‘ശിക്കാരി’ റിലീസായി. അഞ്ചാറുപടങ്ങള് തുടര്‍ച്ചയായി പൊളിഞ്ഞുനില്‍ക്കുന്ന മമ്മൂട്ടിയെ ഈ സിനിമയെങ്കിലും രക്ഷിക്കുമോ എന്നറിയാനാണ് ആദ്യ ഷോയ്ക്ക് തന്നെ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ സിനിമ തുടങ്ങി 10 മിനിറ്റിനുള്ളില്‍ കാര്യം മനസിലായി - ഒരു നല്ല സിനിമയ്ക്കായി മെഗാസ്റ്റാര്‍ ഇനിയും കാത്തിരിക്കണം.
ഇതെന്തൊരു സിനിമയാണ്? ഏതു കാലത്തിറങ്ങേണ്ട സിനിമയാണ്? ശരിക്കും അത്ഭുതം തോന്നുന്നു. മമ്മൂട്ടിയെപ്പോലെ ഇത്രയും എക്സ്പീരിയന്‍സ് ഉള്ള ഒരു നടന് ഇങ്ങനെയുള്ള സിനിമകളില്‍ എങ്ങനെ പെട്ടുപോകുന്നു? വല്ലാത്ത കഷ്ടം തന്നെ. എണ്‍പതുകള്‍ക്കും മുമ്പ് ഈ സിനിമ ഇറങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷേ സ്വീകരിക്കപ്പെട്ടേക്കുമായിരുന്നു.
കന്നഡ - മലയാളം ചിത്രമാണ് ശിക്കാരി. അഭയ് സിന്‍ഹയാണ് സംവിധായകന്. വിശ്വസനീയമായ ഒരു കഥ പറയുക എന്ന പ്രാഥമിക ദൌത്യം നിര്‍വഹിക്കുന്നതില്‍ അമ്പേ പരാജയമാണ് സംവിധായകന്. മാത്രമല്ല, മമ്മൂട്ടിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളേയല്ല സംവിധായകന് നല്‍കിയിരിക്കുന്നത്.
അടുത്ത പേജില്‍ - ക്ഷമയുടെ നെല്ലിപ്പലക പലതവണ ഒടിഞ്ഞു
PRO
കഴിഞ്ഞ വാരം ഒരു പടം ഇറങ്ങി. ‘തല്‍സമയം ഒരു പെണ്‍കുട്ടി’ എന്നാണ് പേര്. അത്യാവശ്യം ക്ഷമയെ പരീക്ഷിക്കുന്ന ചിത്രമായിരുന്നു. എന്നാല്‍ ‘ശിക്കാരി’ എന്ന സിനിമയെ അപേക്ഷിച്ചുനോക്കുമ്പോള്‍ എത്ര ബെറ്റര്‍ സിനിമയായിരുന്നു അതെന്ന് തോന്നിപ്പോക്കും. ശിക്കാരി കണ്ടിരിക്കുക എന്നത് വലിയൊരു പരീക്ഷണം തന്നെ. ഓരോ 15 മിനിറ്റ് കൂടുമ്പോഴും പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കാണാമായിരുന്നു.
അഭിലാഷ് എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഒരു ഗാനരംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കക്ഷി ഒരിക്കല്‍ ഒരു നോവല്‍ വായിക്കാന്‍ ഇടയാകുന്നു. നോവലിന്റെ പേര് ‘ശിക്കാരി’. നോവല്‍ അഭിലാഷിനെ വല്ലാതെ സ്വാധീനിച്ചു. പക്ഷേ അത് പൂര്‍ണമായിരുന്നില്ല. നോവലിന്റെ ബാക്കി വായിക്കാനായി നോവലിസ്റ്റിനെ തേടി കാസര്‍കോട് മഞ്ഞടുക്കയിലേക്ക് പോകുകയാണ് നായകന്.
എങ്ങനെയുണ്ട്? നോവലിസ്റ്റിനെ തേടി നടന്ന് കണ്ടുപിടിച്ച് ബാക്കി നോവല്‍ വായിക്കാന്‍ ആവേശം കൊണ്ടുനടക്കുന്ന നായകന്. കഥ പിന്നീട് മഞ്ഞടുക്കയിലാണല്ലോ നടക്കുന്നത്. അങ്ങോട്ട് ഷിഫ്റ്റ് ചെയ്യാം.
അടുത്ത പേജില്‍ - കൂവലോകൂവല്...!
മഞ്ഞടുക്കയില് എത്തുന്ന അഭിലാഷ് നന്ദിത(പൂനം ബജ്വ) എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവള് നമ്മുടെ നോവലിസ്റ്റിന്റെ മകള്‍ ആണ്. നോവലിന്റെ ബാക്കി പകുതി അവള് കണ്ടെടുക്കുന്നു. പിന്നീട് ഫ്ലാഷ് ബാക്ക് കൂട്ടിക്കലര്‍ത്തി ഒരു കഥ പറച്ചിലാണ്. 1945 കാലഘട്ടത്തിലെ സ്വാതന്ത്ര്യ സമരപ്പോരാട്ടവും മറ്റും. ഇടയ്ക്ക് മഞ്ഞടുക്കയില് ഒരു പുലിയിറങ്ങുന്നു. പുലിയെ പിടിക്കാന്‍ ഇംഗ്ലീഷുകാരനായ വേട്ടക്കാര വരുന്നു. കരുണന്(മമ്മൂട്ടി) എന യുവാവും അവിടെയെത്തുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥ.
