താരങ്ങള്‍: വിജയ് സത്യരാജ്, ജീവാ, ശ്രീകാന്ത്, സത്യന്‍, ഇലിയാന, എസ്‌ജെ സൂര്യ സൌണ്ട് ഡിസൈനര്‍: റസൂല്‍ പൂക്കുട്ടി ഛായാഗ്രഹണം: മനോജ് പരമഹംസ സംഗീതം: ഹാരിസ് ജയരാജ് നിര്‍മാണം: ജെമിനി ഫിലിം സര്‍ക്യൂട്ട് തിരക്കഥ: രാജ്കുമാര്‍ ഹിരാനി - അഭിജിത് ജോഷി മൊഴിമാറ്റം: ശങ്കര്‍ - മദന്‍ കാര്‍ക്കി (വൈരമുത്തുവിന്റെ മകന്‍) സംവിധാനം: ശങ്കര്‍
തമിഴിലെ ഒരു മള്‍ട്ടീസ്റ്റാര്‍ ചിത്രം, അതും ബ്രഹ്മാണ്ഡ സംവിധായകനായ ശങ്കര്‍ ഒരുക്കുമ്പോള്‍ ആ സിനിമ കാണാതിരിക്കുന്നതെങ്ങനെ. ചെന്നൈയിലെ മായാജാല്‍ എന്ന തീയേറ്ററിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ മനസിലുള്ള ചോദ്യം ഇതായിരുന്നു, ‘നന്‍പന്റെ ഒറിജിനല്‍ വേര്‍ഷന്‍ ഹിന്ദിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിനെ വെല്ലുന്നതായിരിക്കുമോ ഒറിജിനലിന്റെ റിമേക്ക്?’
അഴിമതി, കൈക്കൂലി തുടങ്ങിയ സാമൂഹിക അനീതികള്‍ക്കെതിരെ ചെറുത്തുനില്‍ക്കുന്ന കഥാപാത്രമായിരിക്കും പലപ്പോഴും ശങ്കറിന്റെ നായക കഥാപാത്രം. അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന വിഷ്വല്‍ ട്രീറ്റ് നല്‍കി കാണികളെ കയ്യിലെടുക്കുന്ന സിനിമകളാവും ശങ്കര്‍ സ്കൂളില്‍ നിന്ന് പുറത്തിറങ്ങുക. എന്നാല്‍ ഇത്തവണ, രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ പൊളിച്ചടുക്കുന്ന കോണ്‍സെപ്റ്റുമായാണ് ശങ്കര്‍ എത്തിയിരിക്കുന്നത്.
അടുത്ത പേജില്‍ “3 ഇഡിയറ്റ്സിന്റെ കഥ തന്നെയാണോ നന്‍പനിലേതും?”
PRO
PRO
ഒറിജിനലിനെ വെല്ലുന്ന ഒറിജിനലാണ് നന്‍പന്‍. 3 ഇഡിയറ്റ്സിന്റെ കഥയില്‍ ഒരല്‍പം പോലും മാറ്റം നന്‍പനിലില്ല. ഹിന്ദിയില്‍ വീരു, നന്‍പനില്‍ വിരുമാണ്ടി. പിയ എന്ന പേര് റിയ എന്ന് മാറ്റിയിരിക്കുന്നു. റാഞ്ചോ ഇതില്‍ പഞ്ചമന്‍ ആയി മാറിയിരിക്കുന്നു. എന്നാല്‍ ഹിന്ദിയില്‍ ഈ സിനിമ കണ്ടപ്പോള്‍ എനിക്ക് ലഭിച്ച ത്രില്‍ വീണ്ടും അതേ അളവില്‍ അനുഭവിപ്പിക്കാന്‍ ശങ്കറിന് കഴിഞ്ഞിട്ടുണ്ട് എന്ന സത്യം ഞാന്‍ അംഗീകരിക്കുന്നു.
സുപ്രസിദ്ധ എഞ്ചിനീയറിംഗ് കൊളേജില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെയാണ് വിജയ്, ശ്രീകാന്ത്, ജീവാ എന്നിവര്‍ അവതരിപ്പിക്കുന്നത്. അധികം മാര്‍ക്ക്, ഒന്നാം സ്ഥാനം, നല്ല ജോലി എന്നീ ലക്‌ഷ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ (തള്ളിയും തല്ലിയും എത്തിക്കാന്‍) പാടുപെടുന്ന സ്കൂള്‍ പ്രിന്‍സിപ്പലായി സത്യരാജ് വേഷമിടുന്നു.
