Kaathal The Core Review: അഭിനയത്തികവിന്റെ മഹാമേരു; കാതല്‍ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ ! ജിയോ ബേബിക്ക് സല്യൂട്ട്

വ്യാഴം, 23 നവം‌ബര്‍ 2023 (15:14 IST)
Kaathal The Core Review: 'മമ്മൂട്ടി കമ്പനി' മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. അത് ബോക്‌സ്ഓഫീസ് കളക്ഷന്‍ കൊണ്ട് മാത്രമല്ല മറിച്ച് തിരഞ്ഞെടുക്കുന്ന കാമ്പുള്ള വിഷയങ്ങളുടെ പേരിലും. ജിയോ ബേബി 'കാതല്‍ ദി കോര്‍' എന്ന സിനിമയ്ക്ക് വേണ്ടി വണ്‍ലൈന്‍ പറയാന്‍ എത്തുമ്പോള്‍ 72 കാരനായ മമ്മൂട്ടിയില്‍ നിന്ന് ഒരു 'യെസ്' പ്രതീക്ഷിച്ചു കാണുമോ? മനുഷ്യപക്ഷത്തു നിന്ന് ശക്തമായ രാഷ്ട്രീയം പറയുകയാണ് കാതല്‍. അതിനു പ്രധാന കാരണമായ സംവിധായകന്‍ ജിയോ ബേബിയോടും നടനും നിര്‍മാതാവുമായ മമ്മൂട്ടിയോടും ആദ്യമേ നന്ദി പറയട്ടെ ! 
 
റിലീസിന് മുന്‍പ് പ്രചരിച്ചതു പോലെ സ്വവര്‍ഗാനുരാഗിയായ ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹത്തെ പേടിച്ച് സ്വന്തം സെക്ഷ്വാലിറ്റിയെ മറച്ചുവയ്‌ക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ നിസഹായവസ്ഥയും അയാള്‍ കാരണം ചുറ്റിലുമുള്ള മനുഷ്യര്‍ക്കുണ്ടാകുന്ന പ്രതിബന്ധങ്ങളും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സോടെ പറഞ്ഞുവയ്ക്കുകയാണ് കാതലില്‍. മാത്യു ദേവസി എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടിയും മാത്യുവിന്റെ ഭാര്യ ഓമനയായി ജ്യോതികയും അഭിനയിച്ചിരിക്കുന്നു. 
 
ലൈംഗികതയോട് സമൂഹത്തിനുള്ള ചില മുന്‍വിധികളുണ്ട്. ആണും ആണും പ്രണയിച്ചാല്‍ പെണ്ണും പെണ്ണും പ്രണയിച്ചാല്‍ അവര്‍ തമ്മില്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ അതിനെയെല്ലാം വിചിത്രമായി ചിത്രീകരിക്കുന്ന മനോഭാവമുള്ള സമൂഹത്തിലേക്കാണ് ഇങ്ങനെയൊരു വിഷയം ജിയോ ബേബി സിനിമയാക്കി അവതരിപ്പിച്ചിരിക്കുന്നു. ഏച്ചുകെട്ടലുകള്‍ ഇല്ലാതെ മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സോടു കൂടി തന്നെ അതിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ജിയോ ബേബി വിജയിച്ചിരിക്കുന്നു. ജിയോ ബേബിയുടെ ഏറ്റവും മികച്ച സിനിമയാണ് കാതല്‍. തിരഞ്ഞെടുത്ത പ്രമേയം കൊണ്ടും അത് പ്രേക്ഷകരിലേക്ക് എത്തിച്ച രീതി കൊണ്ടും ജിയോ ബേബി അഭിനന്ദനം അര്‍ഹിക്കുന്നു. തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയ്ക്കും നന്ദി ! ഇങ്ങനെയൊരു വിഷയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോള്‍ തിരക്കഥയില്‍ പുലര്‍ത്തേണ്ട സൂക്ഷമമായ കണിശതയുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ഏച്ചുകെട്ടല്‍ ഇല്ലാതെ പ്രേക്ഷകരുമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന തരത്തില്‍ അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. സാലു കെ തോമസിന്റെ ക്യാമറയും മാത്യൂസ് പുളിക്കന്റെ സംഗീതവും മികച്ച നിലവാരം പുലര്‍ത്തി. 
 