ഫ്ലാഷ്ബാക്ക് രംഗങ്ങള്‍ക്കൊക്കെ തിയേറ്ററില്‍ നിര്‍ത്താതെയുള്ള കൂവലായിരുന്നു. പ്രത്യേകിച്ചും മമ്മൂട്ടി ഡാന്‍സ് സ്റ്റെപ്പുകള്‍ ഒക്കെയിടുമ്പോള്. സമീപകാലത്ത് ഒരു മമ്മൂട്ടിച്ചിത്രത്തിന് ലഭിച്ച ഏറ്റവും മോശം സ്വീകരണമാണ് ശിക്കാരിക്ക് ലഭിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ പോലും എത്തിയത് അമിതപ്രതീക്ഷകളുമായല്ല എന്നതുകൊണ്ട് നിരാശയുടെ അളവിനും അത്ര വലിപ്പമില്ല എന്നുമാത്രം.
പോസിറ്റീവായി പറയാന്‍ അധികമൊന്നുമില്ലാത്ത ഒരു സിനിമയാണിത്. തിരക്കഥ തീര്‍ത്തും പരാജയപ്പെട്ട ഒരു ചിത്രത്തില്‍ ചെറിയ ചെറിയ നല്ല വശങ്ങള് പോലും ഫലമുണ്ടാക്കുകയില്ലല്ലോ. ഈ സിനിമയുടെ കണ്‍സെപ്ടില്‍ തന്നെ പാളിച്ച സംഭവിച്ചതാണ് സിനിമയുടെ പൂര്‍ണമായ പരാജയത്തിന് വഴിവച്ചിരിക്കുന്നത്.
അടുത്ത പേജില്‍ - മമ്മൂട്ടിക്കുപോലും രക്ഷപ്പെടുത്താനായില്ല!
മമ്മൂട്ടിയെ സംബന്ധിച്ച് കരിയറില്‍ ഒരു ഗുണവും ചെയ്യാത്ത ചിത്രമാണ് ശിക്കാരി. ഈ സിനിമയില്‍ അഭിനയിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും തെറ്റായ തീരുമാനമായിരുന്നു എന്ന് പറയേണ്ടിവരും. ഗൌരവതരമായ സീനുകളില്‍ മമ്മൂട്ടി മികച്ച അഭിനയം കാഴ്ചവച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് പോലും പ്രേക്ഷകരെ ആകര്‍ഷിക്കാനാവുന്നില്ല.
ഈ കഥയില്‍ ഒഴിവാക്കാമായിരുന്ന രംഗങ്ങളുടെ കണക്കെടുത്താല്‍ പടത്തിന്റെ ദൈര്‍ഘ്യം വളരെ ചുരുങ്ങിപ്പോകും. ‘പുലി എപ്പിസോഡ്’ ഒക്കെ വളരെ ബോറായിരുന്നു. പിന്നെ സിനിമയുടെ നീളം കൂട്ടാന്‍ വേണ്ടിയെന്നോണം ഇടയ്ക്കിടെ പാട്ടുകള്‍. അവയൊക്കെ കേള്‍ക്കാന്‍ കുഴപ്പമില്ല എന്നല്ലാതെ ചിത്രീകരണം വളരെ മോശം.
ചിത്രത്തിലെ സംഭാഷണങ്ങളൊക്കെ കേട്ടുനോക്കണം. സഹിക്കാന്‍ പറ്റില്ല. കവിത തുളുമ്പുന്ന സംഭാഷണങ്ങളൊക്കെയുണ്ട്. സിനിമയുടെ ജീവന് തിരക്കഥയാണെന്നും സംഭാഷണങ്ങളാണ് അതിന്റെ ശക്തിയെന്നും മനസിലാക്കാതെയുള്ള സൃഷ്ടിയായിപ്പോയി ശിക്കാരി.
അടുത്ത പേജില്‍ - ജോസഫ് അലക്സിനായുള്ള കാത്തിരിപ്പ്
പൂനം ബജ്വയുടെ അഭിനയത്തെക്കുറിച്ച് മോശമെന്ന് പറയാനാവില്ല. അവര്‍ക്ക് നല്കിയ വേഷം അവര്‍ വലിയ കുഴപ്പമില്ലാതെ അവതരിപ്പിച്ചു. ടിനി ടോമും സുരേഷ് കൃഷ്ണയും നന്നായി. ഇന്നസെന്റിന്റെ പ്രകടനത്തെക്കുറിച്ച് പ്രത്യേകമായി പറയാന്‍ ഒന്നുമില്ല.
രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനും ഏറെ പ്രാധാന്യമുണ്ടാവേണ്ടതാണ്. പക്ഷേ സാങ്കേതികമായി വളരെ ദുര്‍ബലമാണ് ശിക്കാരി. ഒരു പിരീഡ് സിനിമ നല്കുന്ന കാഴ്ചാസുഖം ഈ സിനിമ നല്‍കില്ല.
മമ്മൂട്ടിയുടെ പ്രേക്ഷകര്‍ ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നേകാല്‍ വര്‍ഷത്തോളമായി. ‘ശിക്കാരി’യും നിരാശപ്പെടുത്തിയതോടെ ഇനി കിംഗ് ആന്റ് കമ്മീഷണര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. ആ സിനിമ എത്തുന്നത് 23നാണ് എന്നു തോന്നുന്നു. ഒരു നല്ല സിനിമയാകട്ടെ എന്ന് ആശംസിക്കാം.