വര്‍ഷം. മനോഹരവര്‍ഷം എന്നേ പറയാനുള്ളൂ. സമീപകാലത്തുകണ്ട ഏറ്റവും ഹൃദയസ്പര്‍ശിയായ സിനിമ. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പ്രേക്ഷകര്‍ക്ക് നവംബറിന്‍റെ ലാഭമാകുകയാണ്. നിത്യജീവിതത്തില്‍ നമ്മള്‍ കാണുന്ന പച്ചമനുഷ്യര്‍ സ്ക്രീനിലേക്ക് ജീവിതം മാറ്റുന്നതിന്‍റെ കാഴ്ച പകര്‍ന്നുതന്നതിന് രഞ്ജിത് ശങ്കറിന് നന്ദിപറയാം.
'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന സിനിമയില്‍ ഒരു ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ ഒരു സാധാരണക്കാരന്‍ അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയുടെ നേര്‍ക്കാണ് രഞ്ജിത് ശങ്കര്‍ ക്യാമറ വച്ചത്. അതേ പ്ലാറ്റ്ഫോമില്‍ നിന്നുതന്നെയുള്ള ഒരു തുടര്‍ച്ചയെന്ന് വര്‍ഷത്തെ വിശേഷിപ്പിക്കാം. വേണു(മമ്മൂട്ടി) എന്ന മനുഷ്യന്‍ കടന്നുപോകുന്ന ജീവിതാവസ്ഥകളിലൂടെയാണ് വര്‍ഷം പെയ്തിറങ്ങുന്നത്.
വേണുവിന്‍റെയും ഭാര്യ നന്ദിനി(ആശാ ശരത്)യുടെയും മകന്‍ ആനന്ദിന്‍റെയും (പ്രജ്വല്‍ പ്രസാദ്) കഥയാണ് വര്‍ഷം. നീണ്ട പ്രവാസിജീവിതത്തിന് ശേഷം കേരളത്തിലെത്തുന്ന വേണു ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന് അയാള്‍ ഒരു ധനകാര്യസ്ഥാപനം ആരംഭിക്കുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥമായ സമീപനത്തോടെ അയാള്‍ ആ ബിസിനസില്‍ മുന്നേറുന്നു. അതോടെ അയാളുടെ ജീവിതത്തിന് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരികയാണ്.
ഈ സിനിമ കണ്ടുകഴിയുമ്പോള്‍ മനസിലാകും. എത്ര കൊടും പരാജയങ്ങള്‍ സംഭവിച്ചാലും മമ്മൂട്ടി എന്ന നടനെ എന്തുകൊണ്ടാണ് മലയാളത്തിലെ പ്രേക്ഷകര്‍ ഇത്രയേറെ സ്നേഹിക്കുന്നത് എന്ന്. 'മുന്നറിയിപ്പ്' എന്നത് ഒരു ടെസ്റ്റ് ഡോസ് മാത്രമാണെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. ഗംഭീരമായ കഥകള്‍ക്ക് മലയാളത്തില്‍ ഇനിയും സാധ്യതയുണ്ടെന്ന് 'വര്‍ഷ'ത്തിലൂടെ മമ്മൂട്ടിയും രഞ്ജിത് ശങ്കറും പറഞ്ഞുവയ്ക്കുന്നു.
മണവാളന്‍ പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രമായി ടി ജി രവി ജീവിക്കുന്നു. ഏറെക്കാലത്തിന് ശേഷമാണ് വില്ലന്‍ വേഷത്തില്‍ രവിയുടെ പകര്‍ന്നാട്ടം. നായകന് ലഭിക്കുന്ന പിന്തുണയും സ്നേഹവും ഒട്ടും ചോരാതെ വില്ലനും ലഭിക്കുന്ന കാഴ്ചയ്ക്കും വര്‍ഷം ഉദാഹരണമാണ്. ടി ജി രവി എന്ന വില്ലനെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.
മംമ്ത, സരയു, ഹരീഷ് പേരാടി, സുധീര്‍ കരമന, ഇര്‍ഷാദ്, സജിത മഠത്തില്‍ തുടങ്ങിയവരും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വയ്ക്കുന്നത്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും ബിജിബാലിന്‍റെ സംഗീതവും സിനിമയുടെ മാറ്റ് കൂട്ടുന്നു. ഈ സിനിമയ്ക്ക് പിന്നാലെ നല്ല സിനിമയുടെ വര്‍ഷം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.