‘ആമേന്‍ ഉജ്ജ്വലം, ഇതാണ് സിനിമ’ - യാത്രി ജെസെന്‍ എഴുതുന്നു

തിങ്കള്‍, 25 മാര്‍ച്ച് 2013 (16:02 IST)
PRO
പുണ്യാളന്‍ എന്നെ നയിച്ചു. ഒരിക്കല്‍ ‘ആമേന്‍’ കാണാനെത്തി മറ്റൊരു സിനിമ കാണേണ്ടിവന്ന ഞാന്‍ വീണ്ടും ആമേന്‍ കളിക്കുന്ന തിയേറ്ററില്‍. ഇങ്ങനെ വീണ്ടും വരാന്‍ വിശുദ്ധന്‍ തോന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച ഒരു സിനിമ എനിക്ക് നഷ്ടപ്പെടുമായിരുന്നു. പുതിയ കാലത്തിന്‍റെ സിനിമാമുഖം ഞാന്‍ തിരിച്ചറിയപ്പെടാതെ പോകുമായിരുന്നു.

‘ആമേന്‍’ എന്ന സൃഷ്ടിയെപ്പറ്റി എത്രവേണമെങ്കിലും വാചാലമാകാന്‍ എനിക്കുപറ്റും. ഹൃദയം ആ സിനിമയ്ക്ക് അത്രമേല്‍ കീഴടങ്ങിയിരിക്കുന്നു. കുമരം‌കരിയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ മായിക പ്രഭയില്‍ ഇന്ന് ഇതുവരെ വിടുതി ലഭിച്ചിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ നവസിനിമയുടെ മിശിഹയായി മാറിയിരിക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി മലയാള സിനിമയില്‍ ഉണ്ടായ ന്യൂ ജനറേഷന്‍ കൊടുങ്കാറ്റ് ഇപ്പോഴാണ് ഏറ്റവും ശക്തമായി ആഞ്ഞുവീശുന്നത്. അതില്‍ ആമേന്‍ തന്നെ ഏറ്റവും ശക്തം. അന്യഭാഷാ ചിത്രങ്ങളെ കോപ്പിയടിച്ച് പാവം മലയാളികളെ ‘വിസ്മയിപ്പിക്കാന്‍’ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചലച്ചിത്ര സ്രഷ്ടാക്കള്‍ ഒരിക്കലെങ്കിലും ‘ആമേന്‍’ കാണണം. തങ്ങള്‍ ഈ സിനിമയോട്, ഈ കലാസൃഷ്ടിയോട് എത്രമാത്രം അടുത്തെത്തിയിരിക്കുന്നു എന്ന് സ്വയം വിലയിരുത്തണം. അതേ, മലയാള സിനിമയുടെ അടയാള നക്ഷത്രമായി ‘ആമേന്‍’ മാറിയിരിക്കുന്നു.

നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ മുന്‍ സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പാറ്റേണാണ് ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ സറ്റയര്‍ എന്ന നിലയില്‍ ആമേന്‍ പൂര്‍ണത നേടുമ്പോള്‍ അത് പുതിയൊരു കാഴ്ചാശീലത്തിന് തുടക്കമാകുകയും ചെയ്യുന്നു.

അടുത്ത പേജില്‍ - ഒരു ബാന്‍റ് സംഘവും ഫഹദ് ഫാസിലും!

PRO
ഒരു അമേദ്യക്കാഴ്ചയിലാണ് സിനിമ തുടങ്ങുന്നത്. കുമരം‌കരി എന്ന കുട്ടനാടന്‍ സാങ്കല്‍പ്പിക ഗ്രാമത്തിലെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ‘അമേദ്യപ്പോരാട്ടം’ കാഴ്ചക്കാരെ കുലുങ്ങിച്ചിരിപ്പിക്കാന്‍ പോന്നതാണ്. ഈ സിനിമ എത്ര ലളിതമാണെന്ന്, എത്ര നിഷ്കളങ്കമാണെന്ന് ആദ്യ സീനില്‍ തന്നെ പ്രേക്ഷകരെ അറിയിക്കുകയാണ് സംവിധായന്‍ ലിജോ. അവിടെനിന്നുള്ള ഓരോ രംഗവും, ഓരോ ഫ്രെയിമും പ്രേക്ഷകരെ പുതിയൊരു അനുഭവതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്.

