മാടമ്പി പണ്ടത്തെ പ്രഭു തന്നെ!

PROPRO
മോഹന്‍‌ലാല്‍ എന്ന നടന് എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് തെളിയിക്കാന്‍ മാടമ്പി എന്ന ചിത്രം പ്രയോജനപ്പെട്ടേക്കാം. കാലങ്ങളായി കുന്നും മലയും കയറിയിറങ്ങി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട കഥകള്‍ വീണ്ടും നമ്മുടെ മുന്നില്‍ വലിയ മാറ്റമൊന്നുമില്ലാതെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

തമിഴില്‍ രജനീകാന്ത് അവതരിപ്പിക്കുന്ന നാടന്‍ മണമുള്ള കഥാപാത്രങ്ങള്‍ എത്രവേണമെങ്കിലും സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് വിസമ്മതമില്ല. ബാലേട്ടനില്‍ നിന്ന് വലിയ മാറ്റത്തിനൊന്നും വിധേയനാക്കാതെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ലാലിനെ മാടമ്പിയിലേക്ക് മാറ്റിയിരിക്കുന്നു. ഇവിടെ, ലാല്‍ എന്ന നടന്‍റെ വ്യക്തി പ്രഭാവം സാമ്പത്തിക നേട്ടമാക്കാനാണ് നിര്‍മ്മാതാക്കളും സംവിധായകരും ശ്രമിച്ചതെന്ന് പ്രേക്ഷകര്‍ ചിന്തിച്ചാല്‍ തെറ്റു പറയേണ്ടതുണ്ടോ?

പത്തനംതിട്ട ജില്ലയിലെ ഇളവട്ടം ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് മാടമ്പിയുടെ കഥ പുരോഗമിക്കുന്നത്. ഗോപാലകൃഷ്ണപിള്ളയ്ക്ക് ഒറ്റ ചിന്തമാത്രമേ ഉള്ളൂ, പണം ഉണ്ടാക്കുക. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്-അച്ഛന്‍റെ പതനം. സ്വത്തെല്ലാം അമ്പലത്തിനും ഉത്സവത്തിനുമായി നീക്കിവച്ച അച്ഛന്‍ (സായ്‌കുമാര്‍) പാപ്പരായി. കൂടുതല്‍ സ്വത്തും പിതാവിന്‍റെ സുഹൃത്ത് കുറുപ്പ് (ശ്രീരാമന്‍) തട്ടിയെടുക്കുകയായിരുന്നു.
WDWD


ചെറുപ്പത്തില്‍ തന്നെ വീടിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്ന ഗോപാലകൃഷ്ണപിള്ളയുടെ മനസ്സ് ഒരു കരിങ്കല്ലായി മാറുകയായിരുന്നു. പാരലല്‍ കോളജിലെ നല്ലൊരു മലയാള അധ്യാപകനായ പിള്ളയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന പരിപാടിയുമുണ്ട്. ആര്‍ക്കും കടം നല്‍കും. പണം സമയത്ത് തിരികെ മേടിക്കാന്‍ ഗോപാലകൃഷ്ണപിള്ളയ്ക്ക് നന്നായി അറിയുകയും ചെയ്യാം.

PROPRO
ദേവകി അമ്മയാണ് (കെ പി എ സി ലളിത) പിള്ളയുടെ മാതാവ്. ഇവര്‍ ഭര്‍ത്താവിന്‍റെ വിയോഗത്തെ തുടര്‍ന്ന് എപ്പോഴും മകനെ ചീത്ത പറയുന്നത് ശീലമാക്കിയിരിക്കുന്നു. പിള്ള അല്‍പ്പമെങ്കിലും തോറ്റുകൊടുക്കുന്നത് സ്വന്തം അനുജന്‍ രാമകൃഷ്ണ പിള്ളയുടെ (അജ്മല്‍ അമീര്‍) മുന്നിലാണ്.

ഇതുവരെ ഒരുകേസും ജയിക്കാത്ത വക്കീല്‍ മോഹന്‍ കുമാര്‍ (ജഗതി), കരയോഗം പ്രസിഡന്‍റ് (ഇന്നസെന്‍റ്) എന്നിവരും ട്യൂട്ടോറിയലില്‍ പെണ്‍‌കുട്ടികള്‍ക്ക് ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കുന്ന ആളും (സുരാജ് വെഞ്ഞാറമ്മൂട്) മാത്രമാണ് പിള്ളയുടെ കൂട്ടുകാര്‍.

