പൃഥ്വിരാജ് തന്നെ നായകനായ ‘കാകി’ എന്ന ശരാശരി ചിത്രം ഒരുക്കി മലയാള സിനിമാ വേദിയിലേക്ക് വന്ന സംവിധായകനാണ് ബിപിന്‍ പ്രഭാകര്‍. രണ്ടാമത്തെ ചിത്രമായ ‘വണ്‍വേ ടിക്കറ്റും’ മോശമാകുന്നില്ല. സമീപകാല മസാല ചിത്രങ്ങളില്‍ നിന്നും ‘വണ്‍വേ ടിക്കറ്റി’ന്‍റെ സംവിധായകനെ വ്യത്യസ്ഥനാക്കിയത് ചിത്രത്തിന്‍റേ ട്രീറ്റ്മെന്‍റ് തന്നെ.
പൂര്‍ണ്ണമായി ഒരു കോമഡി ചിത്രമോ ആക്ഷന്‍ ചിത്രമോ സെന്‍റിമന്‍സോ ആകാതെ പ്രേക്ഷകനു രസിക്കുന്ന വിധത്തില്‍ ഈ ചേരുവകളെയെല്ലാം വിനിയോഗിച്ചു കഥപറയാന്‍ ബിപിന്‍ പ്രഭാകര്‍ക്കും തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ധനനും കഴിഞ്ഞു. എന്നിരുന്നാലും രണ്ടാം പകുതിയില്‍ ചിത്രത്തിന്‍റെ പേസില്‍ വ്യത്യാസം വരുന്നത് ഒഴുക്കിനെ ബാധിക്കുന്നു.
മലപ്പുറം മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍റെ നേതാവാണ് ജീപ്പ് ഡ്രൈവറായ കുഞ്ഞാപ്പൂ. മമ്മൂട്ടിക്കായി കൊഞ്ഞാപ്പൂ എന്തു വേണമെങ്കിലും കാണിക്കും. വേണമെങ്കി സ്വന്തം പ്രാണന്‍ പോലും നല്‍കും. അത്രയ്‌ക്ക് വലിയ മമ്മൂട്ടി ആരാധകനാണ് കുഞ്ഞാപ്പൂ. ജീപ്പ് ഓടിച്ചു കുടുംബം പുലര്‍ത്തുന്ന കുഞ്ഞാപ്പൂവിനു പല തമാശകളുമുണ്ട്.
അമ്മാവന്‍ ഹാജിയാരുടെ(ജഗതി ശ്രീകുമാര്‍) മകളായ സാജിറയെ(രാധിക) പ്രണയിക്കുന്നതായി അഭിനയിക്കുന്നതാണ് അതിലൊന്ന്. ഇതില്‍ ഹാജിയാര്‍ക്ക് വലിയ ഭീതിയുണ്ട്. സാജിറയ്‌ക്ക് രഹസ്യമായി കുഞ്ഞാപ്പൂവിനോട് പ്രണയവുമുണ്ട്. എന്നാല്‍ സുനന്ദ (ഭാമ)യെ കാണുന്നതോടെ യഥാര്‍ത്ഥ പ്രണയത്തിലേക്ക് കുഞ്ഞാപ്പൂവും വീണു പോകുകയാണ്.
പിന്നീട് ദുഷ്ടനായ അവളുടെ അമ്മാവന്‍ എഴുത്തച്ഛന്‍റെയും (തിലകന്‍) മകന്‍ ശശിയു(നിഷാന്ത് സാഗര്‍)ടെയും ഇടപെടലില്‍ നിന്നും സൂപ്പര്‍ താരം മമ്മൂട്ടിയുടെ സഹായത്തോടെ തന്നെ സ്വന്തം പെണ്ണിനെ കുഞ്ഞാപ്പൂ സ്വന്തമാക്കുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെ അവസാനിക്കുന്ന ചിത്രത്തില്‍ സെന്‍റിമെന്‍സും തമാശയും പ്രണയവുമെല്ലാം ആവശ്യത്തിനു മാത്രമാണ് ഉള്ളത്. അനാവശ്യമായി ഒരു കാര്യവും പറയാതെ അവസാനിക്കുന്ന ചിത്രം തരക്കേടില്ലെന്ന് പറയേണ്ടി വരും.
എന്നിരുന്നാലും സൂപ്പര്‍താരമായി അതിഥി വേഷത്തില്‍ ഈ വര്‍ഷം തന്നെ രണ്ടാമത്തെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ അപ്രതീക്ഷിത പ്രത്യക്ഷപ്പെടല്‍ കാര്യമായ ഇമ്പാക്‍ട് ഒന്നും ഉണ്ടാക്കുന്നില്ല. മറുഭാഷാ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ ആടിത്തിമിര്‍ക്കുന്ന പൃഥ്വിരാജിന് വെല്ലുവിളിയായ കഥാപാത്രമൊന്നുമല്ല കുഞ്ഞാപ്പൂ. യുവതാരത്തിന്‍റെ കയ്യില്‍ കഥാപാത്രം ഭദ്രമാണെന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ആഘോഷിക്കാനും വകയുണ്ട്.
ആരാധകരുടെ വ്യക്തി ജീവിതത്തിലെ ദൈനം ദിനകാര്യങ്ങളില്‍ പോലും നേരിട്ട് ഇടപെടുന്നയാളാണ് മമ്മൂട്ടി എന്നാണ് ചിത്രത്തിലെ ധ്വനി. കാവ്യാമാധവന്‍ രചിച്ച ഒരു ഒപ്പനപ്പാട്ട് ഒഴിച്ചാല്‍ പാട്ടുകള്‍ ഒന്നും തന്നെ കാര്യമായി ഏശുന്നില്ല. ഒന്നാം പകുതിയില്‍ നല്ല ചിരിവട്ടങ്ങള്‍ ഉയര്‍ത്തി പോകുന്ന ചിത്രം രണ്ടാം പകുതിയില്‍ ട്രാക്കില്‍ നിന്നും പതിയെ വഴുതുന്നുണ്ട്. എന്തായാലും ചിത്രത്തെ കുറിച്ച് അമിത പ്രതീക്ഷ വേണ്ട.