കുമരം‌കരി ഒരു ക്രിസ്ത്യന്‍ ഗ്രാമമാണ്. പുണ്യാളന്‍റെ പള്ളിയെ ചുറ്റിപ്പറ്റിയാണ് അവിടെ കാര്യങ്ങളെല്ലാം നടക്കുന്നത്. ഈ പള്ളിയിലെ വികാരിയായ ഫാദര്‍ ഒറ്റപ്ലാക്കന്‍റെ‌‍(ജോയ് മാത്യു) തീരുമാനങ്ങളാണ് എല്ലാത്തിനും അവസാന വാക്ക്. ഒരിക്കല്‍ വലിയ വിജയങ്ങള്‍ കൊണ്ടുവന്ന പള്ളിയിലെ ബാന്‍റ് സംഘം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. ബാന്‍റ് സംഘത്തിന്‍റെ എല്ലാമെല്ലാമായിരുന്ന എസ്തപ്പാനാശാന്‍ (രാജേഷ് ഹെബ്ബാര്‍) മുങ്ങിമരിക്കുന്നതോടെയാണ് ബാന്‍റ് സംഘത്തിന്‍റെ നാശം തുടങ്ങുന്നത്. എസ്തപ്പാന്‍റെ അടുത്ത സുഹൃത്ത് ലൂയി പാപ്പന്‍റെ(കലാഭവന്‍ മണി) നേതൃത്വത്തിലാണ് ഇന്ന് ബാന്‍റ് സംഘം. എന്നാല്‍ തുടര്‍ച്ചയായ തോല്‍‌വികള്‍ ബാന്‍റ് സംഘത്തിന്‍റെ ആത്മവിശ്വാസമാകെ തകര്‍ത്തിരിക്കുന്നു.

എസ്തപ്പാനാശാന്‍റെ മകന്‍ സോളമന്(ഫഹദ് ഫാസില്‍) അപ്പന്‍റെ കഴിവുകള്‍ അപ്പാടെ പകര്‍ന്നുകിട്ടിയിട്ടുണ്ട്. എന്നാല്‍ അതാരും തിരിച്ചറിയുന്നില്ലെന്ന് മാത്രം. ക്ലാര്‍നറ്റിലൂടെ അവന്‍ ഊതിയാല്‍ കാറ്റല്ലാതെ, ശബ്ദം വരില്ലെന്നാണ് ഏവരും കളിയാക്കുന്നത്. അവനാകട്ടെ, മാമ്മോദീസാ കാലം തൊട്ടേ പ്രണയിച്ചുതുടങ്ങിയ ശോശന്ന(സ്വാതി റെഡ്ഡി)യുടെ മുമ്പില്‍ മാത്രമാണ് തട്ടും തടവുമില്ലാതെ ക്ലാര്‍നറ്റ് വായിക്കുന്നത്. അവന്‍ കപ്യാരുടെ(സുനില്‍ സുഖദ) അസിസ്റ്റന്‍റായി കാലം കഴിക്കുന്നതില്‍ അവനും അവള്‍ക്കും സങ്കടവുമുണ്ട്. എന്നാല്‍ പറഞ്ഞിട്ടെന്തുകാര്യം?

പള്ളിയിലെ പുതിയ വികാരിയായി ഫാദര്‍ വിന്‍‌സന്‍റ് വട്ടോളി(ഇന്ദ്രജിത്ത്) എത്തുന്നതോടെ കഥ മാറുന്നു. നിര്‍ത്തിക്കളയാം എന്ന് ഏവരും തീരുമാനിച്ചുകഴിഞ്ഞ ബാന്‍റ് സംഘം പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമാകുന്നു. സോളമന്‍ ബാന്‍റ് സംഘത്തിന്‍റെ ഭാഗമാകുന്നു. കുമരം‌കരിയാകെ ഉഷാറാകുന്നു. അടുത്ത ബാന്‍റ് മത്സരത്തില്‍ കുമരം‌കരി ഗീവര്‍ഗീസ് ബാന്‍റ് സംഘത്തിന് വിജയിക്കാനാകുമോ? അങ്ങനെ വിജയിക്കേണ്ടത് സോളമന്‍റെ ജീവന്‍‌മരണ പ്രശ്നമാണ്. ജയിച്ചാല്‍ മാത്രമേ അവന് ശോശന്നയെ സ്വന്തമാക്കാന്‍ പറ്റൂ!

