Guruvayoorambala Nadayil First Half Review: പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' തിയറ്ററുകളില്‍. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാവുന്ന കോമഡി പടമെന്നാണ് ആദ്യ പകുതിയെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ആദ്യ പകുതി പോലെ തന്നെ രണ്ടാം പകുതിയും കംപ്ലീറ്റ് എന്റര്‍ടെയ്‌നറായാല്‍ 2024 ലെ മറ്റൊരു സൂപ്പര്‍ഹിറ്റ് പിറക്കുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു പറയുന്നു.
പൃഥ്വിരാജിന്റെ കോമഡി രംഗങ്ങള്‍ നന്നായിട്ടുണ്ട്. ആദ്യ പകുതിയില്‍ കൂടുതല്‍ കൈയടി വാങ്ങുന്നത് ബേസില്‍ ജോസഫാണ്. മുന്‍പ് ബേസില്‍ ചെയ്തിട്ടുള്ള കോമഡി വേഷങ്ങളോട് താരതമ്യം ചെയ്യാമെങ്കിലും ഇതില്‍ ഒരുപടി കൂടി കടന്ന് എന്റര്‍ടെയ്‌നറായി അഴിഞ്ഞാടിയിരിക്കുകയാണ്. വിപിന്‍ ദാസിന്റേത് മികച്ച സംവിധാനമാണെന്നും ആദ്യ പകുതിക്ക് ശേഷം പ്രേക്ഷകര്‍ പറയുന്നു.
അനശ്വര രാജന്റെ സഹോദരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. അനശ്വരയും ബേസിലും തമ്മിലുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടന്‍ അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ദീപ പ്രദീപിന്റേതാണ് കഥ. ക്യാമറ നീരജ് രവി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി.ശരത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.