കാതലിന്റെ യഥാര്‍ഥ കാമ്പ് അഭിനേതാക്കളാണ്. ആദ്യ പകുതിയില്‍ കാര്യമായ ഡയലോഗ് പോലും ഇല്ലാത്ത മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തിലെത്തിയ ദേവസി എന്ന കഥാപാത്രം പോലും അവസാന ഇരുപത് മിനിറ്റ് കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നുണ്ട്. അവിടെയാണ് അഭിനേതാക്കളുടെ ആത്മസമര്‍പ്പണം പൂര്‍ണമാകുന്നത്. അഭിനയത്തികവിന്റെ അടക്കിപ്പിടിച്ച ഊഷ്മളതയാണ് മമ്മൂട്ടിയെന്നത് വെറുമൊരു ഭംഗി വാക്കല്ല. അയാള്‍ അഭിനയിക്കാന്‍ വേണ്ടി ജനിച്ച മനുഷ്യനാണ്. അഭിനയത്തോടും സിനിമയോടും അയാള്‍ക്ക് അടങ്ങാത്ത അഭിനിവേശമാണ്. അരനൂറ്റാണ്ടോളം അഭിനയിച്ചിട്ടും കഥാപാത്രങ്ങള്‍ക്ക് ആവര്‍ത്തനം ഉണ്ടാകരുതെന്ന് അയാള്‍ക്ക് വല്ലാത്തൊരു ശാഠ്യമുണ്ട്. ആ ശാഠ്യത്തിന്റെ ഫലമാണ് മാത്യു ദേവസി എന്ന കഥാപാത്രം. സ്വന്തം സെക്ഷ്വാലിറ്റിയെ ഒളിപ്പിച്ചു വയ്‌ക്കേണ്ടി വരുന്ന മനുഷ്യന്റെ ദൈന്യതയെ അയാള്‍ അതിഗംഭീരമായി പകര്‍ന്നാടി. ജ്യോതികയുടെ ഓമന എന്ന കഥാപാത്രവും പ്രേക്ഷകരെ കരയിപ്പിക്കുകയും മനസ് നിറയ്ക്കുകയും ചെയ്തു. സിനിമയുടെ വൈകാരിക തലങ്ങളെ പ്രേക്ഷകരുമായി അടുപ്പിക്കുന്നതില്‍ ജ്യോതികയുടെ ഡബ്ബിങ്ങിന് വലിയ പ്രസക്തിയുണ്ട്. ജ്യോതികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഓമന. ജോജി ജോണ്‍, ജിഷു സെന്‍ഗുപ്ത, മുത്തുമണി, ചിന്നു ചാന്ദ്‌നി, സുധി കോഴിക്കോട് തുടങ്ങി സിനിമയില്‍ അഭിനയിച്ചവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി. 
 
ഇതൊരു രാഷ്ട്രീയ സിനിമയാണ്...! മനുഷ്യന്റെ രാഷ്ട്രീയം പറയുന്ന സിനിമ. ഹോമോ സെക്ഷ്വാലിറ്റിയെ കുറിച്ച് മാത്രമല്ല ഒരു വ്യക്തിക്ക് ലൈംഗികത എത്ര പ്രധാനപ്പെട്ടതാണെന്നും അപരന്റെ സെക്ഷ്വാലിറ്റിയെ അംഗീകരിക്കേണ്ടത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും കാതല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ഉറപ്പായും മലയാള സിനിമയിലെ വിപ്ലവമായി കാതലും ജിയോ ബേബിയും മമ്മൂട്ടി കമ്പനിയും കുറിക്കപ്പെടും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