അനിക്കുട്ടന് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ആരാണ് അനിക്കുട്ടന്‍, അയാളുടെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് കാണിക്കുന്ന ആദ്യ പകുതിയും അക്ഷരാര്‍ത്ഥത്തില്‍ സര്‍വൈവ് ത്രില്ലര്‍ ഴോണറിനോട് നീതി പുലര്‍ത്തുന്ന രണ്ടാം പകുതിയുമാണ് സിനിമ. മണ്ണിടിച്ചിലില്‍ അകപ്പെട്ട് വന്‍ താഴ്ചയിലേക്ക് പതിക്കുന്ന അനിക്കുട്ടന്‍ എന്ന കഥാപാത്രം രക്ഷപ്പെടാന്‍ നടത്തുന്ന തീവ്ര ശ്രമങ്ങളാണ് സിനിമയുടെ മര്‍മ പ്രധാനമായ ഭാഗം. അനിക്കുട്ടന് സംഭവിച്ച ദുരന്തം നമുക്ക് തന്നെയാണ് സംഭവിച്ചതെന്ന് തിയറ്ററില്‍ ഇരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നുന്നു. അവിടെയാണ് സിനിമയുടെ വിജയം.
രണ്ടാം പകുതി പൂര്‍ണമായും ഫഹദ് ഫാസില്‍ എന്ന ഷോ മാന്റെ മാസ്മരിക പ്രകടനത്തിലൂടെയാണ് അടയാളപ്പെടുത്തുന്നത്. സംഗീതവും ക്യാമറയുമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. മലയന്‍കുഞ്ഞ് നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട സിനിമയാകുന്നത് ഈ ഘടകങ്ങളെല്ലാം ഒത്തുവരുമ്പോള്‍ ആണ്. കുടുംബസമേതം തിയറ്ററില്‍ പോയി കാണേണ്ട സിനിമകളുടെ കൂട്ടത്തില്‍ മലയന്‍കുഞ്ഞ് എന്തായാലും ഉണ്ട്.