. പക്ഷേ, മോഹൻലാൽ എന്ന അതുല്യ പ്രതിഭ സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോഴും നിവിന്റെ പ്രസൻസ് ഒട്ടും കുറയുന്നില്ല എന്നതും പ്രത്യേകത തന്നെ.
ഗോപി സുന്ദർന്റെ പശ്ചാത്തല സംഗീതം പതിവ് പോലെ തന്നെ മികച്ചു നിന്നു. രണ്ടാം പകുതി ഒരൊന്നൊന്നര വിഷ്വൽ ട്രീറ്റ് തന്നെ ആയിരുന്നു. ക്ലൈമാക്സിൽ നിറഞ്ഞുനിന്നത് നിവിനും ബാബു ആന്റണിയും ആണ്. നിവിനും മോഹൻലാലും കഴിഞ്ഞാൽ സ്ക്രീനിൽ നിറഞ്ഞുനിന്ന, പ്രേക്ഷകരെ കൊണ്ട് കൈയ്യടിപ്പിച്ച മറ്റൊരു നടൻ അത് ബാബു ആന്റണി ആണ്.
സണ്ണിവെയ്ൻ, മണികണ്ഠൻ, സുധീർ കരമന, ഷൈൻ ടോം തുടങ്ങി എല്ലാവരും അവരവരുടെ റോളുകൾ നന്നാക്കി , നായിക ആയി പ്രിയ ആനന്ദും തെറ്റില്ലായിരുന്നു. ഒരു ചെറിയ വേഷത്തിൽ ജൂഡ് ആന്റണി ചിരിപ്പിച്ചു.
ആദ്യപകുതിയിലെ രണ്ട് പാട്ടുകൾ അരോചകമായി തോന്നി. കള്ളനാവുന്നതിന് മുമ്പുള്ള കൊച്ചുണ്ണി ആയും അതിനു ശേഷം രണ്ടാം പകുതിയിലെ കായംകുളം കൊച്ചുണ്ണി ആയും നിവിൻ നന്നായി തന്നെ ചെയ്തു. 45 കോടി മുതൽ മുടക്കിലാണ് ഗോകുലം ഗോപാലൻ കൊച്ചുണ്ണിയെ ഏറ്റെടുത്തത്. റോഷൻ ആൻഡ്രൂസ് എന്ന പണിയറിയാവുന്ന സംവിധായകന്റെ കയ്യിൽ കായംകുളം കൊച്ചുണ്ണിയെന്ന സിനിമ സുരക്ഷിതമായിരുന്നു.
മൊത്തത്തിൽ നോക്കിയാൽ ആവശ്യത്തിന് ക്ലാസ്സും അത്യാവശ്യത്തിന് മാസും ഉള്ള ഒരു വട്ടം ധൈര്യമായി കാണാൻ പറ്റിയ ചിത്രം.