ജനതാ ഗാരേജ് - മോഹന്‍ലാല്‍ ആരാധകര്‍ക്ക് കണ്ടിരിക്കാം !

ശ്രീനിവാസ് അമ്പലക്കര

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (16:36 IST)
മലയാളത്തില്‍ ഒരു നരസിംഹം വന്നിട്ട് എത്ര നാളായി! ഒരു രാവണപ്രഭു വന്നിട്ട് എത്ര നാളായി! ആശ്ചര്യപ്പെടുന്നവരുടെ എണ്ണം വളരെ വലുതാണ്. കാരണം മലയാളത്തില്‍ മാസ് മസാല എന്‍റര്‍ടെയ്നറുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. മാസ് സിനിമകള്‍ എന്ന ലേബലിലെത്തുന്നവയാകട്ടെ, കുടുംബത്തോടൊപ്പം കാണാന്‍ വയ്യാത്ത വിധത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കുത്തിനിറച്ചവയാകുന്നു. അല്ലെങ്കില്‍ ഐറ്റം ഡാന്‍സിന്‍റെ അതിപ്രസരം.
 
മോഹന്‍ലാലിന്‍റെ ഒരു മാസ് പടം വന്നിട്ടുണ്ട് തിയേറ്ററുകളില്‍. ‘ജനതാ ഗാരേജ്’ എന്നാണ് പേര്. തെലുങ്കില്‍ ചിത്രീകരിച്ച സിനിമയാണ്. മലയാളം പതിപ്പാണ് ഞാന്‍ കണ്ടത്. എന്തായാലും ഒരു മാസ് ചിത്രമാണ് തെലുങ്ക് സംവിധായകന്‍ കൊരട്ടാല ശിവ നല്‍കിയിരിക്കുന്നത്. ഒരു ജനപ്രിയ സിനിമയ്ക്കുള്ള വകയെല്ലാം ചിത്രത്തിലുണ്ട്.
 
മോഹന്‍ലാലിനൊപ്പം ജൂനിയര്‍ എന്‍ ടി ആറുമുണ്ട്. എങ്കിലും സ്ക്രീന്‍ സ്പേസ് കൂടുതലും മോഹന്‍ലാലിന് തന്നെ. ചിത്രത്തില്‍ ഒന്നാന്തരം അഭിനയപ്രകടനവുമായി നിറഞ്ഞുനില്‍ക്കുന്നതും മോഹന്‍ലാല്‍. എന്തായാലും ജൂനിയര്‍ എന്‍ ടി ആറും മോഹന്‍ലാലും ഒരുമിച്ചുള്ള സീനുകള്‍ തെലുങ്ക് ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിസിലടിച്ച് ആര്‍ത്തുവിളിച്ച് ആഘോഷിക്കാന്‍ പാകത്തില്‍ മാസ് ആണ്.
 
'ജില്ല’ എന്നൊരു തമിഴ് ചിത്രം ഓര്‍ക്കുന്നുണ്ടാവും വായനക്കാര്‍. അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല ജനതാ ഗാരേജിലെ മോഹന്‍ലാല്‍ കഥാപാത്രവും. ഗോഡ്ഫാദര്‍ ഇമേജുള്ള ഈ മോഹന്‍ലാല്‍ കഥാപാത്രത്തിലേക്ക് നടന്നെത്തുകയാണ് ജൂനിയര്‍ എന്‍ ടി ആര്‍. അദ്ദേഹമാകട്ടെ ഒരു പ്രകൃതിസ്നേഹി.
 
യഥാര്‍ത്ഥത്തില്‍ സംവിധായകന് ഒരു കണ്‍ഫ്യൂഷനുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഫാമിലി സാഗ ചെയ്യണോ അതോ ഒരു ആക്ഷന്‍ മാസ് മസാല പടം ചെയ്യണോ എന്ന്. എന്തായാലും ആ ആശയക്കുഴപ്പം മുഴച്ചുനില്‍ക്കുമ്പോള്‍ നമുക്കൊരിക്കലും രാവണപ്രഭുവുമായോ ആറാം തമ്പുരാനുമായോ ജനതാ ഗാരേജിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല.
 
ആദ്യപകുതിയിലെ കോമഡി രംഗങ്ങളൊന്നും വേണ്ടവിധം രസിപ്പിച്ചില്ല. ആക്ഷന്‍ രംഗങ്ങളാവട്ടെ അമിതമായ സ്ലോമോഷന്‍ രംഗങ്ങളാല്‍ ആവേശം ചോര്‍ത്തിക്കളയുകയും ചെയ്തു. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ ജൂനിയര്‍ എന്‍ ടി ആറും മോഹന്‍ലാലും അതിഗംഭീര പ്രകടനം കാഴ്ചവച്ചു എന്ന് പറയാതെ വയ്യ.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
അനാവശ്യരംഗങ്ങള്‍ അനവധിയുണ്ട് ജനതാ ഗാരേജില്‍. ഒരു മുക്കാല്‍ മണിക്കൂറോളം കത്രികവച്ചാലും കഥയില്‍ ചേഞ്ചൊന്നും ഫീല്‍ ചെയ്യില്ല എന്നുറപ്പ്. അതുകൊണ്ടുതന്നെ സിനിമയിലൂടെയുള്ള യാത്ര അത്ര സുഗമമാവില്ല. എന്നിരുന്നാലും സമീപകാലത്ത് മലയാളത്തില്‍ മോഹന്‍ലാലിന്‍റെ മാസ് ചിത്രങ്ങളൊന്നും വരാത്ത സാഹചര്യത്തില്‍ ജനതാ ഗാരേജ് വച്ച് അഡ്ജസ്റ്റ് ചെയ്യുന്നതില്‍ കുഴപ്പമില്ല.
 
സമീപകാലത്ത് മോഹന്‍ലാലിന്‍റേതായി റിലീസ് ചെയ്ത വിസ്മയം എന്ന തെലുങ്ക് ചിത്രവുമായി കമ്പയര്‍ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ വിസ്മയത്തിന് കൂടുതല്‍ മാര്‍ക്കിടും. കാരണം, അത് ഒരു പെര്‍ഫെക്ട് സ്ക്രിപ്റ്റ് ആയിരുന്നു. നല്ല കഥ പറഞ്ഞ സിനിമയായിരുന്നു. ജനതാ ഗാരേജില്‍ രണ്ട് സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ബിഗ്ബജറ്റ് സിനിമ ചെയ്യുന്നതിന്‍റെ കോംപ്രമൈസ് സിനിമയിലുടനീളം കൊരട്ടാല ശിവ പ്രകടിപ്പിച്ചിരിക്കുന്നു.
 
ഉണ്ണി മുകുന്ദന്‍റെ അഭിനയം എങ്ങനെയുണ്ടാവുമെന്ന് അറിയാന്‍ ജനതാ ഗാരേജ് കാണേണ്ടതില്ല. ആ കഥാപാത്രത്തിലൊന്നും ഒരു കാര്യവുമില്ല. ഐറ്റം സോംഗ് ഒന്നുണ്ട്. അത് ഗംഭീരമാക്കിയിട്ടുണ്ട്. മൊത്തത്തില്‍ ജനതാഗാരേജ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു തവണ കാണാവുന്ന സിനിമയാണ്.
 
റേറ്റിംഗ്: 2.5/5

വെബ്ദുനിയ വായിക്കുക