അടുത്ത പേജില്‍ - കുമരം‌കരി എന്ന മാജിക്കല്‍ റിയലിസം!

PRO
പസോളിനി സിനിമകളുടെ ആവിഷ്കാര മികവാണ് ആമേനില്‍ ലിജോ ജോയ് പെല്ലിശ്ശേരി ആവര്‍ത്തിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പഴയ സിനിമകളുണ്ടല്ലോ. നല്ല ഗ്രാമീണച്ചന്തമുള്ള സിനിമകള്‍. പൊന്‍‌മുട്ടയിടുന്ന താറാവു പോലെയുള്ളവ. ആ സിനിമകളിലെ നിഷ്കളങ്ക ഗ്രാമത്തെ ആമേനില്‍ വീണ്ടും കാണാം. അതിന്‍റെ ഏറ്റവും തെളിഞ്ഞ അവസ്ഥയില്‍. അതിന്‍റെ എല്ലാവിധ നര്‍മ്മ ഭാവങ്ങളോടെയും.

തെങ്ങിന്‍‌മുകളിലിരിക്കുന്നവന്‍ എല്ലാം കാണുന്നു എന്നത് മുമ്പ് അന്തിക്കാടന്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന കാഴ്ചയാണ്. പക്ഷേ ആമേനില്‍ അത് എല്ലാം കാണുന്ന പുണ്യാളന്‍റെ പ്രതിരൂപമാണ്. ചുക്കുകാപ്പിയിടുന്ന മാലാഖമാരെപ്പറ്റി കേട്ടിട്ടുണ്ടോ? കുമരം‌കരിയില്‍ വന്നാല്‍ അതും കാണാം. എല്ലാവരെയും കൂട്ടിത്തല്ലിക്കുന്ന ‘വിഷക്കോല്‍’ എത്ര നിഷ്കളങ്കനായ ദുഷ്ടന്‍! ശക്തമായ പള്ളിക്കെട്ടിടത്തില്‍ ദുര്‍ബലത ആരോപിക്കുന്നത് ഒരു ഗ്രാമത്തില്‍ നടക്കാവുന്ന പരമാവധി വലിയ അഴിമതിയും.

ചെറിയ കാര്യങ്ങള്‍ വലിയ കാര്യങ്ങളായി കാണുന്ന, അവിശ്വസിക്കേണ്ടതിനെ വിശ്വസിക്കേണ്ടിവരുന്ന മാജിക്കല്‍ റിയലിസം നമ്മെ വിസ്മയിപ്പിക്കുമ്പോള്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്‍റെ കൈവിരല്‍ സ്പര്‍ശമേറ്റ മലയാള ചിത്രമായി മാറുന്നു ആമേന്‍. നമുക്കറിയാം, ഈ സംഭവങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണെന്ന്. എന്നാല്‍ ഏറ്റവും റിയലായി അനുഭവപ്പെടുകയും ചെയ്യുന്നു.

ഈ ഭ്രമാത്മകത ചിത്രത്തിലുടനീളം നിലനിര്‍ത്തിയിട്ടുണ്ട്. താന്‍ പരാജയപ്പെടുമെന്ന് ഫാദര്‍ ഒറ്റപ്ലാക്കന്‍ തീര്‍ച്ചപ്പെടുത്തുന്ന ഒരു ഘട്ടത്തില്‍ പള്ളിയുടെ മുകള്‍ത്തട്ടില്‍ നിന്ന് അടര്‍ന്നുവീഴുന്ന ഒരു മരക്കഷ്ണം പ്രേക്ഷകര്‍ക്ക് അമ്പരപ്പും ഒറ്റപ്ലാക്കന് ആഹ്ലാദവുമുണ്ടാക്കുന്നു. ‘നിന്‍റെ പിള്ളേരുടെ അച്ഛനായാല്‍ മതി’ എന്ന് സോളമന്‍ ശോശന്നയോട് വ്യക്തമാക്കുന്ന നിമിഷം പാലത്തിനടിയിലൂടെ അവരിരുവരും വള്ളത്തില്‍ വരുന്ന കാഴ്ചയെ ‘ക്ലാസിക്’ എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ഒളിച്ചോടുന്ന സോളമനും ശോശന്നയും പിടിക്കപ്പെട്ടതിന് ശേഷം സോളമനെ അടിച്ചോടിക്കുന്ന രംഗത്തിന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തോട് സാമ്യം! ക്ലൈമാക്സിനോടടുക്കുമ്പോള്‍ സംഭവിക്കുന്ന അസ്വാഭാവികതകളും ഉജ്ജ്വലമായ ഒരു പര്യവസാനത്തിലേക്കുള്ള യാത്രയിലെ അപ്രതീക്ഷിത ദൃശ്യവിരുന്നായി മാറുന്നു.

