ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ നിന്ന് രാജേഷ് പിള്ള എന്ന സംവിധായകന്‍ ട്രാഫിക്ക് എന്ന ചിത്രത്തിലേക്കെത്തുമ്പോള്‍ ഒരുപാട് വളര്‍ന്നിരുന്നു. ട്രാഫിക്കില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മിലി. അതില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുകയാണ് ‘വേട്ട’. ഒരു മികച്ച ചലച്ചിത്രാനുഭവം എന്ന നിലയില്‍ അഞ്ചില്‍ നാലുമാര്‍ക്കിന് അര്‍ഹതയുണ്ട് ഈ സൈക്കോളജിക്കല്‍ ത്രില്ലറിന്.
‘വേട്ട’ എന്ന പേരില്‍ തന്നെ തുടങ്ങുന്ന ദുരൂഹത ചിത്രത്തിന്‍റെ കഥയിലുമുണ്ട്, കഥാപാത്രങ്ങളിലുമുണ്ട്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുറ്റാന്വേഷണം എങ്ങനെ അന്വേഷണോദ്യോഗസ്ഥരുടെ വ്യക്തിജീവിതത്തെപ്പോലും ബാധിക്കുന്നു എന്നാണ് ചിത്രം കാണിച്ചുതരുന്നത്.
ആദ്യപകുതി ഗംഭീരമാണെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന ബോധ്യം പ്രേക്ഷകന് ഇല്ലാതെ പോകുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നുണ്ട്. വളരെ മികച്ച ഒരു തിരക്കഥയുടെ പിന്‍ബലത്തോടെ അസാധാരണമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സൃഷ്ടിക്കുന്നതില്‍ രാജേഷ് പിള്ള നൂറുശതമാനവും വിജയിച്ചിരിക്കുന്നു.
മെല്‍വിന്‍റെ ഭാര്യ ഷെറിനായി സന്ധ്യയും ഉമ സത്യമൂര്‍ത്തി എന്ന സെലിബ്രിറ്റിയായി സനൂഷയും എത്തുന്നു. ഒരു അസാധാരണ കഥയെ അതിന്‍റെ എല്ലാ മിഴിവോടും കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഷാന്‍ റഹ്‌മാന്‍ നല്‍കിയ പശ്ചാത്തല സംഗീതം വലിയ സ്ഥാനം വഹിക്കുന്നുണ്ട്. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ബാക്ക് ഗ്രൌണ്ട് സ്കോറാണ് ചിത്രത്തിന്‍റേത്.