സ്ത്രീ കേന്ദ്രീകൃത കഥയിലൂടെ തന്നെ സംവിധായകൻ തന്റെ അരങ്ങേറ്റം വ്യത്യസ്‌തമാക്കിയിരിക്കുകയാണ്. ജൂണിന്റെ പ്ലസ്‌ടു കാലത്തിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ആദ്യ പകുതിയിൽ കുട്ടിക്കളിയും പ്ലസ് ടു പ്രണയവുമൊക്കെയായി ചിത്രം നീങ്ങുന്നു. ചെറുപ്രായത്തിൽ തുടങ്ങിയ പ്രണയം വീട്ടുകാരുടെ ആവശ്യപ്രകാരം (അത് പെൺകുട്ടിയുടേയോ ആൺകുട്ടിയുടേയോ) പകുതിയിൽ അവസാനിപ്പിക്കുന്ന പതിവ് ശൈലി തന്നെ സംവിധായകൻ ഇവിടേയും സ്വീകരിച്ചിരിക്കുന്നുണ്ട്. നമ്മുടെ പ്രതീക്ഷകൾക്കുമപ്പുറമുള്ള ചില കാര്യങ്ങളാണ് ജീവിതം നമുക്ക് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ രണ്ടാം പകുതിയിൽ സിനിമ ഇതിൽ നിന്നെല്ലാം മാറി നിൽക്കുന്നു. യൗവനയുക്തയായ പെണ്‍കുട്ടി തന്റെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കുന്നതാണ് രണ്ടാം പകുതിയിൽ പറയുന്നത്. തികച്ചും ലളിതമായ പ്ളോട്ടില്‍ ഒരുക്കിയിരിക്കുന്ന സിനിമ, അത് പ്രേക്ഷകർക്ക് പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്ക് ഫീൽ ഗുഡ് മൂവി തന്നെ ആയിരിക്കും.