Aadujeevitham Film Review: സ്‌ക്രീനില്‍ കണ്ടത് പൃഥ്വിരാജിനെയല്ല, നജീബിനെ തന്നെ; പ്രേക്ഷകരുടെ നെഞ്ചില്‍ നീറ്റലായി ബ്ലെസിയുടെ 'ആടുജീവിതം'

രേണുക വേണു

വ്യാഴം, 28 മാര്‍ച്ച് 2024 (15:42 IST)
Aadujeevitham

Aadujeevitham Film Review: 'ഇതെല്ലാം കഥയല്ലേ, ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ' എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ജീവനോടെയുള്ള നജീബ്. ചെറുമകള്‍ മരിച്ചതിന്റെ വേദനക്കിടയിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നജീബ് 'ആടുജീവിതം' കാണാന്‍ തിയറ്ററിലേക്ക് എത്തി. 16 വര്‍ഷക്കാലത്തെ സംവിധായകന്‍ ബ്ലെസിയുടെ കഠിനപ്രയത്‌നം സ്‌ക്രീനില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇരുന്ന് നജീബും വിതുമ്പിയിട്ടുണ്ടാകും, താന്‍ കടന്നുവന്ന പൊള്ളുന്ന ദുരിതങ്ങളുടെ തീവ്രതയെ കുറിച്ചോര്‍ത്ത്...! 
 
ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം: The Goat Life' ഒറ്റവാക്കില്‍ പറഞ്ഞാല്‍ മലയാള സിനിമയുടെ യശസ് കേരളത്തിനു പുറത്തേക്കും ഉയര്‍ത്തുന്ന ഗംഭീര സിനിമയാണ്. തന്റെ സിനിമ കരിയറിലെ 16 വര്‍ഷക്കാലം ബ്ലെസി എന്തിനാണ് ഒരു സിനിമയ്ക്കു വേണ്ടി മാത്രമായി കഷ്ടപ്പെട്ടതെന്ന് പില്‍ക്കാലത്ത് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ക്കുള്ള മറുപടിയാണ് 'ആടുജീവിതം'. ജീവിതം കരുപിടിപ്പിക്കാന്‍ ഒരു പെട്ടി സ്വപ്‌നങ്ങളുമായി മണലാരണ്യത്തിലേക്ക് എത്തിപ്പെട്ട മനുഷ്യരില്‍ പലരും അനുഭവിച്ച വേദനകളും ദുര്‍ഘടം പിടിച്ച ജീവിതയാത്രയുമാണ് ഈ സിനിമ. 
 
നല്ലൊരു കമ്പനിയില്‍ ഓഫീസ് ജോലിയും പ്രതീക്ഷിച്ച് ഗള്‍ഫില്‍ എത്തിപ്പെടുന്ന നജീബിനേയും കൂട്ടുകാരന്‍ ഹക്കീമിനേയും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു അറബി പിടിച്ചു കൊണ്ടുപോകുന്നു. ഇരുവരും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി ആടുകളെ നോക്കുന്ന അടിമ ജോലിക്ക് നിയോഗിക്കപ്പെടുന്നു. പിന്നീട് നജീബ് അനുഭവിക്കുന്ന ദുരിതങ്ങളും മരണം വരെ മുന്നില്‍കണ്ട നിമിഷത്തില്‍ നിന്ന് ജീവിതത്തിലേക്ക് കരകയറി വന്നതുമാണ് ആടുജീവിതത്തില്‍ പ്രതിപാദിക്കുന്നത്. 
 
നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് തന്നെ പരുവപ്പെടുത്തിയത് എത്രത്തോളം ദുര്‍ഘടമായ രീതിയിലാണെന്ന് നമുക്കറിയാം. പട്ടിണി കിടന്നും ശരീരഭാരം കുറച്ചും നജീബിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ പൃഥ്വിരാജ് ശാരീരികമായി നൂറ് ശതമാനം പെര്‍ഫക്ഷനോടെ അവതരിപ്പിച്ചിട്ടുണ്ട്. അതിനുമപ്പുറം എടുത്തു പറയേണ്ടത് നജീബിന്റെ ആത്മസംഘര്‍ഷങ്ങളെ, കടുത്ത നിരാശയെ കടുകിട വ്യത്യാസമില്ലാതെ അഭ്രപാളിയില്‍ പകര്‍ന്നാടിയതിനാണ്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ ഇനി ഒന്നാം സ്ഥാനത്തുണ്ടാകും നജീബ്. 
 
ഒരുപാട് ദുര്‍ഘടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ച് ബ്ലെസി എത്തിനില്‍ക്കുന്നത് മലയാളത്തിനു അഭിമാനമാകുന്ന ഒരു കലാസൃഷ്ടിക്ക് ജന്മം നല്‍കിയ സംവിധായകന്‍ എന്ന ഖ്യാതിയിലാണ്. സിനിമയെന്നാല്‍ വിഷ്വല്‍ ആണെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് ബ്ലെസി. അതുകൊണ്ട് തന്നെ ആടുജീവിതത്തില്‍ ഓരോ സീനും വിഷ്വലി കൂടി ക്വാളിറ്റിയുള്ളതാകണമെന്ന് ബ്ലെസിക്ക് ശാഠ്യമുണ്ടായിരുന്നു. അത് നൂറ് ശതമാനം വിജയിക്കുകയും ചെയ്തു. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും എ.ആര്‍.റഹ്‌മാന്റെ സംഗീതവും അഭിനന്ദനം അര്‍ഹിക്കുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