അങ്ങനെയിരിക്കെ, ഗ്രാമത്തിലേക്ക് പുതിയൊരു ബാങ്കുമായി ജയലക്ഷ്മി (കാവ്യ മാധവന്‍) എത്തുന്നു. ഇവരുടെ ഗ്രാന്‍ഡ് ബാങ്ക് ഗോപാലകൃഷ്ണപിള്ളയുടെ കഴുത്തറപ്പന്‍ നിരക്കിനെക്കാള്‍ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുന്നു. ഇവിടെ പിള്ളയും ജയലക്ഷ്മിയും തമ്മില്‍ മത്സരത്തിന് വഴി തുറക്കുന്നു. എന്നാല്‍, ഈ അവസരം മുതലാക്കാനായി കുറുപ്പിന്‍റെ മൂന്നു മക്കളും (സിദ്ധിഖ്, വിജയകുമാര്‍, കിരണ്‍ രാജ്) രംഗത്ത് എത്തി.
WDWD


ഇതേസമയത്തുതന്നെ കുറുപ്പിന്‍റെ മകളും (മല്ലിക കപൂര്‍) പിള്ളയുടെ അനുജനും പ്രണയത്തിലാവുന്നു. ആദ്യം എതിര്‍ത്തു എങ്കിലും അനുജനോടുള്ള സ്നേഹം മൂലം വിവാ‍ഹം നടത്തിക്കൊടുക്കാന്‍ പിള്ള നിര്‍ബന്ധിതനാവുന്നു. ഈ അവസരങ്ങള്‍ മുതലാക്കി, അനുജനെ മുന്‍‌നിര്‍ത്തി കുറുപ്പിന്‍റെ മക്കള്‍ പിള്ളയ്ക്കെതിരെ ആഞ്ഞടിക്കുന്നു. എന്നാല്‍, പിള്ള എല്ലാ തിരിച്ചടികളെയും അതിജീവിക്കുന്നു.

WDPRO
അല്‍പ്പം പോലും സസ്പെന്‍സിനോ ചിന്തയ്ക്കോ ഇടയില്ലാത്ത ചിത്രമാണെങ്കിലും മോഹന്‍‌ലാല്‍ എന്ന നടന്‍റെ അഭിനയ പാടവം ഇതിലുടനീളമുണ്ട്. പലിശക്കാരനായുള്ള ലാലും ലാലിന്‍റെ ‘താക്കോല്‍ പൂട്ടും’ എല്ലാം ഈ നടന്‍റെ അനായാസത വ്യക്തമാക്കുന്നു. കാവ്യാമാധവനും തന്‍റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു. ചിത്രത്തിന്‍റെ ആദ്യ പകുതി തമാശയില്‍ ചാലിച്ചതാണെങ്കില്‍ രണ്ടാം പകുതിയില്‍ ബന്ധങ്ങളുടെ വിങ്ങലുകള്‍ വരച്ചുകാട്ടാനുള്ള ശ്രമം നടത്തിയിരിക്കുന്നു.

മല്ലിക കപൂറിനെ ഭാഷാ പ്രശ്നം പലപ്പോഴും ഗുരുതരമായി ബാധിച്ചു എന്ന് ചുണ്ടനക്കത്തില്‍ നിന്ന് മനസ്സിലാക്കാം. ഇത്തരം വേഷങ്ങള്‍ അനേകം തവണ ചെയ്തിട്ടുണ്ട് എങ്കിലും സിദ്ധിഖും കെ പി എ സി ലളിതയും പ്രേക്ഷകരെ നിരാശരാക്കുന്നില്ല. മാടമ്പിയിലെ ഗാനങ്ങളും ഗാന രംഗങ്ങളും മനോഹരം തന്നെയാണ്. യേശുദാസ് ആലപിച്ച ‘അമ്മ മഴക്കാറിനു..’ എന്ന ഗാനരംഗം കണ്ണിനെ ഈറനണിയിക്കുന്ന രീതിയില്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

പുതുമകള്‍ എടുത്തു പറയാനില്ല എങ്കിലും നല്ലൊരു കുടുംബ ചിത്രമെന്ന് മാടമ്പിയെ വിശേഷിപ്പിക്കാം. ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് കുറ്റം പറയാനാവാത്ത ഒരു ചിത്രം!