മാന്നാര്‍ മത്തായി വീണ്ടും തകര്‍ത്തു, അടിപൊളി പടം!

വെള്ളി, 24 ജനുവരി 2014 (18:40 IST)
PRO
മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 കാണാന്‍ പോയത് ചില മുന്‍‌ധാരണകളോടെയാണ്. ‘ഈ സിനിമ ഒരു ശരാശി ചിത്രമായിരിക്കും. മാന്നാര്‍ മത്തായിയുടെ ആദ്യ ഭാഗങ്ങളുടെ അത്രയും വരില്ല. ഒരു തട്ടിക്കൂട്ട് പ്രൊജക്ട് ആകാന്‍ സാധ്യതയുണ്ട്’ - ഇതൊക്കെയായിരുന്നു മുന്‍‌ധാരണങ്ങള്‍. എന്നാല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 ഈ ധാരണകളെയെല്ലാം പൊളിച്ചടുക്കി എന്നുപറയാം. ബ്രില്യന്‍റ് സ്ക്രിപ്റ്റിംഗും മികച്ച സംവിധാനവുമായപ്പോള്‍ സിദ്ദിക്ക്-ലാല്‍ സിനിമകള്‍ പോലെ ഗംഭീര വിരുന്നായി ഇതും. കുഡോസ് മമാസ്!

‘മാന്നാര്‍ മത്തായി സ്പീക്കിംഗി’ലെ ഒട്ടുമിക്ക താരങ്ങളും ഈ രണ്ടാം ഭാഗത്തുമുണ്ട്. കൊച്ചിന്‍ ഹനീഫ, മച്ചാന്‍ വര്‍ഗീസ്, സുകുമാരി എന്നിവരെ സ്മരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. നാടകമൊക്കെ അവസാനിപ്പിച്ച് ഉര്‍വശി തിയേറ്റേഴ്സ് ഇപ്പോള്‍ ഉര്‍വശി ട്രാവല്‍‌സ് ആണ്. മത്തായിച്ചേട്ടനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും തന്നെയാണ് അതിന്‍റെ സാരഥികള്‍.

മത്തായിച്ചേട്ടന് ഇപ്പോഴും നാടകഭ്രമമുണ്ട്. അതുകൊണ്ടാണല്ലോ ട്രാവല്‍‌സിലേക്ക് പുതിയ ഡ്രൈവറെ വിളിച്ച കൂട്ടത്തില്‍ ഒരു നടിയെ കൂടി ആവശ്യമുണ്ട് എന്ന് പരസ്യം കൊടുത്തത്. നടി(അപര്‍ണ ഗോപിനാഥ്) എത്തുകയും ചെയ്തു. അതോടെ അവരുടെ ജീവിതം മാറിമറിയുകയാണ്.

അടുത്ത പേജില്‍ - മുകളില്‍ നിന്ന് വീണിട്ട് ഇതുവരെ താഴെയെത്തിയിട്ടില്ലാത്ത അയാള്‍!

PRO
ഉര്‍വശി തിയേറ്റേഴ്സിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന മൂവര്‍ സംഘം അതിനായി ഒരു നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവരെ കുഴപ്പത്തില്‍ നിന്ന് കുഴപ്പത്തില്‍ ചാടിക്കാനായി ചില അപ്രതീക്ഷിത കഥാപാത്രങ്ങള്‍ എത്തുന്നത് അപ്പോഴാണ്.

ഒന്ന്, സാക്ഷാല്‍ റാം‌ജിറാവു! രണ്ട്, കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണിട്ട് ഇതുവരെ താഴെയെത്തിയിട്ടില്ലാത്ത മഹേന്ദ്രവര്‍മ!

റാംജിറാവു ഇപ്പോള്‍ പഴയ ആള്‍ അല്ല. വില്ലത്തരമൊക്കെ നിര്‍ത്തി ഒരു സുവിശേഷകനാണ്. അയാളും നായികയും തമ്മിലുള്ള ബന്ധം സസ്പെന്‍സാണ്.

മഹേന്ദ്രവര്‍മയും ഇപ്പോള്‍ പഴയ ആള്‍ അല്ല. അയാള്‍ക്ക് നല്ലൊന്നാന്തരം വട്ടാണ്. ബീഡിയാണ് പുള്ളിയുടെ വീക്നെസ്. രണ്ടുവില്ലന്‍‌മാരും ഇങ്ങനെ പാവങ്ങളായിപ്പോയോ എന്ന് സംശയമുദിക്കുകയാണെങ്കില്‍ കൊടിയ വില്ലന്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ!

