ഹാപ്പി ന്യൂ ഇയര്‍ നിരാശപ്പെടുത്തുന്നു!

ആഷിക് നജീം

വെള്ളി, 24 ഒക്‌ടോബര്‍ 2014 (15:23 IST)
വലിയ ബജറ്റാണ്. വലിയ ക്യാന്‍‌വാസാണ്. വലിയ താരങ്ങളാണ്. തിരക്കഥ മോശമാണെങ്കില്‍ പക്ഷേ, ഇതുകൊണ്ടൊക്കെ എന്തുകാര്യം? ഫറാ ഖാന്‍ സംവിധാനം ചെയ്ത 'ഹാപ്പി ന്യൂ ഇയര്‍' എന്ന സിനിമയ്ക്ക് സംഭവിച്ചിരിക്കുന്നതും അതാണ്. ഉറപ്പില്ലാത്ത ഒരു നിലത്ത് കെട്ടിയുയര്‍ത്തിയിരിക്കുന്ന ആര്‍ഭാടക്കൊട്ടാരം. കണ്ടുതീരുമ്പോള്‍ അത് പ്രേക്ഷകമനസില്‍ തകര്‍ന്നുവീണ് തരിപ്പണമാകുന്നു.
 
'ധൂം' എന്ന സിനിമയില്‍ ഉദയ് ചോപ്ര എന്ത് ചെയ്തോ, അതില്‍ക്കൂടുതലൊന്നും ഹാപ്പി ന്യൂ ഇയറില്‍ അഭിഷേക് ബച്ചന് ചെയ്യാനില്ല. ത്രീ ഇഡിയറ്റ്സിന്‍റെ ഹാംഗ്‌ഓവര്‍ ബൊമന്‍ ഇറാനിയെ വിട്ടകന്നിട്ടില്ല. സോനു സൂദും ജാക്കി ഷ്‌റോഫും പതിവുപോലെ. മുഖ്യ ആകര്‍ഷണമായ ഷാരുഖ് ഖാനും ദീപിക പദുക്കോണുമോ?
 
ഷാരുഖ് എന്ന സൂപ്പര്‍താരം സിനിമ തെരഞ്ഞെടുക്കുമ്പോള്‍, കഥ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഷാരുഖിന്‍റെ കുസൃതിത്തരങ്ങള്‍ ഒരുപാട് സിനിമകളില്‍ കണ്ടിട്ടുള്ളവ തന്നെ. അദ്ദേഹത്തിന്‍റെ സിക്സ് പാക് ഒരു പുതുമയുമല്ല. ഷാരുഖിന്‍റെ മറ്റ് സിനിമകളില്‍ നിന്ന് എന്ത് വ്യത്യസ്തതയാണ് ഫറ ഈ സിനിമയില്‍ കാത്തുവച്ചതെന്ന് മനസിലാകുന്നില്ല. സ്റ്റൈലിഷ് ഷാരുഖിനെ കാണിക്കാന്‍ ഒരു സിനിമ തട്ടിക്കൂട്ടേണ്ട കാര്യമില്ലല്ലോ. ദീപിക പദുക്കോണിന്‍റെ അഭിനയമികവിനെ ചൂഷണം ചെയ്യുന്ന ഒരു മുഹൂര്‍ത്തം പോലും ഈ സിനിമയിലില്ല എന്നത് സങ്കടകരമാണ്.
 
ബുദ്ധി പുറത്തുവച്ച ശേഷം തിയേറ്ററില്‍ കയറി എന്‍റര്‍ടെയ്ന്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ള സിനിമകളുടെ കൂട്ടത്തിലാണ് ഹാപ്പി ന്യൂ ഇയര്‍ എന്നാണല്ലോ അവകാശവാദം. എന്നാല്‍ ഈ കാഴ്ചകള്‍ കണ്ട് പ്രേക്ഷകര്‍ എത്രത്തോളം എന്‍റര്‍ടെയ്ന്‍ ചെയ്യുന്നുണ്ട് എന്നതില്‍ സംശയമുണ്ട്. പലതവണ നമ്മള്‍ കണ്ടുമടുത്ത ബോളിവുഡ് ക്ലീഷേകളുടെ കൂട്ടപ്പൊരിച്ചിലാണ് ഹാപ്പി ന്യൂ ഇയര്‍. 
 
മൂന്ന് മണിക്കൂര്‍ കുത്തിയിരുന്ന് സിനിമകാണുന്നവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത് മാനുഷ് നന്ദന്‍റെ ഛായാഗ്രഹണമാണ്. കണ്ണിന് സുഖമുള്ള ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ഹാപ്പി ന്യൂ ഇയര്‍.

വെബ്ദുനിയ വായിക്കുക