‘ജില്ല‘ മാസ് പടം; ലാല്‍ തകര്‍ത്തു, വിജയ് കസറി!- ജില്ല റിവ്യൂ
വെള്ളി, 10 ജനുവരി 2014 (16:47 IST)
PRO
PRO
രാത്രി 12 മണി മുതല്‍ ഫാന്‍സുകാര്‍ തുടങ്ങിയ ബഹളമാണ്. ടിക്കറ്റ് കിട്ടാന്‍ ഫാന്‍സുകാര്‍ തന്നെ കനിഞ്ഞു. ആദ്യമായിട്ടാണ് രാവിലെ അഞ്ചു മണിക്ക് സിനിമ കാണാന്‍ പോയത്. ലാല്‍- വിജയ് ഫാന്‍സുകാരുടെ ആവേശം കാരണം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഗള്‍ഫില്‍ റിലീസായപ്പോള്‍ മുതല്‍ റിവ്യൂ ആവശ്യപ്പെട്ടുള്ള മെസേജുകള്‍ വെബ്ദുനിയ മലയാളത്തിന്റെ ഫേസ്ബുക് പ്രൊഫൈലിലേക്ക് വന്നു തുടങ്ങിയതാണ്. അതുകൊണ്ട് തന്നെ ആ ആവേശത്തില്‍ നമ്മളും ചേര്‍ന്നു.
ഒരു മാസ് പടമെന്ന് ഒറ്റവാക്കില്‍ റിവ്യൂ കുറിയ്ക്കാം. കാരണം ജില്ല ഒരു ഉത്സവചിത്രമാണ്. ഇളയദളപതിയുടെ ആരാധകര്‍ക്കുള്ള പൊങ്കല്‍ സമ്മാനമാണ് ജില്ല. അതുകൊണ്ട് തന്നെ ആട്ടവും പാട്ടും സ്റ്റണ്ടും സ്റ്റൈലും പഞ്ച് ഡയലോഗും- അതാണ് ജില്ല.
അടുത്ത പേജില്‍: ശിവയെന്ന ജില്ല
PRO
PRO
ലാലിന്റെ ശിവ എന്ന അധോലോകനായകനെ കേന്ദ്രീകരിച്ചാണ് കഥ. മോഹന്‍ലാലിന്റെ പ്രകടനം കാണാനെത്തുന്ന കടുത്ത ആരാധകരെ പടം നിരാശപ്പെടുത്തിയേക്കാം. ഇതൊരു പക്കാ വിജയ് പടമായി മാത്രം കാണുക. പക്ഷേ പഞ്ച് ഡയലോഗില്‍ ലാല്‍ നിരാശപ്പെടുത്തുന്നില്ല. ആദ്യം മോഹന്‍ലാല്‍ സാറിന്റെ പേര് ടൈറ്റിലില്‍ ചേര്‍ക്കണമെന്ന് വിജയും വിജയുടെ പേരുമതി ആദ്യമെന്ന് ലാലും വാശി പിടിച്ചതൊക്കെ വാര്‍ത്തയായിരുന്നല്ലോ. ആ ഒരു സ്റ്റൈല്‍ ട്രീറ്റ്മെന്റ് തന്നെയാണ് പടത്തിലും. ലാലിന്റെ ഇന്ഡ്രൊടക്ഷന് ശരിക്കും ആരാധകരെ ത്രസിപ്പിക്കുന്നതാണ്. മധുരയിലെ എല്ലാമെല്ലാമായ തലവന്‍ അഥവാ ജില്ലയാണ് സാക്ഷാല്‍ മോഹന്‍ലാല്‍.
നരച്ച താടിയും മുടിയും ചുണ്ടില്‍ പുകഞ്ഞു കത്തുന്ന ചുരുട്ടും വോള്‍വോ കാറും വൈറ്റ് ഷര്‍ട്ടും നീളന്‍ കരയന്‍ മുണ്ടുമൊക്കെയായി ഒരു സ്റ്റൈലന്‍ ലുക്കാണ് ലാലിന്റേത്. കൈയില്‍ വളയും ലാലിന്റേതായ ചില മാനറിസങ്ങളും നമ്മള്‍ക്ക് പുതുമയല്ലെങ്കിലും തമിഴിന് അത് പുതു അനുഭവമാണ്.
അടുത്ത പേജില്‍: ശിവയുടെ അരുമയായ ശക്തി
PRO
PRO
ശിവയുടെ അരുമയായ പുത്രനാണ് ശക്തിയെന്ന വിജയ് കഥാപാത്രം. വളര്ത്തുമകനാണെങ്കിലും ശക്തിയുടെ എല്ലാമെല്ലാം ശിവയാണ്. മോഹന്‍ലാലിന്റെ രംഗപ്രവേശം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞാല്‍ വിജയ് സ്ക്രീനിലേക്ക്. തീയേറ്ററില്‍ പൂവിട്ട് ആര്‍പ്പുവിളി ആരാധകരുടെ വക. ഇതിനുശേഷം ശിവയും ശക്തിയും ഒരുമിച്ചുള്ള ഗാനരംഗത്തോടെ ആഹ്ലാദാരവം. പ്രേക്ഷകരും ഒപ്പം ചുവട്വെക്കുന്നു.