അടുത്ത പേജില്‍ - ക്ലൈമാക്സിലെ ഞെട്ടല്‍!

PRO
ലഗാനിലെ ക്രിക്കറ്റ് മത്സരം പോലെ, ചക് ദേ ഇന്ത്യയിലെ ഹോക്കി പോരാട്ടം പോലെ, ഒരു ഉജ്ജ്വലാനുഭവമായി മാറുകയാണ് ആമേനിലെ ബാന്‍റ് മത്സരം. എട്ടു ടീമുകളുടെ മത്സരത്തില്‍ ഫൈനലിലെത്തുന്നത് സോളമന്‍റെ ഗീവര്‍ഗീസ് ബാന്‍റും ഏറ്റവും വലിയ എതിരാളിയായ മാര്‍ത്താ മറിയം ബാന്‍റ് സംഘവും. മാര്‍ത്താ മറിയത്തിന്‍റെ ക്യാപ്ടന്‍ കൊച്ചിയില്‍ നിന്ന് ഇറക്കുമതി ചെയ്ത പോളച്ചനാണ്(മകരന്ദ് ദേശ്പാണ്ഡെ). പോളച്ചന്‍റെ തകര്‍പ്പന്‍ പ്രകടനത്തോട് പിടിച്ചുനില്‍ക്കാന്‍ ദുര്‍ബലനായ സോളമന് കഴിയുമോ? അതാണ് ക്ലൈമാക്സിന് മുമ്പുള്ള കാഴ്ച. ക്ലൈമാക്സോ?

അത് വീണ്ടും അത്ഭുതപ്പെടുത്തും. മുമ്പ് രഞ്ജിത് ഒരു പടത്തില്‍ പരീക്ഷിച്ചിട്ടുള്ളതാണ്. എങ്കിലും ഈ സിനിമയില്‍ ഇടിമിന്നല്‍ പോലെ അതൊരു തിരിച്ചറിവായി പ്രേക്ഷകരുടെ ഞരമ്പിലേക്ക് പ്രവേശിക്കും. അവസാന രംഗത്തില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്ന ഫ്രഞ്ചുകാരി മിഷേല്‍(നടാഷ സെഹ്‌ഗാള്‍) പ്രേക്ഷകരുടെ തന്നെ അവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്.

സമ്പന്നമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ ഒരു സാധാരണക്കാരനും ഒന്നിനും കൊള്ളാത്തവനുമായ നായകന്‍ പ്രണയിക്കുന്നതിന്‍റെ സങ്കീര്‍ണത തന്നെയാണ് ആമേനെ രസകരവും സംഘര്‍ഷഭരിതവുമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ മറ്റൊരു ‘മേരിക്കുണ്ടൊരു കുഞ്ഞാട്’(ആ ചിത്രത്തിലെ നായകനും സോളമന്‍ എന്നുതന്നെയാണ് പേര്!). ആ സിനിമയിലെ പോലെ തന്നെ ഇവിടെയും പെണ്ണിന്‍റെ വീട്ടുകാര്‍ നായകനുനേരെ ഒരു വെല്ലുവിളി മുന്നോട്ടുവയ്ക്കുകയാണ്. അയാള്‍ മറ്റ് നിവൃത്തിയില്ലാതെ അത് സ്വീകരിക്കും. സാഹചര്യങ്ങളെല്ലാം അവനെ ആ മത്സരത്തിന്‍റെ മുന്‍‌നിരയിലേക്ക് നയിക്കുകയും ചെയ്യുന്നു.