മാര്‍ക്ക് സിസ്റ്റത്തില്‍ ഊന്നിയ വിദ്യാഭ്യാസത്തെ വെറുക്കുന്ന വിജയ് കൊളേജിലെ തെറ്റായ വിദ്യാഭ്യാസ രീതിയെ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം എതിര്‍ക്കുകയും വിദ്യാഭ്യാസ രംഗത്തെ മണ്ടത്തരങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതോടെ വിജയ്‌യോടും സുഹൃത്തുക്കളോടും പ്രതികാരത്തിന് ഒരുങ്ങുകയാണ് പ്രിന്‍സിപ്പല്‍.
അടുത്ത പേജില്‍ “പ്രതികാരത്തിന്റെ അനന്തരഫലമെന്ത്?”
PRO
PRO
“വിദ്യാര്‍ത്ഥികളുടെ മേല്‍ ഇങ്ങിനെ പ്രഷര്‍ കൂട്ടാന്‍ കൊളേജെന്താ പ്രഷര്‍ കുക്കറാണോ” എന്നാണ് വിജയ്‌യുടെ ചോദ്യം. എന്തായാലും കുറച്ചുകാലം കൊണ്ടുതന്നെ താന്‍ പിന്തുടര്‍ന്ന് വരുന്നത് തെറ്റായ വിദ്യാഭ്യാസ രീതിയാണെന്ന് പ്രിന്‍സിപ്പല്‍ മനസിലാക്കുന്നു. ഇതിനിടെ പ്രിന്‍സിപ്പലിന്റെ മകളുമായി (ഇലിയാന) വിജയ് പ്രണയത്തിലാവുകയും ചെയ്യുന്നു.
എന്നാല്‍, കൊളേജിലെ ബിരുദദാന ചടങ്ങിന് ശേഷം വിജയ് അപ്രത്യക്ഷനാകുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ കൂട്ടുകാരനെ തേടി പോവുകയാണ് ജീവയും ശ്രീകാന്തും. കരിയറില്‍ ഉയരങ്ങള്‍ താണ്ടി, വിജയ്‌യിനെ തോല്‍പ്പിച്ചു എന്ന് അഹങ്കരിക്കുന്ന സത്യനും ഇവര്‍ക്കൊപ്പമുണ്ട്.
ലഭിച്ച വിലാസത്തില്‍ എത്തുന്ന അവര്‍ കാണുന്നത് വിജയ്‌യുടെ പേരിലുള്ള മറ്റൊരു ആളെയാണ് (സംവിധായകനും നടനുമായ എസ്‌ജെ സൂര്യ). അപ്പോള്‍ വിജയ്‌യിന് എന്തുപറ്റി? ഇതറിയാന്‍ ഈ സുഹൃത്തുക്കള്‍ വീണ്ടും യാത്ര തിരിക്കുകയാണ്. ഇവരുടെ യാത്രയുടെ അവസാനം എന്തുണ്ടാകും എന്നതാണ് നന്‍പന്റെ സസ്പെന്‍സ്!
അടുത്ത പേജില്‍ “ത്രീ ഇഡിയറ്റ്സ്, സന്‍പന്‍; ഏതാണ് മികച്ച പടം?”
PRO
PRO
3 ഇഡിയറ്റ്സ് കണ്ടിട്ടില്ലാത്തവര്‍ക്ക് നന്‍പന്‍ ഒരു ഗംഭീര അനുഭവം ആയിരിക്കുമെന്ന് പറയട്ടെ. ഒരുപക്ഷേ നന്‍പന്‍ കണ്ടുകഴിഞ്ഞാണ് നിങ്ങള്‍ 3 ഇഡിയറ്റ്സ് കാണുന്നതെങ്കില്‍ ഹിന്ദി സിനിമ അത്ര മികച്ചതായി നിങ്ങള്‍ക്ക് തോന്നിയേക്കില്ല എന്നും പറയാതിരിക്കാന്‍ വയ്യ. ശങ്കറിന്റെ മേക്കിംഗിന്റെ പ്രത്യേകത തന്നെ ഇത്!
സ്റ്റണ്ടില്ലാതെ, ഹീറോയിസം ഇല്ലാതെ വിജയ് ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു, വിജയിപ്പിച്ചിരിക്കുന്നു. ശങ്കറിന്റെ കയ്യില്‍ വിജയ്‌യെന്ന സൂപ്പര്‍ താരം എങ്ങിനെ മികച്ച കളിമണ്ണായി മാറുന്നത് നല്ല സിനിമാ പ്രേക്ഷകര്‍ക്ക് സന്തോഷം പകരും. ‘ഈ സിനിമ കാണുന്നതോടെ വിജയ് വിമര്‍ശകര്‍ക്കും വിജയ് പ്രിയതാരമാകും’ എന്ന് ശങ്കര്‍ പറഞ്ഞിരുന്നു. അക്ഷരംപ്രതി ശരിയാണിത്.