സ്ഥിരം വിജയ് കഥാപാത്രം തന്നെ. ഡാന്‍സ്, കോമഡി, ആക്ഷന്‍, കുറച്ച് സെന്റിമെന്‍സ്. അതു തന്നെ ഇവിടെയും. പാട്ടുകളെ കൊഴുപ്പിക്കാന്‍ ജോഡിയായി കാജല്‍ അഗര്‍വാള്‍. മോഹന്‍ലാലിന്റെ നായികയായി പൂര്‍ണിമയും.
അടുത്ത പേജില്‍: ടിപ്പിക്കല്‍ തമിഴ് എന്റര്ടെയ്നര്
PRO
PRO
ഒരു ടിപ്പിക്കല്‍ തമിഴ് എന്റര്‍ടെയ്നറാണ് പടം. അതായത് പുതുമയൊന്നും പ്രതീക്ഷിക്കരുതെന്ന് ചുരുക്കം. മോഹന്‍ലാല്‍- വിജയ് കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ബലം. ഇവര്‍ ഒന്നിച്ച് സ്ക്രീനിലെത്തുന്ന രംഗങ്ങളില്‍ യുക്തിയെ മാറ്റിവെച്ചു കാണുക. ലാലിന്റെ തമിഴ് സ്ലാംഗും ശ്രദ്ധേയമാണ്. സംഘട്ടന രംഗങ്ങളിലും, നൃത്ത രംഗങ്ങളിലും വിജയ് ഇഴുകിചേര്‍ന്നിരിക്കുന്നു. ശിവയാണ് കേന്ദ്രകഥാപാത്രം. ശക്തിയാകട്ടെ കഥയെ മുന്നോട്ടു കൊണ്ടു പോകുന്ന ഫാക്ടറും. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തില്‍ ആദ്യപകുതി തീരുന്നു, ആരാധകരുടെ എല്ലാ പ്രതീക്ഷകളും പൂവണിയിച്ചുകൊണ്ട്. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകാന്‍ ശക്തിയെ പൊലീസ് ഓഫീസറാക്കുന്നിടത്ത് കഥ ടേണിംഗ് പോയിന്റില്‍ എത്തുന്നു.
ഇവിടം മുതല്‍ ലാല്‍ നെഗറ്റീവ് ക്യാരക്ടറിലേക്ക് വേഷപ്പകര്‍ച്ച നടത്തുന്നു. ശിവയെന്ന അധോലോകനായകന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്നു എന്ന് ശക്തി തിരിച്ചറിയുന്നിടത്ത് ഇരുവരും രണ്ടുചേരിയിലാകുന്നു. ശിവയെ തിരുത്താന്‍ ശ്രമിക്കുന്നതോടെ കഥ പുതിയ വഴിത്തിരിവില്‍. തമിഴില്‍ ഒരു ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റില്‍ കഴിഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
അടുത്ത പേജില്‍: വിജയ്- ലാല്‍ വിളയാട്ടം മാത്രം; വേറൊന്നുമില്ല
PRO
PRO
ലാലും വിജയും പൂണ്ട് വിളയാടുന്നത് ഒഴിച്ചാല്‍ പടത്തില്‍ ഒന്നുമില്ല. നമ്മുടെ ലാലേട്ടനു വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല മച്ചൂ എന്നു പറയുന്ന ആരാധകരെയും തീയേറ്ററില്‍ കണ്ടു. രണ്ടാം പകുതിയില്‍ വേണ്ടത്ര വേഗമില്ലാത്തത് ആരാധകരെ നിരാശപ്പെടുത്തും. അനാവശ്യമായ ഒരു പാട്ട് സീനും ചില സീനുകളും ഒഴിവാക്കിയിരുന്നെങ്കില്‍ പടം ഒരു രണ്ടര മണിക്കൂറിന്റെ കംപ്ലീറ്റ് എന്റര്‍ടെയ്നറാക്കാന്‍ നേശനെന്ന സംവിധായകന് കഴിയുമായിരുന്നു.
കഥയില്‍ പുതുമയില്ലായെന്നതാണ് പടത്തിന്റെ ഏറ്റവും വലിയ ബലഹീനത. കുറച്ചു കൂടി മേയ്ക്കിംഗില് ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നും പടം കഴിയുമ്പോള്‍. സ്കാര്‍ലെറ്റ് മെല്ലിഷ് വിത്സണിന്റെ ഐറ്റം ഡാന്‍സും പ്രകാശ് രാജ്, ജീവ എന്നിവരുടെ സ്പെഷ്യല്‍ അപ്പിയറന്‍സും മുളകിന് എരിവെന്ന പോലെയുണ്ട്. കേരളത്തില്‍ 300 തീയേറ്ററില്‍ പടമെത്തിച്ചിരിക്കുന്നത് ലാലിന്റെ സാക്ഷാല്‍ ആന്റണി പെരുമ്പാവൂര്‍ ഉടമസ്ഥതയില്‍ ആശിര്‍വാദ് സിനിമാസാണ്. എന്തായാലും ജില്ല ഒരു മാസ് പണംവാരി പടമാകുമെന്ന് ഉറപ്പ്, ആരാധകര്‍ക്ക് ഒരു ഉത്സവചിത്രവും.