പ്രേക്ഷകരുടെ ‘സുഹൃത്ത്’

വെള്ളി, 20 മാര്‍ച്ച് 2009 (19:10 IST)
PROPRO
മലയാളത്തിന്‍റെ സംസ്കാരത്തെ ചേര്‍ത്തുപിടിക്കുന്ന ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വേണു നാഗവള്ളി. വിഷയ വൈവിധ്യത്തിലും അദ്ദേഹം പുലര്‍ത്തുന്ന കൃത്യത അഭിനന്ദനീയമാണ്. സുഖമോ ദേവിയില്‍ കാമ്പസ് പ്രണയമായിരുന്നു ആത്മാവെങ്കില്‍ ലാല്‍‌സലാമില്‍ കമ്യൂണിസത്തിന്‍റെ ചോരയില്‍ മുങ്ങിയ ചരിത്രമാണ് നാഗവള്ളി പറഞ്ഞത്. കളിപ്പാട്ടത്തില്‍ ലാഭം ഇച്ഛിക്കാത്ത സ്നേഹം വിഷയമായി. ഏയ് ഓട്ടോയില്‍ ഒരു സാധാരണക്കാരന്‍റെ വലിയ മോഹങ്ങളും നൊമ്പരങ്ങളുമായിരുന്നു പ്രമേയം. ഈ സിനിമകളുടെയെല്ലാം അടിത്തട്ടില്‍ ഒരു നീര്‍ച്ചാലു പോലെ ഒരിക്കലും അസ്തമിക്കാത്ത സ്നേഹം ഒഴുകിപ്പരന്നിരുന്നു.

പുതിയ ചിത്രമായ ‘ഭാര്യ സ്വന്തം സുഹൃത്ത്’ സംസാരിക്കുന്നതും സ്നേഹത്തിന്‍റെ പുതിയ ഭാഷയാണ്. വേണു നാഗവള്ളിയുടെ സംവിധാനമികവില്‍ സൃഷ്ടിക്കപ്പെട്ട കുറ്റമറ്റ ഒരു കൊച്ചു സിനിമയാണിത്. ഉര്‍വശി, ജഗതി ശ്രീകുമാര്‍, മുകേഷ്, പത്മപ്രിയ എന്നിവരാണ് പ്രധാന താരങ്ങള്‍. ഇവരുടെ ഏറ്റവും മികച്ച അഭിനയപ്രകടനത്താല്‍ അനുഗ്രഹിക്കപ്പെട്ട സിനിമയെന്നും ഇതിനെ വിശേഷിപ്പിക്കാം.

കുടുംബബന്ധങ്ങളിലെ ഇഴയടുപ്പത്തിന്‍റെ കഥയാണിത്. അണുകുടുംബങ്ങളിലെ അമിതവൈകാരികതയും താളപ്പിഴകളും പുതിയകാലത്തിന്‍റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ്. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പണമിടപാടുകാരന്‍ കറിയാച്ചനാണ് ചിത്രത്തിലെ നായകന്‍. കറിയാച്ചന്‍റെ ഭാര്യ മോളി(ഉര്‍വശി). ഗിരിജാ വല്ലഭ മേനോന്‍റെ ‍(മുകേഷ്) പ്രലോഭനങ്ങളില്‍ അകപ്പെട്ട് വഴിതെറ്റിപ്പോകുന്ന കറിയാച്ചനെ, ഭാര്യ മോളി സമര്‍ത്ഥമായി കുടുംബജീവിതത്തിന്‍റെ നന്‍‌മ മനസിലാക്കിക്കൊടുക്കുകയാണ്. ഗിരിജാവല്ലഭ മേനോന്‍റെ പാവപ്പെട്ട ഭാര്യയായി പത്മപ്രിയയും അഭിനയിക്കുന്നു.

ജഗതിയുടെയും ഉര്‍വശിയുടെയും മിന്നുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഏറെ നാളുകള്‍ക്ക് ശേഷം അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജഗതിക്ക് ലഭിച്ചിരിക്കുകയാണ്. അച്ചുവിന്‍റെ അമ്മയ്ക്ക് ശേഷം ഉര്‍വശിയിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ കഥാപാത്രമായി മോളി. പതിവായി കാണുന്ന അഴകിയരാവണന്‍ കഥാപാത്രമാണെങ്കിലും ഗിരിജാവല്ലഭ മേനോനായി മുകേഷും തിളങ്ങിയിട്ടുണ്ട്.

ചെറിയാന്‍ കല്‍പ്പകവാടിയാണ് ഭാര്യ സ്വന്തം സുഹൃത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ ലക്‍ഷ്യമിട്ടുള്ള കെട്ടുറപ്പുള്ള തിരക്കഥയിലൂടെ ചെറിയാച്ചന്‍ വീണ്ടും സാന്നിധ്യമറിയിച്ചിരിക്കുകയാണ്. മനോഹരവും ദീര്‍ഘവീക്ഷണമുള്ളതുമായ സംഭാഷണങ്ങള്‍ ചിത്രത്തിന് സൌന്ദര്യമേറ്റുന്നു. ‘തീര്‍ത്തും അപരിചിതനായ ഒരു മനുഷ്യനെ വിവാഹം കഴിക്കുകയും ആ നിമിഷം മുതല്‍ സ്നേഹിച്ചു തുടങ്ങുകയും ചെയ്യുന്നു’ എന്നതു പോലെ ഉള്ളില്‍ തറയ്ക്കുന്ന സംഭാഷണങ്ങളാണ് ഈ സിനിമയ്ക്ക് മുന്നില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

ഒ എന്‍ വി കുറുപ്പിന്‍റെ രചനയില്‍ അലക്സ് പോള്‍ ഈണമിട്ട ഗാനങ്ങള്‍ മനോഹരം. ഒരു കുടുംബചിത്രത്തിന്‍റെ ഹൃദ്യതയുള്‍ക്കൊണ്ട ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ പി നമ്പ്യാതിരിയാണ്. വെറുതെ ഒരു ഭാര്യയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് കുടുംബസമേതം കാണാവുന്ന ഒരു മികച്ച ചിത്രമാണ് ഭാര്യ സ്വന്തം സുഹൃത്തെന്ന് നിസംശയം പറയാം.

വെബ്ദുനിയ വായിക്കുക