അടുത്ത പേജില്‍ - യഥാര്‍ത്ഥ വില്ലന്‍...?

PRO
ഹരീന്ദ്രവര്‍മ! മഹേന്ദ്രവര്‍മയുടെ സഹോദരന്‍! അതും ബിജുമേനോന്‍ തന്നെയാണ്. മഹേന്ദ്രവര്‍മയുടെ കൈവശമുണ്ടായിരുന്ന ഒരു രത്നം അന്വേഷിച്ചാണ് ഹരീന്ദ്രവര്‍മ്മ എത്തിയിരിക്കുന്നത്. നൂറുകണക്കിന് കോടികള്‍ വിലമതിക്കുന്ന രത്നം. അത് ഇപ്പോള്‍ മത്തായിച്ചേട്ടന്‍റെയും ബാലകൃഷ്ണന്‍റെയും ഗോപാലകൃഷ്ണന്‍റെയും കൈവശമുണ്ടെന്നാണ് അയാളുടെ വിശ്വാസം.

ഇനിയെന്താകും? ആ രത്നം ഹരീന്ദ്രവര്‍മയ്ക്ക് ലഭിക്കുമോ? നാടകത്തിലെ നായിക യഥാര്‍ത്ഥത്തില്‍ ആരാണ്? മത്തായിച്ചേട്ടന് തന്‍റെ നാടകം അരങ്ങിലെത്തിക്കാനാവുമോ? ഇതൊക്കെ തിയേറ്ററില്‍ നേരിട്ട് കണ്ടറിയേണ്ട കാര്യങ്ങള്‍.

ഇന്നസെന്‍റും മുകേഷും സായികുമാറും തങ്ങളുടെ മാസ്റ്റര്‍പീസ് കഥാപാത്രങ്ങളെ വീണ്ടും ഒന്നാന്തരമായി അവതരിപ്പിച്ചു. എനര്‍ജി ലെവല്‍ ഒട്ടും താഴാതെ മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും മിന്നിത്തിളങ്ങി.

അടുത്ത പേജില്‍ - ബിജു മേനോനാണ് താരം!

PRO
മഹേന്ദ്രവര്‍മയെയും ഹരീന്ദ്രവര്‍മയെയും അവതരിപ്പിച്ച ബിജു മേനോനാണ് ചിത്രത്തില്‍ ഏറ്റവും കൈയടി കിട്ടിയ താരം. ക്ലൈമാക്സിലും സ്കോര്‍ ചെയ്യുന്നത് ബിജു മേനോന്‍ തന്നെ. നായികയ്ക്ക് വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല.

ഇഴയടുപ്പമുള്ള തിരക്കഥയാണ് മാന്നാര്‍ മത്തായി സ്പീക്കിംഗ് 2നെ ഒരു മികച്ച കോമഡി എന്‍റര്‍ടെയ്നറാക്കി മാറ്റുന്നത്. പഴയഭാഗങ്ങളുടെ കോമഡിയുടെ ആവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും അവയിലെല്ലാം പുതുമ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് മമാസിന്‍റെ വിജയം.

അടുത്ത പേജില്‍ - ഗര്‍വാസീസ് ആശാന്‍റെ ഇടപെടലുകള്‍!

PRO
ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രേക്ഷകരെ ചിരിപ്പിക്കും. ഗര്‍വാസീസ് ആശാന്‍റെ ഇടപെടലുകളാണ് പല അപകട ഘട്ടങ്ങളില്‍ നിന്നും മത്തായിച്ചേട്ടനെയും കൂട്ടരെയും രക്ഷിക്കുന്നത്.

തട്ടിക്കൊണ്ടുപോകലും ആള്‍മാറാട്ടവും മണ്ടത്തരങ്ങളുമൊക്കെയാണെങ്കിലും പഴയ മാന്നാര്‍ മത്തായിയുടെ ടെമ്പോ നിലനിര്‍ത്താന്‍ ഈ രണ്ടാം ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. പല വമ്പന്‍ സംവിധായകര്‍ക്കും രണ്ടാം ഭാഗങ്ങള്‍ പേരുദോഷമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. മമാസ് അതിനിടയാക്കിയില്ല എന്ന് ആശ്വസിക്കാം. ഒപ്പം, ഒരു ഗംഭീര എന്‍റ്ടെയ്നര്‍ നല്‍കിയതിന് നന്ദി പറയുകയും ചെയ്യാം.

വെബ്ദുനിയ വായിക്കുക