നന്‍പനിലെ ഒരു തൂണ് വിജയ് ആണെങ്കില്‍ മറ്റ് തൂണുകള്‍ ജീവ്യയും ശ്രീകാന്തും സത്യനുമാണ്. ജീവയും ശ്രീകാന്തും സത്യനും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് വിജയ്‌യുടെ കഥാപാത്രത്തിന് മിഴിവേകുന്നത് എന്നും പറയാം. കൊമേഡിയന്‍ വില്ലനായി എസ്‌ജെ സൂര്യ തകര്‍ത്തിരിക്കുന്നു. ഈ കഥാപാത്രത്തിന് ബിരുദം നേടാന്‍ വേണ്ടിയാണ് വിജയ് എഞ്ചിനീയറിംഗ് കൊളേജില്‍ എത്തുന്നത്.
അടുത്ത പേജില്‍ “പക്ഷേ, പ്രേക്ഷകരെ കയ്യിലെടുത്ത താരമാര്?”
PRO
PRO
ആക്ഷന്‍ തൊട്ട് കോമഡി വരെ ചെയ്തിട്ടുള്ള സത്യരാജ് എന്ന അഭിനയപ്രതിഭയ്ക്ക് മാറ്റുരയ്ക്കാന്‍ കിട്ടിയ കഥാപാത്രമാണ് നന്‍പനിലെ കൊളേജ് പ്രിന്‍സിപ്പല്‍. തകര്‍ത്താടിയിരിക്കുകയാണ് സത്യരാജ് ഈ ചിത്രത്തില്‍. ഇത് ആദ്യമായാണ് സത്യരാജ് സ്ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് ഞാന്‍ കാണുന്നത്.
ചില നെഗറ്റീവ് പോയിന്റുകളും നന്‍പനുണ്ട്. ഇലിയാനയുടെ കഥാപാത്രം ശരാശരി മാത്രമായി തോന്നി. പാട്ടുസീനുകളില്‍ ഇലിയാന നന്നായിട്ടുണ്ടെന്ന കാര്യം മറക്കുന്നില്ല. സിനിമ ഒരല്‍പം നീണ്ടില്ലേ എന്നൊരു സംശയവുമുണ്ട്. അവസാനത്തെ വിവാഹസീനൊക്കെ കണ്ടപ്പോള്‍ പടം അവസാനിപ്പിക്കാന്‍ ശങ്കര്‍ പാടുപെടുന്നതായി അനുഭവപ്പെട്ടേക്കും
സിനിമയുടെ രണ്ടാം പകുതിയില്‍ വരുന്ന പാട്ടുകള്‍ കഥയുടെ ഒഴുക്ക് തകര്‍ക്കുന്നതായി തോന്നി. വിജയ്, ഇലിയാനായുടെ ചേച്ചിയുടെ പ്രസവം എടുക്കുന്നത് യുക്തിയില്ലാത്ത ഒരു സീനായി തോന്നി. വിശ്വസിക്കാന്‍ പറ്റുന്ന തരത്തില്‍ എന്തെങ്കിലും ശങ്കര്‍ കയ്യില്‍ നിന്ന് ഇട്ടാല്‍ നന്നാവുമായിരുന്നു.
‘ഒറിജിനല്‍ സിനിമയെ ഉപജീവിച്ചത്’ കൊണ്ടാണ് സിനിമയ്ക്ക് ചില പോരായ്മകളെന്ന് ശങ്കര്‍ ആരാധകര്‍ പറയുമായിരിക്കാം. എന്നാല്‍, ഒരല്‍പം കൂടി മിനക്കെട്ടിരുന്നെങ്കില്‍ നന്‍പന്‍ എന്ന അത്ഭുതത്തേക്കാള്‍ വലിയൊരു മഹാത്ഭുതം ശങ്കറിന് ഒരുക്കാമായിരുന്നു. എന്തായാലും മനോജിന്റെ ഛായാഗ്രഹണ പാടവവും ഹാരീസിന്റെ മികച്ച സംഗീതവും ശങ്കര്‍ പൊങ്കലിന് സമ്മാനമായി തന്നിരിക്കുന്ന ഈ മള്‍ട്ടീസ്റ്റാര്‍ സിനിമയെ അതുല്യമാക്കുന്നു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെ ഇത്.