സംഗീതവും ഛായാഗ്രഹണവുമാണ് ഈ സിനിമയുടെ ആത്മാവ്. ‘സോളമനും ശോശന്നയും’ എന്ന ഗാനമാണ് സിനിമയുടെ ഹൈലൈറ്റ്. അതോടൊപ്പം ചിത്രമാകെ നിറഞ്ഞുനില്‍ക്കുന്ന ഒരുപിടി ഗാനങ്ങള്‍. ഗംഭീരമായ പശ്ചാത്തല സംഗീതം. കാവാലത്തിന്‍റെ നാടന്‍ ശീലുകളുടെ ഭംഗി. ലക്കി അലിയുടെ ശബ്ദം. എല്ലാം ചേര്‍ന്ന് ഒരു ഉത്സവാന്തരീക്ഷം. പ്രശാന്ത് പിള്ളയാണ് സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയോട് ചേന്നുപോകുന്ന മാന്ത്രികതയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കുള്ളത്.

ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജത്തെ എഴുന്നേറ്റ് നിന്ന് വണങ്ങുക തന്നെ വേണം. ചിത്രത്തിലെ ഓരോ ഫ്രെയിമിനും കൈയടിക്ക് അര്‍ഹനാണ് അഭിനന്ദന്‍. അത്രമാത്രം ഹാര്‍ഡ് വര്‍ക്കും ഹോം വര്‍ക്കും അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് വ്യക്തം. ഒറ്റഷോട്ടില്‍ ചിത്രീകരിച്ച ഷാപ്പുപാട്ടും മറ്റും അസാധാരണ സിനിമയാക്കി ആമേനെ മാറ്റുകയാണ്.

അടുത്ത പേജില്‍ - ഈ സിനിമയിലും ഒരു മോഹന്‍ലാലുണ്ട്!

PRO
ഒരു നടന് എങ്ങനെയാണ് വ്യത്യസ്തമായ, നല്ല സിനിമകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ പറ്റുന്നത്? ഒരു നടന് എങ്ങനെയാണ് ഓരോ സിനിമയിലും രൂപ ഭാവ പരിണാമങ്ങള്‍ക്ക് ഇത്രത്തോളം വിജയകരമായി സമര്‍പ്പിക്കാന്‍ കഴിയുന്നത്? അതേ, ഫഹദ് ഫാസില്‍ എന്ന നടന്‍ ഒരു അത്ഭുതമാണ്. ഈ വര്‍ഷം തന്നെ അന്നയും റസൂലും നമ്മെ മോഹിപ്പിച്ചതാണ്. കഴിഞ്ഞ ദിവസം റിലീസായ റെഡ് വൈനില്‍ മോഹന്‍ലാലിനെപ്പോലും അതിശയിക്കുന്നു ഫഹദിന്‍റെ പ്രകടനം. നെത്തോലിയായി അഭിനയിച്ച ഫഹദ് അതിലും ദുര്‍ബലനായി, എന്നാല്‍ അതിനോടൊട്ടും സാമ്യമില്ലാതെ സോളമനെയും അവതരിപ്പിക്കുമ്പോള്‍ ഈ നടന്‍ പഠനവിഷയമാകേണ്ട അപൂര്‍വപ്രതിഭയെന്ന് വിലയിരുത്തപ്പെടും.

പഴയ മോഹന്‍ലാല്‍! തൊണ്ണൂറുകളില്‍ കണ്ട മോഹന്‍ലാലിനെ ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാം - ഇന്ദ്രജിത്ത് എന്ന നടന്‍റെ ഭാവങ്ങളില്‍. അതേ അനായാസത, അതേ ഫ്ലെക്സിബിലിറ്റി. ഫാദര്‍ വിന്‍‌സന്‍റ് വട്ടോളി ഒരു വിദേശിപ്പെണ്ണിന് കൈകൊടുത്ത് ആടിപ്പാടുമ്പോള്‍, സോളമനെ തോളിലേറ്റി ശോശന്നയുടെ വീട്ടിലെത്തുമ്പോള്‍, ‘കാപ്പി, മത്സരം കഴിഞ്ഞാവാം’ എന്ന് ഒറ്റപ്ലാക്കനോട് വിജയീഭാവത്തില്‍ പറയുമ്പോള്‍ എല്ലാം ഒരു ലാലിസം തെളിഞ്ഞുകത്തുന്നു ഇന്ദ്രജിത്തില്‍. ഈ നടനെ മലയാളം തീരെ ഉപയോഗിച്ചിട്ടില്ല എന്ന് തിരിച്ചറിയുന്ന അസാധാരണ അഭിനയപൂര്‍ണത.

ജോയ് മാത്യു, സുനില്‍ സുഖദ, സുധീര്‍ കരമന, നന്ദു, കുളപ്പുള്ളി ലീല, രചന, കലാഭവന്‍ മണി, അനില്‍ മുരളി, ചെമ്പന്‍ വിനോദ് ജോസ്, ചാലി പാല, ശശി കലിംഗ തുടങ്ങി അഭിനേതാക്കളെല്ലാവരും അവരുടെ ഏറ്റവും മികച്ച പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ് ആമേനില്‍. കാല്‍ വയ്യാത്ത കപ്യാരായി സുനില്‍ സുഖദ തന്‍റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന പ്രകടനമാണ് നടത്തിയത്. ജോയ് മാത്യു ഒന്നാന്തരം വില്ലനായി. സോളമന്‍റെ ക്ലാര്‍നറ്റ് പൊട്ടിച്ചുകളയുന്ന ഒരു രംഗം മതി ജോയ് മാത്യു ആ കഥാപാത്രമായി ജീവിച്ചു എന്നതിന്‍റെ തെളിവ്.

കലാഭവന്‍ മണിയുടേതും വളരെ മിതത്വമുള്ള അഭിനയമാണ്. എന്നാല്‍ മേക്കപ്പ് അല്‍പ്പം മോശമായി. കുളപ്പുള്ളി ലീലയും ചെമ്പന്‍ വിനോദ് ജോസും അമ്മച്ചിയും മോനുമായി തകര്‍ത്തുവാരി. വിനോദ് ജോസിന്‍റെ കരച്ചില്‍ സീനുകള്‍ കോമഡിയുടെ മറുകര കാണുന്ന രംഗങ്ങളാണ്. സുധീര്‍ കരമനയും നന്ദുവും അനില്‍ മുരളിയും കഥാപാത്രങ്ങളായി ജീവിച്ചു. രചന എന്ന നടിയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഹാസ്യത്തില്‍ കല്‍പ്പനയ്ക്കൊപ്പം നിര്‍ത്താം ഈ നടിയെ. ‘പോ കോഴീ...’ എന്ന ഒറ്റ ഡയലോഗിലൂടെ തിയേറ്റര്‍ ഇളക്കിമറിച്ചു രചന. നായികയായ സ്വാതിയേക്കാള്‍ പ്രേക്ഷകരെ വശീകരിക്കുക രചന തന്നെയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് ‘നായകന്‍’ എഴുതി നല്‍കിയ പി എസ് റഫീഖാണ് ആമേന്‍റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പഴുതുകളില്ലാത്ത രചന. സറ്റയറിന് അനുയോജ്യമായ കൃത്യതയുള്ള ഡയലോഗുകള്‍. റഫീഖ് വരും‌കാല മലയാള സിനിമയ്ക്ക് ശക്തമായ സംഭാവനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

സംവിധായകന്‍ ലിജോയെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മാത്രം. നായകനിലും സിറ്റി ഓഫ് ഗോഡിലും കാണിച്ച പെര്‍ഫെക്ഷന്‍ ആമേനിലും തുടരുന്നു. ഒരു വ്യത്യാസം മാത്രം. ആ സിനിമകളോട് പ്രേക്ഷകര്‍ അല്‍പ്പം അകലം പാലിച്ചെങ്കില്‍ ‘ആമേന്‍’ അവര്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ്. ഇതാണ് ഈ കാലഘട്ടത്തിന്‍റെ സിനിമ. ഇതാണ് സിനിമ!

വെബ്ദുനിയ വായിക്കുക